പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ പച്ചക്കറി സൂപ്പുകൾ...

google news
soup

ശരീരത്തിന്  ഊഷ്മളതയും ആശ്വാസവും നൽകുന്നതാണ് സൂപ്പുകൾ. ചൂടുള്ള സൂപ്പ് നമ്മുടെ ശരീര താപനില വർദ്ധിപ്പിക്കുകയും അത് നിലനിർത്താൻ സഹായിക്കുകയും ചെയ്യും. ഭക്ഷണത്തിലെ മുഴുവൻ പോഷകങ്ങളും ഒന്നിച്ചു ലഭിക്കുന്നതിനുള്ള ഒരു നല്ല മാർഗവും കൂടിയാണ് സൂപ്പ് കഴിക്കുന്നത്. തക്കാളി, കോൺ, ബീൻസ്, ക്യാരറ്റ്, കൂൺ, ക്യാബേജ്, ക്യാപ്സിക്കം തുടങ്ങിയവയാണ് സൂപ്പിൽ കൂടുതലായി ഉൾപ്പെടുത്തേണ്ടത്. പച്ചക്കറി സൂപ്പുകളിൽ നാരുകൾ, ആന്റിഓക്സിഡന്റുകൾ, വൈറ്റമിൻ എ ,വൈറ്റമിൻ സി, പൊട്ടാസ്യം എന്നിവ ധാരാളമായി ഉണ്ട്. ദിവസവും പച്ചക്കറി സൂപ്പ് കഴിക്കുന്നത് ആരോഗ്യത്തിനും ഗുണം ചെയ്യും. ഇതാ കുറച്ചു പച്ചക്കറി സൂപ്പുകളുടെ റെസിപ്പികൾ ..

* തക്കാളി സൂപ്പ്

tomatto soup

ആവശ്യമായവ

തക്കാളി                  7 എണ്ണം
പച്ചമുളക്                2 എണ്ണം( ചെറുതായി അരിഞ്ഞത്)
വെളിച്ചെണ്ണ            ഒരു ടേബിള്‍ സ്പൂണ്‍
ജീരകം                    ഒരു ടീസ്പൂണ്‍
ബ്ലാക്ക് സാള്‍ട്ട്        കാല്‍ ടീസ്പൂണ്‍
കുരുമുളക്             അര ടീസ്പൂണ്‍
കായം                    ഒരു നുള്ള്
ഇഞ്ചി                    അര ടീസ്പൂണ്‍
വെളുത്തുള്ളി          4 അല്ലി
ഉപ്പ്                         പാകത്തിന്
മല്ലിയില                 ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം കഷണങ്ങളാക്കിയ തക്കാളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ അല്‍പം വെള്ളം ചേര്‍ത്ത് പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക. ശേഷം ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ജീരകം, കായം എന്നിവ ചേര്‍ക്കുക. ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന പേസ്റ്റ് ഇതിലേക്ക് ചേര്‍ക്കുക. ചെറുതായി ഒന്ന് കുറകി വരുമ്പോൾ ബ്ലാക്ക് സാള്‍ട്ടും കുരുമുളകും ചേര്‍ക്കുക. ഇനി പാകത്തിന് ഉപ്പും ചേര്‍ത്ത് തിളപ്പിച്ചെടുക്കുക. നന്നായി തിളച്ച് കഴിഞ്ഞാൽ മല്ലിയില ചേർത്ത് കഴിക്കുക.

 * കൂണ്‍ സൂപ്പ്

mashroom

ആവശ്യമായവ

കൂണ്‍   - 300 ഗ്രാം
പാല്‍   - 300 മില്ലി
മൈദ   - ഒന്നര ടേബിള്‍ സ്പൂണ്‍
പാല്‍പാട  - 1 കപ്പ്
സവാള  - 2
കുരുമുളക്  - 10 എണ്ണം
ഗ്രാമ്പൂ- 5 എണ്ണം
വെണ്ണ   - 3 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി - അര ടീസ്പൂണ്‍
ജാതിക പൊടി  - ഒരു നുള്ള്
വെണ്ണ   - ആവശ്യത്തിന്
ഉപ്പ്   - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം കൂണ്‍ കഴുകി വൃത്തിയാക്കി അഞ്ചോ ആറോ കഷ്ണങ്ങളാക്കി മുറിക്കുക. ശേഷം സവാളയും നന്നായി അരിഞ്ഞെടുക്കുക. പാലില്‍ കുരുമുളകും കരയാമ്പൂവും ചേര്‍ത്ത് ചൂടാക്കുക. മറ്റൊരു പാത്രത്തില്‍ വെണ്ണ ഉരുക്കുക. അതിലേക്ക് നുറുക്കിയ കൂണും സവാളയും ചേര്‍ക്കുക.
ഇവ മൃദുവാകുന്നതു വരെ ചൂടാക്കുക. അതിലേക്ക് മൈദയും ഉപ്പും ചേര്‍ത്ത് നന്നായി വേവിക്കുക. ഇതിലേക്ക് ചൂടാക്കി വച്ചിരിക്കുന്ന പാലും മറ്റു ചേരുവകളും ചേര്‍ത്ത് നന്നായി ഇളക്കുക. ഇനി ചൂടോടെ കൂണ്‍ സൂപ്പ് ഉപയോഗിക്കാം.

* ക്യാപ്സിക്കം സൂപ്പ്

capsicum soup

ആവശ്യമായവ

ക്യാപ്‌സിക്കം - 2
എണ്ണ - 1 സ്‌പൂൺ
തക്കാളി - 4 (കഷ്ണങ്ങൾ ആക്കിയത്)
വെളുത്തുള്ളി - 1 അല്ലി
കറുവ ഇല - 2
വെള്ളം - 3 കപ്പ്
കൊഴുപ്പ് കുറഞ്ഞ പാൽ - 1 / 2 കപ്പ്
കോൺഫ്ലവർ  - 1 1 / 2 സ്‌പൂൺ
ഉപ്പ് - ആവശ്യത്തിന്
പഞ്ചസാര - ഒരു നുള്ള്
കുരുമുളക് - ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

ക്യാപ്സിക്കത്തിനുമേൽ അൽപ്പം എണ്ണ പുരട്ടിയശേഷം ഗ്യാസിന് മുകളിൽ വച്ച് ചുട്ടെടുക്കുക (പുറം കറുക്കുന്നത് വരെ മാത്രം ചൂടാക്കിയാൽ മതി). ശേഷം ഒരു ബൗളിൽ വെള്ളമെടുത്തു ക്യാപ്‌സിക്കത്തിന്റെ പുറത്തെ   കറുത്ത ഭാഗം കഴുകി മാറ്റുക (വിത്ത് മാറ്റാൻ മറക്കരുത് ). ഒരു പാനിൽ തക്കാളി , വെളുത്തുള്ളി, കറുവ ഇല ,ക്യാപ്‌സിക്കം എന്നിവ എടുത്ത്   വെള്ളവും ചേർത്ത് വേവിക്കുക . വേവിച്ചശേഷം തണുക്കാൻ വയ്ക്കുക . തണുത്ത ശേഷം എല്ലാം കൂടി നന്നായി അരച്ചെടുക്കുക . അരച്ചെടുത്ത മിശ്രിതം വീണ്ടും ചൂടാക്കുക .ഇതിലേക്ക് പാലും ,കോൺഫ്ലവർ കലക്കിയതും ചേർക്കുക . നന്നായി ഇളക്കണം . സൂപ്പ് രുചിച്ചു നോക്കുക .പുളിപ്പ് തോന്നുന്നുവെങ്കിൽ അല്പം പഞ്ചസാര ചേർക്കുക. അല്പം കുരുമുളക് ചേർത്ത് ഇറക്കി വയ്ക്കാം .

Tags