മുടി സംരക്ഷിക്കാനുള്ള അമിതശ്രമം വേണ്ട! ഈ ശീലങ്ങൾ മുടിയുടെ ആരോഗ്യം നശിപ്പിച്ചേക്കാം
മുടി കൂടുതൽ മനോഹരവും ആരോഗ്യകരവുമാക്കാൻ പലവിധ ഹെയർ കെയർ രീതികളും പരീക്ഷിക്കുന്നവരാണ് നമ്മളിൽ പലരും. വിലകൂടിയ ഷാംപൂകളും കണ്ടീഷണറുകളും ഹെയർ സിറമുകളും പതിവായി ഉപയോഗിച്ചിട്ടും മുടികൊഴിച്ചിൽ കുറയുന്നില്ലേ? ചിലപ്പോൾ മുടിക്ക് കൂടുതൽ പരിചരണം നൽകാനുള്ള അമിതശ്രമം തന്നെ മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. അറിയാതെ ചെയ്യുന്ന ചില ഹെയർ കെയർ ശീലങ്ങൾ മുടി പൊട്ടുന്നതിനും കൊഴിച്ചിൽ വർധിക്കുന്നതിനും കാരണമാകാം. മുടിയെ സംരക്ഷിക്കാനെന്ന പേരിൽ നിങ്ങൾ ചെയ്യുന്ന ഇത്തരം തെറ്റുകൾ ഏതൊക്കെയാണെന്ന് അറിയാം.
ഓവർ കഴുകൽ വേണ്ട
സൾഫേറ്റ് അടങ്ങിയ ഷാംപൂകൾ ഉപയോഗിച്ച് ദിവസവും തലമുടി കഴുകുന്നത് നന്നല്ല. ഇത് തലയോട്ടിയിലെ സ്വാഭാവിക എണ്ണമയം ഇല്ലാതാക്കുകയും അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും. കൂടാതെ മുടിയുടെ വേരുകളെ ബലഹീനമാക്കുകയും മുടി പെട്ടെന്ന് പൊട്ടിപ്പോകാനും ഇടയാക്കും.
മുടി ഇറുക്കി കെട്ടിവെക്കരുത്
എപ്പോഴും മുടി ടൈറ്റായി കെട്ടിവെക്കുന്നത് നന്നല്ല. പോണിടയിലുകൾ, ബണ്ണുകൾ, ഹെയർ എക്സ്റ്റൻഷനുകൾ എന്നിവ തലയോട്ടിയിൽ നിരന്തരം സമ്മർദ്ദം ഉണ്ടാക്കും. ഇത് ‘ട്രാക്ഷൻ അലോപ്പീഷ്യ’ (Traction Alopecia) എന്ന അവസ്ഥയിലേക്കും മുടികൊഴിച്ചിലിലേക്കും നയിക്കുമെന്നും പഠനങ്ങൾ പറയുന്നു.
ഉത്പന്നങ്ങൾ അധികമായാൽ
ഉത്പന്നങ്ങളുടെ അമിത ഉപയോഗവും പ്രശ്നമാണ്. ഷാംപൂ, ലീവ്-ഇൻ കണ്ടീഷണറുകൾ, സ്കാൽപ്പ് സ്ക്രബുകൾ, ബയോട്ടിൻ സപ്ലിമെന്റുകൾ, ഹീറ്റ് സ്റ്റൈലിംഗ് എന്നിവ ഒരേസമയം ഉപയോഗിക്കുന്നത് തലയോട്ടിയിൽ ഇൻഫ്ലമേഷനും മുടികൊഴിച്ചിലും കൂട്ടും.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ലളിതമായ സംരക്ഷണ രീതികൾ പിന്തുടരുന്നതാണ് നല്ലത്.
ദിവസവും തലമുടി കഴുകേണ്ട കാര്യമില്ല
ചൂട് ഉപയോഗിച്ചുള്ള സ്റ്റൈലിംഗുകൾ കുറയ്ക്കുക
ആഴ്ചയിൽ കുറച്ചു ദിവസങ്ങളെങ്കിലും മുടി ലൂസായി കെട്ടുക
ഹെയർ ട്രാൻസ്പ്ലാന്റ് വഴി നശിച്ചുപോയ രോമകൂപങ്ങൾക്ക് പകരം പുതിയ മുടി വച്ചുപിടിപ്പിക്കാൻ സാധിക്കും. എന്നാൽ തെറ്റായ മുടി സംരക്ഷണ രീതികൾ മൂലം സംഭവിക്കുന്ന നാശത്തെ തടയാൻ അതിന് സാധിക്കില്ല.
സ്ഥിരമായി ഉപയോഗിക്കുന്ന ഹെയർ ഉൽപന്നങ്ങളുടെ എണ്ണം രണ്ടോ മൂന്നോ ആയി പരിമിതപ്പെടുത്താം
കൂടുതൽ ഉത്പന്നങ്ങൾ ഉപയോഗിക്കും മുൻപ് വിദഗ്ദാഭിപ്രായം തേടണം
.jpg)

