മലപ്പുറത്ത് 10.280 ഗ്രാം ഹെറോയിനുമായി രണ്ട് ആസാം സ്വദേശികൾ പിടിയിൽ


മലപ്പുറം : പെരിന്തൽമണ്ണയിൽ ഹെറോയിനുമായി രണ്ട് ആസാം സ്വദേശികൾ പിടിയിൽ .എക്സൈസ് വകുപ്പിൻ്റെ ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിൻ്റെ ഭാഗമായി പെരിന്തൽമണ്ണയിൽ നടത്തിയ പരിശോധനയിൽ 10.280 ഗ്രാം ഹെറോയിൻ പിടികൂടിയത് .
പെരിന്തൽമണ്ണ - പട്ടാമ്പി റോഡിൽ കുന്നപ്പള്ളി - ചോലോംകുന്ന് എന്ന സ്ഥലത്തുവെച്ചാണ് മലപ്പുറം എക്സൈസ് ഇൻ്റലിജൻസ് വിഭാഗം നൽകിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ എക്സൈസ് റേഞ്ച് ഓഫീസും ഉത്തര മേഖല കമ്മീഷണർ സ്‌ക്വാഡും മലപ്പുറം IB പാർട്ടിയും സംയുക്തമായി പരിശോധന നടത്തിയത്.
ആസാം സംസ്ഥാനത്ത് മരിഗോൺ ജില്ലയിൽ ബുറാഗോൺ പോലീസ് സ്റ്റേഷൻ പരിധിയിലെ ജോർബീൽ സ്വദേശി ഇസ്മായിൽ അലി (32), മയോങ് പോലീസ് സ്റ്റേഷൻ പരിധിയിലെ കട്ടബാരി സ്വദേശി ഇസാജുൽ ഹഖ് (36) എന്നിവരാണ് അറസ്റ്റിലായത്.
പെരിന്തൽമണ്ണ എക്സൈസ് ഇൻസ്പെക്ടർ യൂനസ്. എം-ൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എൻ.ഡി.പി.എസ് നിയമത്തിലെ 21 (ബി) & 29 വകുപ്പുകൾ പ്രകാരം പെരിന്തൽമണ്ണ എക്സൈസ് റേഞ്ച് ഓഫീസിൽ കേസ് രജിസ്റ്റർ ചെയ്തു. NDPS CR : 35/25 എന്ന കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗവും വിതരണവും തടയുന്നതിനായി എക്സൈസ് വകുപ്പ് ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. വരും ദിവസങ്ങളിലും പരിശോധനകൾ ശക്തമാക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.