തലമുടി കൊഴിച്ചില്‍ തടയാന്‍ കോഫി ഇങ്ങനെ ഉപയോഗിക്കാം…
ആരോഗ്യമുള്ള തലമുടി സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മുടിയും വളരുകയുള്ളൂ. ഭക്ഷണത്തിലെ പോഷകങ്ങളുടെ കുറവ്, മാനസിക പിരിമുറുക്കം, അന്തരീക്ഷത്തിലെ അഴുക്കുകൾ, ഉറക്കക്കുറവ് എന്ന തുടങ്ങി മുടി കൊഴിച്ചിലിന് കാരണമാകുന്ന ഘടകങ്ങൾ നിരവധിയാണ്. തലമുടി സംരക്ഷണത്തിന് കാപ്പി വളരെ നല്ലതാണ്. തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും കോഫി സഹായിക്കും. തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിച്ച് തലമുടി നല്ല ആരോഗ്യത്തോടെ വളരാൻ കോഫി കൊണ്ടുള്ള ഹെയർ പാക്കുകൾ പരീക്ഷിക്കാം.
തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താൻ കാപ്പി സഹായിക്കും. ഇത് തലയോട്ടിയിൽ നേരിട്ട് പുരട്ടുന്നത് വഴി രക്തചംക്രമണം വർധിക്കുകയും മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. മുടി കൊഴിച്ചിലിനെതിരെ പോരാടിക്കൊണ്ട് തലമുടി ബലമുള്ളതാക്കി തീർക്കാനും കാപ്പി സഹായിക്കുന്നു. കോഫി കൊണ്ടുള്ള ചില ഹെയർ പാക്കുകളെ പരിചയപ്പെടാം.
ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ തേനും ഒലീവ് ഓയിലും എടുക്കുക. രണ്ട് ടീസ്പൂൺ കാപ്പി പൊടി അതിലേയ്ക്ക് ചേർത്ത് നന്നായി മിക്സ് ചെയ്തു പേസ്റ്റ് രൂപത്തിലാക്കാം. ഈ മാസ്ക് മുടിയിൽ പുരട്ടി ഏകദേശം 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ നന്നായി കഴുകുക. തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും ഇത് സഹായിക്കും.
50 ഗ്രാം കാപ്പിപ്പൊടി 250 മില്ലി വെള്ളത്തിൽ കലക്കി ഒരു ഗ്ലാസ് കണ്ടെയ്നറിലാക്കി 24 മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. ശേഷം ഒരു വൃത്തിയുള്ള തുണി ഉപയോഗിച്ച് ഈ ലായനി അരിച്ചെടുക്കാം. ശേഷം ഒരു സ്പ്രേ ബോട്ടിലിലാക്കി ഫ്രിഡ്ജില്‍ രണ്ടാഴ്ചവരെ സൂക്ഷിക്കാം. ഈ കോഫീ മിശ്രിതം എല്ലാ ദിവസവും തലയോട്ടിയിൽ തേച്ചുപിടിപ്പിക്കാം. ഒരു ടൗവ്വല്‍ ഉപയോഗിച്ച് മുടി കവർചെയ്ത് 30 മിനിറ്റ് വയ്ക്കണം. ശേഷം ഷാംപൂ ഉപയോഗിച്ച് തല വൃത്തിയാക്കാം.
ഒരു പാനില്‍ രണ്ട് കപ്പ് എണ്ണ ചൂടാക്കുക. വെളിച്ചെണ്ണ, ബദാം ഓയിൽ, അല്ലെങ്കിൽ ഒലീവ് ഓയിൽ എന്നിവയിൽ ഏതും നിങ്ങൾക്ക് ഇതിനായി ഉപയോഗിക്കാം. ശേഷം അര കപ്പ് കോഫി ബീന്‍സ് വറുത്തെടുത്തത് ഈ പാനിലേയ്ക്ക് ഇട്ട് ചൂടാക്കുക. ഇടയ്ക്ക് ഇളക്കികൊടുത്തുകൊണ്ടിരിക്കാം. കുറച്ച് മണിക്കൂറിന് ശേഷം ഇറക്കുക. തണുത്തതിന് ശേഷം ഒരു കുപ്പിയിലേയ്ക്ക് മാറ്റാം. ഇത്തരത്തില്‍ കോഫി എണ്ണ തയ്യാറാക്കി തലയില്‍ പുരട്ടുന്നത് തലമുടി വളര്‍ച്ചയ്ക്ക് നല്ലതാണ്.