ഒലീവ് ഓയിലിന്റെ ആരോഗ്യഗുണങ്ങൾ നിരവധിയാണ്..

നമ്മളിൽ പലരും ഒലീവ് ഓയിൽ ഉപയോഗിക്കാറുണ്ടെങ്കിലും അതിന്റെ ചില ആരോഗ്യഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല . അതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ ശരീരത്തിൽ ഉണ്ടാകാവുന്ന പല അപകടകരമായ രാസ പദാർത്ഥങ്ങൾക്കെതിരെ പ്രവർത്തിക്കുന്നു. പല ജീവിതശൈലി രോഗങ്ങളെയും ചെറുക്കാൻ ഈ ആന്റി ഓക്‌സിഡന്റുകൾ സഹായിക്കുകയും ചെയ്യുന്നു.
രക്തം കട്ടപിടിക്കുകയോ രക്തസ്രാവം മൂലമോ തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതാണ് സ്ട്രോക്ക് ഉണ്ടാകുന്നതിന് കാരണം. ഒലീവ് ഓയിൽ കഴിക്കുന്നവർക്ക് സ്ട്രോക്ക് വരാനുള്ള സാധ്യത വളരെ കുറവാണെന്ന് പഠനങ്ങൾ പറയുന്നു.
ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ആന്റിഓക്‌സിഡന്റുകളും ഇതിലുണ്ട്. മോണോസാച്ചുറേറ്റഡ് കൊഴുപ്പ് ഒലിവ് ഓയിലിൽ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ക്യാൻസർ, ഹൃദ്രോഗം, ടൈപ്പ് 2 ഡയബറ്റിസ്, അൽഷിമേഴ്‌സ്, ആർത്രൈറ്റിസ്, പൊണ്ണത്തടി തുടങ്ങിയ രോഗസാധ്യത കുറയ്ക്കുന്നു.
തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും നല്ലതാണ് ഒലീവ് ഓയിൽ. വാർധക്യത്തോടനുബന്ധിച്ച് സംഭവിച്ചേക്കാവുന്ന ഓർമ്മപ്പിശക് പോലുള്ള അവസ്ഥകളെ ഒരു പരിധി വരെ തരണം ചെയ്യാൻ ഒലിവ് ഓയിലിന് സാധിക്കും. ഇതിലെ മോണോസാച്ചുറേറ്റഡ് ഫാറ്റ് ഇൻസുലിൻ സന്തുലിതമാക്കാൻ സഹായിക്കുന്നത് വഴി ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുന്നു.
ചർമ്മത്തിനും ഏറെ നല്ലതാണ് ഒലീവ് ഓയിൽ. ഇതിൽ വൈറ്റമിൻ ഇ, ആൻറി ഓക്സിഡൻറുകൾ, സ്ക്വാലീൻ, ഒലിയോകാന്തൽ തുടങ്ങിയ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രായമാകുന്നത് തടയുകയും ചർമ്മത്തിന്റെ കേടുപാടുകൾ പരിഹരിക്കുകയും ചെയ്യും. ഒലിവ് ഓയിൽ നോൺ-ടോക്സിക്, ആന്റിമൈക്രോബയൽ, ഹൈപ്പോഅലോർജെനിക് എന്നിവയാണ്.
ഒലീവ് ഓയിലിൽ ഹാനികരമായ ബാക്ടീരിയകളെ തടയാനോ നശിപ്പിക്കാനോ കഴിയുന്ന ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അതിലൊന്നാണ് ഹെലിക്കോബാക്റ്റർ പൈലോറി. വയറ്റിൽ വസിക്കുന്ന ഒരു ബാക്ടീരിയ, ഇത് വയറ്റിലെ അൾസറിനും ആമാശയ ക്യാൻസറിനും കാരണമാകും. ഇത് ഹെലിക്കോബാക്റ്ററിനെതിരെ പ്രത്യേകിച്ച് ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നത് വഴി ഓസ്റ്റിയോപെറോസിസ് സാധ്യത കുറയ്ക്കാൻ ഇതിന് കഴിവുണ്ടെന്ന് പറയപ്പെടുന്നു.