ചോളത്തിന്റെ ആരോഗ്യഗുണങ്ങൾ അറിഞ്ഞാലോ..?

google news
corn

മിക്കവര്‍ക്കും ഇഷ്ടമുള്ളൊരു ഭക്ഷണമാണ് ചോളം. വളരെ എളുപ്പത്തില്‍ കഴിക്കാൻ തയ്യാറാക്കാമെന്നതും അതേസമയം രുചികരവും ആരോഗ്യപ്രദമാണെന്നതുമാണ് ഇതിന്‍റെ സവിശേഷത. ഏറ്റവുമധികം പേര്‍ വാങ്ങിക്കഴിക്കുന്നൊരു സ്ട്രീറ്റ് ഫുഡ് കൂടിയാണ് ചോളം. ഇന്ത്യയില്‍ വഴിയോരങ്ങളില്‍ ചോളം വില്‍പന കാണാത്ത നാടുകളില്ല എന്ന് തന്നെ പറയാം. പ്രാദേശികമായി കൃഷിയില്ലാത്തയിടങ്ങളിലേക്ക് പോലും പതിവായി ചോളം കച്ചവടത്തിനായി എത്താറുണ്ട്.

പ്രത്യേകിച്ച് മഴയോ തണുപ്പോ ഉള്ള അന്തരീക്ഷങ്ങളിലാണ് കൂടുതല്‍ പേരും ചോളം ( Monsoon Diet ) കഴിക്കാൻ തെരഞ്ഞെടുക്കാറ്. തീര്‍ച്ചയായും ഇത് മഴക്കാലത്തിന് യോജിച്ചൊരു ഭക്ഷണം തന്നെയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രമുഖ സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് രുജുത ദിവേക്കര്‍ മഴക്കാലത്തിന് അനുയോജ്യമായ ഭക്ഷണങ്ങളെ പട്ടികപ്പെടുത്തുന്ന കൂട്ടത്തില്‍ ചോളത്തെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്.

ചോളത്തിലടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹനപ്രശ്നങ്ങളകറ്റി വയറിന് സുഖം പകരും. പൊതുവേ മഴക്കാലത്ത് നേരിടുന്ന മലബന്ധം പോലുള്ള ദഹനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഈ രീതിയില്‍ ചോളം സഹായകമാണ്. ഫൈബറിന്‍റെ വളരെ സമ്പന്നമായൊരു ഉറവിടം തന്നെയാണ് ചോളം.

രക്തത്തിലെ ഗ്ലൂക്കോസ് നില നിയന്ത്രിച്ചുനിര്‍ത്തുന്നതിനും ചോളം ഏറെ സഹായകമാണ്. അതിനാല്‍ തന്നെ പ്രമേഹരോഗികളും മിതമായ അളവില്‍ ചോളം കഴിക്കുന്നത് നല്ലതാണ്. പുഴുങ്ങിയോ, റോസ്റ്റ് ചെയ്തോ പാറ്റീസോ റൊട്ടിയോ ആക്കിയോ എല്ലാം ചോളം കഴിക്കാവുന്നതാണ്. എന്നാല്‍ സാധാരണ നമുക്ക് മാര്‍ക്കറ്റില്‍ നിന്ന് കിട്ടുന്ന നാട്ടുചോളത്തിന് മാത്രമേ ഈ ഗുണങ്ങളെല്ലാം ഉള്ളൂവെന്നും അമേരിക്കൻ കോണ്‍, പോപ് കോണ്‍ എന്നിവയ്ക്കൊന്നും ഈ ഗുണങ്ങളില്ലെന്നും രുജുത എടുത്തുപറയുന്നു.

Tags