ചെറുപ്പത്തിലേ മുടി നരയ്ക്കുന്നുണ്ടോ? പരീക്ഷിക്കാം ഈ വീട്ടുവൈദ്യങ്ങൾ!
പ്രായം കൂടുമ്പോൾ സ്വാഭാവികമായും നാം നേരിടേണ്ടി വരുന്ന പ്രധാന സൗന്ദര്യപ്രശ്നങ്ങളിൽ ഒന്നാണ് അകാല നര. പ്രായമാകുമ്പോൾ ചർമ്മത്തിന് ഇലാസ്തികത നഷ്ടപ്പെട്ട് അയഞ്ഞുപോകുന്നതുപോലെ, മുടിയുടെ ആരോഗ്യവും ഘടനയും കാലക്രമേണ മാറിക്കൊണ്ടിരിക്കുന്നു. മുടിയിഴകൾക്ക് സ്വാഭാവിക നിറം നൽകുന്ന ഘടകങ്ങളിൽ വരുന്ന മാറ്റങ്ങളാണ് ഇതിന് പിന്നിലെ പ്രധാന കാരണം. എന്നാൽ ഇരുപതുകളുടെ അവസാനത്തിലോ മുപ്പതുകളിലോ ആണ് നിങ്ങൾ ഈ പ്രശ്നം അനുഭവിക്കുന്നതെങ്കിൽ, ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുടിയിലെ ഈ വെള്ളിനാരുകളുടെ വ്യാപനം ഒരു പരിധി വരെ നിയന്ത്രിച്ചു നിർത്താൻ സാധിക്കും.
ചൂട്, മലിനീകരണം, പുകവലി, അനാരോഗ്യകരമായ ഭക്ഷണക്രമം, ഹോർമോൺ മാറ്റങ്ങൾ, ജനിതക ഘടകങ്ങൾ എന്നിവ കാരണമുള്ള അകാല നര ഇന്ന് ഒരു പ്രധാന ആശങ്കയായി മാറിയിരിക്കുകയാണ്. നരച്ച മുടി ഇഴകൾ മറച്ചു വയ്ക്കാൻ ഇനി മുടി കളർ ചെയ്യേണ്ട ആവശ്യമില്ല പകരം വീട്ടിൽ തന്നെ എളുപ്പത്തിൽ ലഭ്യമാകുന്ന പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് ഈ പ്രശ്നം പരിഹരിക്കാൻ സാധ്യമാണ്.
കറിവേപ്പിലയും വെളിച്ചെണ്ണയും
കറിവേപ്പില മുടിയുടെ വേരുകൾക്ക് പുത്തൻ ഉണർവ് നൽകുകയും വിറ്റാമിൻ ബി (Vitamin B) അടങ്ങിയിരിക്കുന്നതിനാൽ മുടിയുടെ ഫോളിക്കിളുകൾക്ക് (follicles) സ്വാഭാവിക നിറം പുനഃസ്ഥാപിക്കാൻ സഹായിക്കുകയും ചെയ്യുന്നു. വെളിച്ചെണ്ണ തലയോട്ടിക്ക് സ്വാഭാവികമായ തണുപ്പ് നൽകുന്നു. നരച്ച മുടി നിയന്ത്രിക്കാൻ കറിവേപ്പിലയുമായി ചേരുമ്പോൾ ഇതൊരു മികച്ച കോമ്പിനേഷനായി മാറും.
ഉപയോഗിക്കേണ്ട വിധം: ഒരു കപ്പ് കറിവേപ്പില, ഒരു കപ്പ് വെളിച്ചെണ്ണയുമായി കലർത്തി കറുത്ത നിറമാകുന്നതുവരെ തിളപ്പിക്കുക. ഇത് അരിച്ചെടുത്ത് തണുക്കാൻ വയ്ക്കുക. ഈ മിശ്രിതം സൂക്ഷിച്ച് വച്ച് ആഴ്ചയിൽ മൂന്ന് തവണ ഉപയോഗിക്കുകയും ചെയ്യാം.
ബദാം എണ്ണയും നാരങ്ങാനീരും
അകാല നര തടയാനും മുടിയിഴകളെ പോഷിപ്പിക്കാനും സഹായിക്കുന്ന വിറ്റാമിൻ ഇ-യുടെ (Vitamin E) മികച്ച ഉറവിടമാണ് ബദാം എണ്ണ (Almond oil). നാരങ്ങാനീര് മുടി വളർച്ചയെ ത്വരിതപ്പെടുത്തുകയും മുടിക്ക് നിറവും തിളക്കവും നൽകുകയും ചെയ്യുന്നു.
ഉപയോഗിക്കേണ്ട വിധം: ഒരു പാത്രത്തിൽ ബദാം എണ്ണയും അൽപ്പം നാരങ്ങാനീരും കലർത്തുക. ഈ മിശ്രിതം തലയോട്ടിയിൽ നന്നായി മസാജ് ചെയ്ത ശേഷം അരമണിക്കൂർ കഴിഞ്ഞ് കഴുകിക്കളയുക. ഇത് ഒരു വീര്യം കുറഞ്ഞ ഷാംപൂ പോലെ ഉപയോഗിക്കുക.
നെല്ലിക്കയും ഉലുവയും
മികച്ച ആന്റിഓക്സിഡന്റും വിറ്റാമിൻ സി-യാൽ (Vitamin C) സമ്പന്നവുമാണ് നെല്ലിക്ക (Amla), ഇത് നരച്ച മുടിയിഴകളെ ഇല്ലാതാക്കാൻ സഹായിക്കുന്നു. ഉലുവ (Fenugreek) മുടിയുടെ ഫോളിക്കിളുകൾക്ക് അകാല നരയെ ചെറുക്കാനും മുടിയുടെ നിറം കറുപ്പിക്കാനും സഹായിക്കുന്നു.
ഉപയോഗിക്കേണ്ട വിധം: 6-7 കഷണങ്ങൾ നെല്ലിക്ക എണ്ണയിൽ ചേർത്ത് ഏതാനും മിനിറ്റ് ചൂടാക്കുക. അടുത്തതായി, ഒരു ടേബിൾ സ്പൂൺ ഉലുവ പൊടി ഈ മിശ്രിതത്തിൽ ചേർക്കുക. ഇത് അരിച്ച് തണുത്ത ശേഷം ഉറങ്ങുന്നതിന് മുൻപ് തലയിൽ പുരട്ടുക. രാവിലെ വീര്യം കുറഞ്ഞ ഹെർബൽ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. രണ്ടോ മൂന്നോ തവണ ഉപയോഗിക്കുമ്പോൾ തന്നെ മാറ്റം ശ്രദ്ധയിൽപ്പെടും.
കട്ടൻ ചായ കൊണ്ടുള്ള മുടി കഴുകൽ (Black Tea Rinse)
കട്ടൻ ചായ നരച്ച മുടിയിഴകളെ കറുപ്പിക്കുകയും അതിശയകരമായ തിളക്കം നൽകുകയും ചെയ്യുന്നു. ഇത് മുടിയുടെ പിഗ്മെൻ്റ് പുനഃസ്ഥാപിച്ച് മികച്ച കെരാറ്റിൻ (Keratin), മെലാനിൻ (Melanin) ബൂസ്റ്റ് നൽകുന്നു. നരച്ച മുടിയിഴകളെ ഏറ്റവും ഫലപ്രദമായി മറയ്ക്കുന്നതിന് ഇത് സഹായിക്കും.
ഉപയോഗിക്കേണ്ട വിധം: 2 ടേബിൾ സ്പൂൺ കട്ടൻ ചായ, ഒരു കപ്പ് വെള്ളത്തിൽ തിളപ്പിക്കുക, തുടർന്ന് ഒരു ടീസ്പൂൺ ഉപ്പ് ചേർക്കുക. ഇത് തണുത്ത ശേഷം കഴുകിയ മുടിയിൽ പുരട്ടുക.
ഉള്ളി ഹെയർ മാസ്ക് (Onion Hair Mask)
നരച്ച മുടിക്ക് ഏറ്റവും മികച്ച പ്രതിവിധികളിൽ ഒന്നാണ് ഉള്ളി നീര്. ഇത് മുടിയിഴകളെ കറുപ്പിക്കുകയും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ‘കറ്റാലേസ്’ (catalase) എന്ന എൻസൈമിനെ വർദ്ധിപ്പിക്കുന്നു. ഇതിലേക്ക് അൽപം നാരങ്ങാനീര് ചേർക്കുന്നത് അധിക തിളക്കം നൽകും. സൾഫർ (Sulphur) ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഉള്ളി നൽകുന്ന മാറ്റം പെട്ടെന്ന് ശ്രദ്ധയിൽപ്പെടും.
ഉപയോഗിക്കേണ്ട വിധം: 3 ടേബിൾ സ്പൂൺ ഉള്ളി നീര്, 1 ടേബിൾ സ്പൂൺ ഒലിവ് ഓയിലും നാരങ്ങാനീരും ചേർത്ത് കലർത്തുക. ഇത് തലയോട്ടിയിൽ നന്നായി മസാജ് ചെയ്ത ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് മുടി കഴുകിക്കളയുക.
.jpg)


