ബോണ്‍ കാന്‍സറിന്റെ ലക്ഷണങ്ങള്‍ അറിയാം


സ്ഥിരമായ വേദന മറ്റ് പല മാരക രോഗങ്ങളുടെയും ലക്ഷണങ്ങളാകാം. അതിലൊന്നാണ് എല്ലുകളെ ബാധിക്കുന്ന ബോണ്‍ കാന്‍സര്‍. അര്‍ബുദങ്ങളില്‍ വച്ച് അപൂര്‍വമായ ഒന്നാണ് ബോണ്‍ കാന്‍സര്‍. സ്ഥിരമായ എല്ലുകളുടെ ഒരുപക്ഷേ ഇതിന്റെ ലക്ഷണമാകാം. എല്ലുകളെ ബാധിക്കുന്ന ഈ അര്‍ബുദത്തിന്റെ മറ്റ് പ്രധാന ലക്ഷണങ്ങള്‍ എന്താണെന്ന് അറിയാം.
1. വേദനയും നീര്‍ക്കെട്ടും
തുടര്‍ച്ചയായ വേദനയും ഇതിനു ശേഷം ഉണ്ടാകുന്ന നീര്‍ക്കെട്ടും എല്ലുകളിലെ അര്‍ബുദത്തിന്‍റെ പ്രധാന ലക്ഷണമാണ്. ഈ വേദന രാത്രിയില്‍ കഠിനമാകുകയും ഉറക്കത്തെ ബാധിക്കുകയും ചെയ്യും.
2. പനി
എല്ലുകളുടെ അര്‍ബുദവുമായി ബന്ധപ്പെട്ട് പൊതുവായി കാണപ്പെടുന്ന മറ്റൊരു ലക്ഷണമാണ് പനി. മറ്റ് ലക്ഷണങ്ങളോടൊപ്പം വിട്ടുമാറാത്ത പനിയും ശ്രദ്ധയില്‍പ്പെട്ടാല്‍ ബോണ്‍ കാന്‍സറിന്‍റെ സാധ്യതയെ സംബന്ധിച്ച പരിശോധന നടത്തണം.
3. സന്ധികള്‍ക്ക് പിരിമുറുക്കം
സ്വാഭാവിക ചലനങ്ങളെ പോലും ബാധിക്കുന്ന തരത്തില്‍ സന്ധികള്‍ക്കുണ്ടാകുന്ന പിരിമുറുക്കം ബോണ്‍ കാന്‍സറിന്‍റെ ലക്ഷണമാണ്. നടക്കാനോ ദൈനംദിന കാര്യങ്ങള്‍ ചെയ്യാനോ കഴിയാത്ത വിധം ഈ സന്ധിവേദനയും പിരിമുറുക്കവും രോഗിയെ ബുദ്ധിമുട്ടിക്കും. ഈ ലക്ഷണവും അവഗണിക്കാതെ കൃത്യസമയത്ത് ചികിത്സ തേടണം.

4. ഭാരനഷ്ടം
വിശദീകരിക്കാനാകാത്ത പെട്ടെന്നുള്ള ഭാരനഷ്ടവും ബോണ്‍ കാന്‍സറിന്‍റെ മറ്റൊരു ലക്ഷണമാണ്. ഇത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ വൈദ്യസഹായം തേടേണ്ടതാണ്.
5. അത്യധികമായ ക്ഷീണം
എപ്പോഴും ക്ഷീണം തോന്നുന്നത് ബോണ്‍ കാന്‍സറിന്‍റെ മാത്രമല്ല മറ്റ് പല രോഗങ്ങളുടെയും ലക്ഷണമാകാം. ഊര്‍ജ്ജമില്ലാത്ത അവസ്ഥയും ക്ഷീണവും തുടര്‍ച്ചയായി അനുഭവപ്പെട്ടുന്നവര്‍ ഡോക്ടറെ കണ്ട് സമ്പൂര്‍ണ ആരോഗ്യ പരിശോധന നടത്തേണ്ടതാണ്.
6. എല്ലുകളില്‍ മുഴ
എല്ലുകള്‍ക്ക് പുറത്തോ അകത്തോ കാണപ്പെടുന്ന മുഴകളും അര്‍ബുദത്തിന്‍റെ ലക്ഷണമാണ്. അര്‍ബുദം മൂലമല്ലാത്ത മുഴകളും എല്ലില്‍ വരാമെന്നതിനാല്‍ കൃത്യമായ പരിശോധന രോഗനിര്‍ണയത്തിന് ആവശ്യമാണ്.
7. രാത്രിയില്‍ വിയര്‍ക്കല്‍
രാത്രി കാലങ്ങളില്‍ അമിതമായി വിയര്‍ക്കുന്നത് ഗുരുതരമായ പല രോഗങ്ങളുടെയും സൂചനയാകാം. ബോണ്‍ കാന്‍സറിന്‍റെ സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല എന്നതിനാല്‍ വിശദമായ ആരോഗ്യ പരിശോധന ആവശ്യമാണ്.