പൈനാപ്പിള്‍ പതിവാക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍

pineapple
pineapple

ആന്‍റി ഓക്‌സിഡന്‍റുകളുടെ നല്ലൊരു  ഉറവിടമാണ് പൈനാപ്പിൾ. കൂടാതെ ഇവയ്ക്ക് ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. വിറ്റാമിന്‍ സി, ബീറ്റാ കരോട്ടിന്‍, ഫോസ്ഫറസ്, പൊട്ടാസ്യം, ഫോളിക് ആസിഡ്, കാത്സ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയതാണ് പൈനാപ്പിള്‍. 

വിറ്റാമിന്‍ സിയുടെ കലവറയായ പൈനാപ്പിള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നത് ദഹനത്തിന് ഏറെ നല്ലതാണ്. 'ബ്രോംലൈന്‍' എന്ന ഒരു ഡൈജസ്റ്റീവ് എൻസൈം പൈനാപ്പിളിൽ ഉണ്ട്. ഇതാണ് ദഹനത്തിന് സഹായിക്കുന്നത്. കൂടാതെ ഇവയില്‍ ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ മലബന്ധത്തെ തടയാനും ഇവ ഗുണം ചെയ്യും. പൈനാപ്പിള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. എല്ലുകളുടെ വളർച്ചയ്ക്കു ആവശ്യമായ മാംഗനീസ്, കാത്സ്യം തുടങ്ങിയവ പൈനാപ്പിളിലുണ്ട്. കൂടാതെ വിറ്റാമിന്‍ സിയുമുണ്ട്. സന്ധിവാതമുള്ളവര്‍ക്ക് അതിന്റെ ഭാഗമായി അനുഭവപ്പെടുന്ന വിഷമതകള്‍ ലഘൂകരിക്കാനും പൈനാപ്പിള്‍ സഹായിക്കും.  എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് പൈനാപ്പിള്‍ ഡയറ്റില്‍‌ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

ഫൈബര്‍ ധാരാളം അടങ്ങിയ പൈനാപ്പിള്‍  ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കൊളസ്ട്രോളിനെ വിഘടിപ്പിച്ച് ഹൃദയാരോഗ്യമേകാൻ പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന ബ്രോംലൈന്‍ സഹായിക്കും. അതുപോലെ തന്നെ, പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. വിറ്റാമിന്‍ സി അടങ്ങിയ പൈനാപ്പിള്‍  കൊളാജന്‍ വര്‍ധിപ്പിക്കാനും സഹായിക്കും. പൈനാപ്പിളിൽ അടങ്ങിയ വിറ്റാമിൻ സി ചർമ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. വിറ്റാമിന്‍ എയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ പൈനാപ്പിള്‍ കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പൈനാപ്പിള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. വെള്ളവും ഫൈബറും അടങ്ങിയ പൈനാപ്പിള്‍ വിശപ്പ് കുറയ്ക്കാനും ശരീര ഭാരം നിയന്ത്രിക്കാനും സഹായിക്കും. ഇവയുടെ കലോറിയും കുറവാണ്. 

Tags

News Hub