ബ്ലൂബെറിയിലെ ചില ആരോഗ്യഗുണങ്ങൾ..

മധുരവും രുചികരവും മാത്രമല്ല ബ്ലൂബെറി. ആരോഗ്യപരമായ പല ഗുണങ്ങളും ബ്ലൂബെറിക്കുണ്ട്. പഠനങ്ങൾ അനുസരിച്ച്, ബ്ലൂബെറി പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ, നാരുകൾ എന്നിവയാൽ നിറഞ്ഞതാണ് ബ്ലൂബെറി.
ബ്ലൂബെറി ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. പ്രത്യേകിച്ച് ഫ്ലേവനോയ്ഡുകൾ എന്നറിയപ്പെടുന്ന പോളിഫെനോൾ ആന്റിഓക്‌സിഡന്റ്. ബ്ലൂബെറികൾക്ക് ആഴത്തിലുള്ള നീല-പർപ്പിൾ നിറം നൽകുന്ന പ്രധാന ഫ്ലേവനോയ്ഡുകളാണ് ആന്തോസയാനിനുകൾ. ബ്ലൂബെറി കഴിക്കുന്നത് രക്തത്തിലെ ആന്റിഓക്‌സിഡന്റുകളുടെ അളവ് വർദ്ധിപ്പിക്കുമെന്ന് ശാസ്ത്രജ്ഞർ തെളിയിച്ചിട്ടുണ്ട്.
ധാരാളം ബ്ലൂബെറി കഴിക്കുന്നത് കോശജ്വലന അവസ്ഥകളുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു.
കൂടാതെ പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യതയും കുറയ്ക്കുന്നു. മാത്രമല്ല, ഇവ ദിവസവും കഴിക്കുന്നത് ഉപാപചയ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്താനും ഗുണം ചെയ്യുന്നു.
ലോകമെമ്പാടുമുള്ള മരണത്തിന്റെ പ്രധാന കാരണം ഹൃദ്രോഗമാണ്. തൊട്ടുപിന്നാലെ സ്ട്രോക്ക്. ബ്ലൂബെറി കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. അവയുടെ ഫൈറ്റോകെമിക്കലുകളും നാരുകളും രക്തസമ്മർദ്ദം കുറയ്ക്കുകയും കൊളസ്ട്രോൾ സന്തുലിതമാക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
വർദ്ധിച്ചുവരുന്ന ആന്തോസയാനിനുകൾ ചെറുപ്പക്കാരിലും മധ്യവയസ്കരായ സ്ത്രീകളിലും ഹൃദയാഘാത സാധ്യത 32% കുറയ്ക്കുന്നതായി ഹാർവാർഡ് യൂണിവേഴ്‌സിറ്റിയും ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റിയും ചേർന്ന് നടത്തിയ പഠനത്തിൽ കണ്ടെത്തി.
ബ്ലൂബെറിയുടെ പതിവ് ഉപഭോഗം ഹൃദയത്തെ സഹായിക്കുകയും ന്യൂറോഡീജനറേറ്റീവ് രോഗങ്ങൾ, ദഹനപ്രശ്‌നങ്ങൾ എന്നിവയിൽ നിന്നു സംരക്ഷിക്കുകയും ചെയ്യുന്നു. ആന്റി ഓക്‌സിഡന്റ് സമ്പുഷ്ടമായ ഭക്ഷണങ്ങൾ കാൻസർ, ഹൃദയ രോഗങ്ങൾ, അൽഷിമേഴ്‌സ്, പാർക്കിൻസൺസ് തുടങ്ങിയ അപകടകരമായ രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു.
ബ്ലൂബെറിയില്ലെ ആന്റിഓക്‌സിഡന്റുകൾ രക്തത്തിലെ കൊഴുപ്പ് നില മെച്ചപ്പെടുത്തുന്നതിനും ധമനികളുടെ തടസ്സങ്ങൾ നീക്കുന്നതിനും സഹായിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ഫ്‌ളേവനോയ്ഡുകൾ രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും അതുവഴി ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു.
ബ്ലൂബെറി കഴിക്കുന്നത് ബുദ്ധിശക്തി കുറയുന്നതിൽ നിന്ന് സംരക്ഷിക്കുകയും തലച്ചോറിന്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യും. ഇവയുടെ ആന്റിഓക്‌സിഡന്റുകൾ മസ്തിഷ്‌ക കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കും.