മോണ രോഗം നിസാരമായി കാണല്ലേ !!

google news
GHiwhg

മോണരോഗത്തെ കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ പലരും വളരെ നിസാരമായൊരു പ്രശ്നമായേ മോണരോഗത്തെ കാണാറുള്ളൂ എന്നതാണ് സത്യം. പക്ഷേ മോണരോഗം അധികപേരും വിചാരിക്കുന്ന അത്രയും നിസാരമല്ല.

സമയബന്ധിതമായി ചികിത്സയിലൂടെ മോണരോഗം പരിഹരിച്ചില്ലെങ്കില്‍ അത് ഭാവിയില്‍ പല തരത്തിലുള്ള പ്രയാസങ്ങളിലേക്കും നയിക്കാം. പ്രത്യേകിച്ച് മറ്റ് രോഗങ്ങളിലേക്ക് മോണരോഗം നമ്മെ നയിക്കാമെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.

മറ്റ് രോഗങ്ങള്‍ എന്നുപറഞ്ഞാല്‍ ഹൃദ്രോഗം പോലെ ഗുരുതരമായ അവസ്ഥകളിലേക്കുള്ള സാധ്യതകളാണ് മോണരോഗത്തിനുള്ളത്. പ്രമേഹം, ബിപി പോലുള്ള അവസ്ഥകളിലേക്കുള്ള സാധ്യതയും മോണരോഗം കൂട്ടുന്നു. ഇവയും തീര്‍ച്ചയായും പിന്നീട് പ്രശ്നത്തിലാക്കുക ഹൃദയം അടക്കമുള്ള അവയവങ്ങളെ തന്നെയാണ്.

ഇവ കൂടാതെ സ്ട്രോക്ക് അഥവാ പക്ഷാഘാതത്തിനുള്ള സാധ്യതയും മോണരോഗം ഉയര്‍ത്തുന്നു.

അങ്ങനെയെങ്കില്‍ മോണരോഗം തിരിച്ചറിയുന്നതിന് അനുസരിച്ച് തന്നെ ചികിത്സയിലൂടെ ഭേദപ്പെടുത്തേണ്ടതിന്‍റെ പ്രാധാന്യം മനസിലായല്ലോ. എങ്ങനെയാണ് മോണരോഗം തിരിച്ചറിയാൻ സാധിക്കുക? തീര്‍ച്ചയായും അതിന്‍റെ ലക്ഷണങ്ങളിലൂടെ തന്നെ.

മോണരോഗത്തിന്‍റെ ലക്ഷണങ്ങള്‍...

മോണയില്‍ അസാധാരണമായ ചുവപ്പുനിറം- അല്ലെങ്കില്‍ പര്‍പ്പിള്‍ നിറം, മോണയില്‍ നിന്ന് രക്തം വരിക, മോണവേദന, വായ്‍നാറ്റം, വായ്ക്ക് അകത്ത് അരുചി അനുഭവപ്പെടുന്നത്, ഭക്ഷണം ചവയ്ക്കുമ്പോള്‍ വേദന, മോണ പല്ലിന്‍റെ നിരയില്‍ നിന്ന് തള്ളിനില്‍ക്കുന്നത്, പല്ല് ഇളകിപ്പറിഞ്ഞുപോരുന്നത്, പല്ലിന്‍റെ നിരയിലും വ്യത്യാസം വരുന്നത് എല്ലാം മോണരോഗത്തിന്‍റെ ലക്ഷണങ്ങളായി വരുന്ന പ്രശ്നങ്ങളാണ്.

എല്ലാവരിലും ഇപ്പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഒരുപോലെ കാണണമെന്നില്ല. അതിനാല്‍ ഇക്കൂട്ടത്തിലേതെങ്കിലും ലക്ഷണങ്ങള്‍ കാണുന്നപക്ഷം തന്നെ ഡെന്‍റിസ്റ്റിനെ കാണുകയും വേണ്ട പരിശോധനകള്‍ നടത്തി, മോണരോഗം ഉറപ്പുവരുത്തിയാല്‍ ചികിത്സ തുടങ്ങുകയും വേണം. ഒരിക്കലും മോണരോഗം വച്ചുകൊണ്ടിരിക്കരുത്. ഇത് ആദ്യമേ സൂചിപ്പിച്ചത് പോലെ പല സങ്കീര്‍ണതകള്‍ക്കാണ് കാരണമാവുക.

Tags