ഹൈ ഷുഗറോ ലോ ഷുഗറോ? നിസ്സാരമായി കാണരുത് ഈ രണ്ട് അവസ്ഥകളും

low blood sugar

രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നതും താഴുന്നതും ഒരുപോലെ ശ്രദ്ധിക്കേണ്ട ആരോഗ്യപ്രശ്നങ്ങളാണ്. എന്നാൽ ഇവയിൽ ഏതാണ് കൂടുതൽ അപകടകരം എന്ന കാര്യത്തിൽ പലർക്കും വ്യക്തതയില്ല. ഷുഗർ കൂടുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ശരീരത്തിലെ വിവിധ അവയവങ്ങളെ ബാധിക്കുമ്പോൾ, ഷുഗർ പെട്ടെന്ന് കുറയുന്നത് നിമിഷങ്ങൾക്കുള്ളിൽ തന്നെ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാം. രണ്ട് അവസ്ഥകളും ശരീരത്തെ ബാധിക്കുന്ന രീതി വ്യത്യസ്തമാണ്. ഇവയുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ്? എപ്പോഴാണ് കൂടുതൽ ജാഗ്രത വേണ്ടത്? വിശദമായി അറിയാം.

രക്തത്തിലെ പഞ്ചസാര പെട്ടെന്ന് കുറയുകയോ ക്രമാതീതമായി ഉയരുകയോ ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നതെന്നും എപ്പോഴാണ് അടിയന്തര വൈദ്യസഹായം തേടേണ്ടതെന്നും മനസിലാക്കാൻ സാന്ദ്ര ഹെൽത്ത്‌കെയറിലെ ഡയബറ്റിസ് ആൻഡ് ഒബേസിറ്റി സ്പെഷ്യലിസ്റ്റ് ഡോ.രാജീവ് കോവിലുമായി ഞങ്ങൾ സംസാരിച്ചു.

കുറഞ്ഞ രക്തസമ്മർദ്ദം (ഹൈപ്പോഗ്ലൈസീമിയ) മിനിറ്റുകൾക്കുള്ളിൽ അപകടകരമായേക്കാം

"രണ്ടും അപകടകരമാണെങ്കിലും, കുറഞ്ഞ ഷുഗറാണ് (ഹൈപ്പോഗ്ലൈസീമിയ) കൂടുതൽ ഉടനടിയുള്ള ഭീഷണി ഉയർത്തുന്നത്," ഡോ.കോവിൽ പറയുന്നു. മസ്തിഷ്കം അതിന്റെ പ്രവർത്തനങ്ങൾക്ക് പ്രധാനമായും രക്തത്തിലൂടെ ഓടുന്ന ഗ്ലൂക്കോസിനെയാണ് ആശ്രയിക്കുന്നത്. ഗ്ലൂക്കോസിന്റെ അളവ് കുറയുമ്പോൾ, വിശപ്പ്, അമിതമായ വേർപ്പ്, വിറയൽ, നെഞ്ചിടിപ്പ് തുടങ്ങിയ ലക്ഷണങ്ങളിലൂടെ ശരീരം പ്രതികരിക്കുന്നു. എന്നാൽ ഇത് വീണ്ടും കുറഞ്ഞാൽ, മസ്തിഷ്കത്തിന് സാധാരണ നിലയിൽ പ്രവർത്തിക്കാൻ ആവശ്യമായ ഗ്ലൂക്കോസ് ലഭിക്കാതെ വരുന്നു.

"ഹൈപ്പോഗ്ലൈസീമിയ മിനിറ്റുകൾക്കുള്ളിൽ ഗുരുതരമായ അവസ്ഥയിലേക്ക് മാറിയേക്കാം," ഡോ.കോവിൽ മുന്നറിയിപ്പ് നൽകി. തുടക്കത്തിലെ ലക്ഷണങ്ങളിൽ നിന്ന് ആശയക്കുഴപ്പം, വിചിത്രമായ പെരുമാറ്റം, ശരീരത്തിന്റെ നിയന്ത്രണം നഷ്ടപ്പെടൽ, അപസ്മാരം അല്ലെങ്കിൽ ബോധക്ഷയം എന്നിവയിലേക്ക് രോഗി പെട്ടെന്ന് എത്തിയേക്കാം. ഗുരുതരമായ ഹൈപ്പോഗ്ലൈസീമിയ വീഴ്ചകൾക്കും അപകടങ്ങൾക്കും മറ്റ് സങ്കീർണതകൾക്കും കാരണമാകാം.

അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ അനുസരിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് 70 mg/dL-ൽ താഴെയാകുന്നത് ഹൈപ്പോഗ്ലൈസീമിയ ആയി കണക്കാക്കുന്നു, അതേസമയം 54 mg/dL-ൽ താഴെയാകുന്നത് ലെവൽ 2 ഹൈപ്പോഗ്ലൈസീമിയ ആണ്, ഇതിന് ഉടനടി പ്രതിവിധി വേണം. എന്നാൽ ലെവൽ 3 അല്ലെങ്കിൽ അത്യന്തം ഗുരുതരമായ ഹൈപ്പോഗ്ലൈസീമിയ എന്നത് നിർദിഷ്ട നമ്പറിനേക്കാൾ വ്യക്തിയുടെ അവസ്ഥയെ അടിസ്ഥാനമാക്കിയാണ് നിർണയിക്കുന്നത്: മാനസികമായോ ശാരീരികമായോ രോഗിക്ക് കാര്യമായ തടസങ്ങൾ നേരിടുകയും മറ്റൊരാളുടെ സഹായം ആവശ്യമായി വരികയും ചെയ്താൽ ഷുഗർ ലെവൽ എത്രയാണെങ്കിലും അതൊരു അടിയന്തര സാഹചര്യമാണ്.

ഉയർന്ന രക്തസമ്മർദം (ഹൈപ്പർഗ്ലൈസീമിയ) ദീർഘകാല കേടുപാടുകൾ വരുത്താം

ഉയർന്ന ഷുഗർ സാധാരണയായി പതുക്കെയാണ് വികസിക്കുന്നത്. കാലക്രമേണ രക്തത്തിൽ ഗ്ലൂക്കോസ് ഉയർന്ന നിലയിൽ തുടരുമ്പോൾ, അത് വൃക്കകൾ, റെറ്റിന (കണ്ണ്), നാഡികൾ, ഹൃദയം, രക്തക്കുഴലുകൾ എന്നിവയെ തകരാറിലാക്കുന്നു.

"ഹൈപ്പർഗ്ലൈസീമിയ സാധാരണയായി ദീർഘകാലയളവിലാണ് കേടുപാടുകൾ വരുത്തുന്നത്. വൃക്കകൾ, കണ്ണ്, നാഡികൾ, ഹൃദയം, രക്തക്കുഴലുകൾ എന്നിവയെ ഇത് ബാധിക്കുന്നു. എന്നാൽ ഇത് ഡയബറ്റിക് കീറ്റോഅസിഡോസിസ് അല്ലെങ്കിൽ ഹൈപ്പർഓസ്മോളാർ ഹൈപ്പർഗ്ലൈസമിക് സ്റ്റേറ്റ് ആയി മാറുമ്പോൾ വേഗത്തിൽ ജീവന് ഭീഷണിയായേക്കാം," ഡോ.കോവിൽ പറഞ്ഞു.

ഡികെഎ മണിക്കൂറുകൾക്കുള്ളിൽ വികസിക്കുമ്പോൾ, എച്ച്എച്ച്എസ് ദിവസങ്ങൾ കൊണ്ടാണ് വികസിക്കുന്നത്, ഇത് ശരീരത്തിൽ കടുത്ത നിർജലീകരണത്തിന് കാരണമാകും. ഉയർന്ന ഷുഗറിന്റെ അളവ് കാണിക്കുന്ന ഒരു പ്രത്യേക നമ്പർ കൊണ്ട് മാത്രം അതൊരു അടിയന്തര സാഹചര്യമാണോ എന്ന് പറയാനാവില്ല. എച്ച്എച്ച്എസ് സാധാരണയായി 600 mg/dL അല്ലെങ്കിൽ അതിൽ കൂടുതലോ ഷുഗർ ഉള്ളവരിൽ കാണപ്പെടുന്നു, എന്നാൽ ഡികെഎ കുറഞ്ഞ ഷുഗർ നിലയിലും അപൂർവമായി ഷുഗർ കാര്യമായി ഉയരാത്ത അവസ്ഥയിലും സംഭവിക്കാം.

"SGLT2 ഇൻഹിബിറ്ററുകൾ കഴിക്കുന്ന ആളുകളിൽ യൂഗ്ലൈസമിക് ഡികെഎ പോലും വികസിക്കാം, അതിനാൽ ഷുഗർ സാധാരണ നിലയിലോ ചെറിയ അളവിലോ മാത്രം ഉയർന്നതുകൊണ്ട് അതൊരു അടിയന്തര സാഹചര്യമല്ലെന്ന് കരുതരുത്," ഡോ.കോവിൽ വ്യക്തമാക്കി.

ഈ മുന്നറിയിപ്പ് സൂചനകൾ അവഗണിക്കരുത്

പഞ്ചസാരയുടെ അളവ് കുറയുമ്പോൾ വിയർപ്പ്, വിറയൽ, വിശപ്പ്, നെഞ്ചിടിപ്പ് എന്നിവയാണ് ആദ്യ ലക്ഷണങ്ങൾ. ആശയക്കുഴപ്പം, വിചിത്രമായ പെരുമാറ്റം, ആഹാരമോ വെള്ളമോ വിഴുങ്ങാനുള്ള പ്രയാസം, അപസ്മാരം, ബോധക്ഷയം എന്നിവ ഗുരുതരമായ അവസ്ഥയെ സൂചിപ്പിക്കുന്നു, ഇവയ്ക്ക് ഉടനടി അടിയന്തര സഹായം ആവശ്യമാണ്.

ഉയർന്ന ഷുഗർ ലെവൽ ഉള്ളപ്പോൾ തുടർച്ചയായ ഛർദി, വയറുവേദന, കടുത്ത ദാഹം, ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ, നിർജലീകരണം, വേഗത്തിലുള്ള ശ്വാസോച്ഛ്വാസം, ഉറക്കം/തളർച്ച, ആശയക്കുഴപ്പം അല്ലെങ്കിൽ ബോധക്ഷയം എന്നിവ അപകടസൂചനകളാണ്. പ്രമേഹമുള്ള ഒരാൾക്ക് സുഖമില്ലാതെ വരുമ്പോൾ ശരീരത്തിലെ കീറ്റോണുകളുടെ സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

"ഡികെഎ, എച്ച്എച്ച്എസ് എന്നിവ യഥാർത്ഥ വൈദ്യശാസ്ത്രപരമായ അടിയന്തര സാഹചര്യങ്ങളാണ്. വീട്ടിൽ വെച്ച് ഷുഗർ കുറയ്ക്കാനുള്ള മരുന്നുകൾ വീണ്ടും വീണ്ടും നൽകി മാത്രം ഇവ കൈകാര്യം ചെയ്യാൻ ശ്രമിക്കരുത്," ഡോ.കോവിൽ ഓർമ്മിപ്പിച്ചു.

ഷുഗർ പെട്ടെന്ന് കുറഞ്ഞാൽ എന്ത് ചെയ്യണം?

ബോധമുള്ള, ഭക്ഷണവും വെള്ളവും വിഴുങ്ങാൻ സാധിക്കുന്ന ഒരാളുടെ ഷുഗർ കുറഞ്ഞാൽ ഉടൻ തന്നെ വേഗത്തിൽ ദഹിക്കുന്ന ഗ്ലൂക്കോസോ കാർബോഹൈഡ്രേറ്റോ നൽകുക. 15 മിനിറ്റിനു ശേഷം വീണ്ടും രക്തത്തിലെ ഷുഗർ പരിശോധിക്കുക, ഇപ്പോഴും കുറവാണെങ്കിൽ ചികിത്സ ആവർത്തിക്കുക.

വ്യക്തി ബോധരഹിതനാണെങ്കിലോ, അപസ്മാരം ഉണ്ടാകുകയാണെങ്കിലോ, വിഴുങ്ങാൻ സാധിക്കാത്ത അവസ്ഥയിലാണെങ്കിലോ വായയിലൂടെ ഭക്ഷണവും വെള്ളവും നൽകരുത്. ലഭ്യമാണെങ്കിൽ ഗ്ലൂക്കോജൺ നൽകുകയും അടിയന്തര വൈദ്യസഹായം തേടുകയും ചെയ്യുക.

ഉയർന്ന ഷുഗർ ലെവൽ ഉള്ള വ്യക്തിക്ക് മറ്റ് അസ്വസ്ഥതകൾ ഒന്നുമില്ലെങ്കിൽ, ഡോക്ടർ നിർദേശിച്ച പ്ലാൻ പിന്തുടരുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും ചെയ്യുക. എന്നാൽ ഛർദി, നിർജലീകരണം, ശ്വാസതടസം, ആശയക്കുഴപ്പം അല്ലെങ്കിൽ ബോധക്ഷയം എന്നിവയുണ്ടെങ്കിൽ അടിയന്തരമായി ഡോക്ടറെ കാണിക്കണം.

ഷുഗർ നിരന്തരം കൂടുന്നതും കുറയുന്നതും ഒരുപോലെ ആശങ്കാജനകമാണ്

രക്തത്തിലെ ഷുഗർ ഇടയ്ക്കിടെ കുറയുന്നത് നിസാരമല്ല. ഇടയ്ക്കിടെ ഷുഗർ താഴുന്നത് ശരീരത്തിന്റെ മുന്നറിയിപ്പ് സൂചനകളെ മന്ദഗതിയിലാക്കും. അതായത്, അടുത്ത തവണ ഷുഗർ കുറയുമ്പോൾ രോഗിക്ക് ലക്ഷണങ്ങൾ അനുഭവപ്പെട്ടേക്കില്ല. പ്രായമായവരിൽ ഇത് വളരെ പ്രധാനമാണ്; വൃക്കരോഗങ്ങൾ, ഓർമ്മക്കുറവ്/ബൗദ്ധിക വൈകല്യം, വിശപ്പില്ലായ്മ, ഒന്നിലധികം മരുന്നുകളുടെ ഉപയോഗം എന്നിവ കാരണം അവർ കൂടുതൽ അപകടസാധ്യതയുള്ളവരാണ്.

അതുപോലെ, ഷുഗർ ഉയർന്ന നിലയിൽ തുടരുന്നത് ദീർഘകാല സങ്കീർണതകൾക്ക് കാരണമാകുകയും നിർജലീകരണം, ക്ഷീണം, അണുബാധകൾ, മുറിവുകൾ ഉണങ്ങാതിരിക്കൽ എന്നിവയ്ക്ക് വഴിവെക്കുകയും ചെയ്യുന്നു. "അതുകൊണ്ട് പ്രമേഹ ചികിത്സയുടെ ലക്ഷ്യം എച്ച്ബിഎ1സി കുറയ്ക്കുക എന്നത് മാത്രമല്ല, ഷുഗർ നില പെട്ടെന്ന് കൂടുകയോ കുറയുകയോ ചെയ്യാതെ കൃത്യമായി നിലനിർത്തുക എന്നതാണ്," ഡോ.കോവിൽ പറഞ്ഞു.

ചുരുക്കത്തിൽ, രക്തത്തിലെ പഞ്ചസാര കുറയുന്നത് ഉടനടിയുള്ള അടിയന്തര സാഹചര്യമാണെങ്കിലും, ഉയർന്ന ഷുഗറും ജീവന് ഭീഷണിയായേക്കാം. ഗ്ലൂക്കോസ് മീറ്ററിലെ സംഖ്യയെപ്പോലെ തന്നെ ലക്ഷണങ്ങളും അവ എത്ര വേഗത്തിൽ വികസിക്കുന്നുവെന്നതും രോഗിയുടെ പൊതുവായ ആരോഗ്യസ്ഥിതിയും പ്രധാനമാണ്.

Tags