നെയ്യ് അമിതമായ ഉപയോഗം കാരണം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ..

google news
ghee

 

ഇന്ത്യൻ അടുക്കളകളിലെ ഏറ്റവും അമൂല്യമായ ഭക്ഷണ പദാർത്ഥങ്ങളിൽ ഒന്നാണ് നെയ്യ്. നാം നിത്യവും കഴിക്കുന്ന ഒട്ടുമിക്ക പലഹാരങ്ങളിൽ നെയ്യ് ഒരു പ്രധാന ചേരുവയാണ്. ലയിക്കുന്ന ഫാറ്റി വിറ്റാമിനുകൾ, ഒമേഗ -3 ഫാറ്റി ആസിഡുകൾ, ബ്യൂട്ടിറിക് ആസിഡുകൾ എന്നിവയാൽ സമ്പന്നമാണ് നെയ്യ്.

ദിവസവും ഒരു സ്പൂൺ നെയ്യ് കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കുകയും എല്ലുകളെ ശക്തിപ്പെടുത്തുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നതായി യശോദ ഹോസ്പിറ്റൽസ് ഹൈദരാബാദിലെ ഫിസിഷ്യനും ഡയബറ്റോളജിസ്റ്റുമായ ഡോ. രംഗ സന്തോഷ് കുമാർ പറയുന്നു. എന്നിരുന്നാലും, ഇത് വലിയ അളവിൽ കഴിക്കുന്നത് ശരീരത്തിന് ഗുരുതരമായ ദോഷം വരുത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

ആരോഗ്യകരമായ കൊഴുപ്പുകളുടെയും പൂരിത കൊഴുപ്പുകളുടെയും അവശ്യ ഫാറ്റി ആസിഡുകളുടെയും ഉറവിടമാണ് നെയ്യ്. മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന എ, ഇ, ഡി തുടങ്ങിയ കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകളാൽ സമ്പുഷ്ടമാണ്.

നെയ്യ് കഴിക്കുന്നത് മിതമായ അളവിലായിരിക്കണം. പ്രത്യേകിച്ചും 40 വയസ്സിന് മുകളിലുള്ളവർ നെയ്യ് അമിത അളവിൽ കഴിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പൂരിത കൊഴുപ്പുകളാൽ സമ്പുഷ്ടമായതിനാൽ നെയ്യ് അമിതമായി കഴിക്കുന്നത് ഹൃദയാരോഗ്യത്തെ ബാധിക്കാം. ഇത് ധമനികളിൽ കൊഴുപ്പ് അടിഞ്ഞ് കൂടാൻ കാരണമാകും. ഫാറ്റി ലിവർ രോ​ഗമുള്ളവർ നെയ്യ് കഴിക്കുന്നത് ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യണമെന്നും ഡോ. രംഗ സന്തോഷ് കുമാർ പറയുന്നു.

നെയ്യിൽ കൊഴുപ്പും കൊളസ്‌ട്രോളും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ അത് മുതിർന്നവരിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകും. അതിനാൽ, പ്രായമായവർ നെയ്യ് ഒഴിവാക്കുന്നതാണ് കൂടുതൽ നല്ലത്.

Tags