ബദാമും ഓട്സും കൊണ്ടൊരു ഹെൽത്തി സ്മൂത്തി

google news
smoothi

വളരെയധികം പോഷകങ്ങൾ നിറഞ്ഞ ധാന്യമാണ് ഓട്സ്. നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ഓട്സ് ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. ഈ ആരോഗ്യകരമായ ധാന്യം ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. 

രക്തസമ്മർദ്ദവും പഞ്ചസാരയുടെ അളവും കുറയ്ക്കാൻ സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളായ അവെനൻത്രമൈഡുകളും ഓട്‌സിൽ അടങ്ങിയിട്ടുണ്ട്. ഇത് ദഹന ആരോഗ്യത്തിനും ഗുണം ചെയ്യും. ഓട്‌സിൽ ബീറ്റാ-ഗ്ലൂക്കൻ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹന ആരോഗ്യത്തെ സഹായിക്കുന്നു. 

നാരുകൾ അടങ്ങിയ ഭക്ഷണം ക്രമമായ മലവിസർജ്ജനത്തെ പ്രോത്സാഹിപ്പിക്കുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യുന്നു. ബീറ്റാ-ഗ്ലൂക്കൻ ഒരു ലയിക്കുന്ന നാരാണ്. ഇത് കുടലിൽ എളുപ്പത്തിൽ ലയിക്കുന്നു. ദഹനനാളത്തിൽ നല്ല ബാക്ടീരിയകൾ വളരുന്നതിന് ഇത് കുടൽ അന്തരീക്ഷത്തെ പ്രോത്സാഹിപ്പിക്കുകയും ദഹന സംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ഇനി മുതൽ ഓട്സ് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. ഓട്സ് സ്മൂത്തിയായോ ദോശ, പുട്ട് പോലുള്ള രൂപത്തിലോ കഴിക്കാവുന്നതാണ്. ഓട്സ് കൊണ്ട് കിടിലൊനും സ്മൂത്തി തയ്യാറാക്കിയാലോ?....

വേണ്ട ചേരുവകൾ...

ഓട്സ്             2 ടേബിൾ സ്പൂൺ
ബദാം         15 എണ്ണം
ഈന്തപ്പഴം  4 എണ്ണം
ആപ്പിൾ     ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം ബദാം  കുതിർത്തുവയ്ക്കുക. നന്നായി കുതിർന്നതിന് ശേഷം തൊലി കളഞ്ഞ് വയ്ക്കുക. ശേഷം ഓട്സും ചെറുതായി അരിഞ്ഞ് വച്ചിരിക്കുന്ന ഈന്തപ്പഴവും വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കുക. ഒരു മിക്സിയുടെ ജാറിൽ തൊലികളഞ്ഞ ബദാമും ചൂടാറിയ ഓട്സും ഈന്തപ്പഴവും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അടിച്ചെടുക്കുക. ചെറുതായി അരിഞ്ഞ ആപ്പിൾ വച്ച് അലങ്കരിക്കുക. സ്മൂത്തിയ്ക്ക് മുകളിൽ അൽപം നട്സ് വച്ചും അലങ്കരിക്കാം.

Tags