ഹൃദ്രോഗം; ചെറുപ്പക്കാർക്കിടയിൽ കൂടുന്നതിന്റെ കാരണങ്ങൾ അറിയാം

google news
heart attack

∙ചെറുപ്പക്കാർക്ക് ഹൃദ്രോഗം വരാനുള്ള പ്രധാന കാരണങ്ങളിലൊന്ന് അനാരോഗ്യകരമായ ഭക്ഷണശീലങ്ങളാണ്.

∙ചെറുപ്പക്കാർ പോഷകസമ്പുഷ്ടമായ ഭക്ഷണം ഒഴിവാക്കി കൊഴുപ്പ് കൂടിയതും പ്രോസസ് ചെയ്തതും സോഡിയം കൂടിയതുമായ ഭക്ഷണങ്ങളാണ് കഴിക്കുന്നത്. ഈ ഭക്ഷണരീതി, ചെറിയ പ്രായത്തിൽതന്നെ കൊളസ്ട്രോള്‍ കൂടാനും ഉയർന്ന രക്തസമ്മർദത്തിനും കാരണമാകുന്നു. ഇത് ഹൃദ്രോഗസാധ്യത വർധിപ്പിക്കുന്നു.

∙ജീവിതശൈലി ആണ് രണ്ടാമത്തെ ഘടകം. ചടഞ്ഞുകൂടിയുള്ള ഇരിപ്പ് രോഗസാധ്യത കൂട്ടും. സാങ്കേതികവിദ്യ വികസിച്ചതോടെ, ജീവിതം ഈസി ആയി മാറി. അതോടെ അധികം ശരീരമനങ്ങി ഒന്നും ചെയ്യേണ്ടാത്ത അവസ്ഥ വന്നു. ഏറെ നേരമുള്ള ഇരിപ്പ്, പതിവായി വ്യായാമം ചെയ്യാത്തത്, വർധിച്ച സ്ക്രീൻ ടൈം ഇതെല്ലാം പൊണ്ണത്തടിക്കു കാരണമാകും. ഇത് ഹൃദ്രോഗത്തിലേക്കു നയിക്കും.

∙ചെറുപ്പക്കാർക്കിടയിലെ സ്ട്രെസും മാനസികാരോഗ്യപ്രശ്നങ്ങളും വർധിച്ചു വരികയാണ്. കടുത്ത സ്ട്രെസ്, ഉത്കണ്ഠ, വിഷാദം ഇവയെല്ലാം ശരീരത്തിന് ദോഷകരമായ മാറ്റങ്ങൾ ഉണ്ടാക്കുകയും ഇത് ഹൃദയപ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും.

∙മദ്യത്തിന്റെയും പുകയിലയുടെയും ഉപയോഗവും ചെറുപ്പക്കാർക്കിടയിൽ ഹൃദ്രോഗസാധ്യത വർധിപ്പിക്കുന്ന ഘടകമാണ്. ചെറുപ്പക്കാർക്കിടയിൽ ഹൃദയാരോഗ്യമേകുന്ന ജീവിതശൈലി പിന്തുടരേണ്ടതിനെക്കുറിച്ച് അവബോധം ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്.

സമീകൃതഭക്ഷണം പ്രോത്സാഹിപ്പിക്കുക, പതിവായി ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക, സ്ട്രെസ് നിയന്ത്രിക്കുക, ഉപദ്രവകാരികളായ വസ്തുക്കൾ ഉപയോഗിക്കാതെ നോക്കുക ഇതെല്ലാം രോഗസാധ്യത കുറയ്ക്കുന്ന ഘടകങ്ങളാണ്.

രോഗംവരുത്തുന്നതിലും നല്ലത് വരാതെ തടയുന്നതാണ്. ചെറുപ്പത്തിൽതന്നെ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. ഇനിയും സമയം വൈകിയിട്ടില്ല.

Tags