മുന്തിരി വെറും വെള്ളത്തിൽ മാത്രം കഴുകാറുണ്ടോ? എങ്കിൽ നിങ്ങൾക്ക് തെറ്റി! ശരിയായ രീതി ഇതാ
മധുരമുള്ള രുചിയും ആരോഗ്യഗുണങ്ങളും കൊണ്ട് എല്ലാവരുടെയും പ്രിയപ്പെട്ട പഴങ്ങളിൽ ഒന്നാണ് മുന്തിരി. വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ, നാരുകൾ എന്നിവയാൽ സമ്പുഷ്ടമായതിനാൽ ഇത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ജ്യൂസായും നേരിട്ടും സലാഡുകളിലും ഉൾപ്പെടുത്തി മുന്തിരി പലരും പതിവായി കഴിക്കാറുണ്ട്.
എന്നാൽ വിപണിയിൽ നിന്ന് വാങ്ങുന്ന മുന്തിരിയിൽ കീടനാശിനികളുടെ അവശിഷ്ടങ്ങളും പൊടിയും അഴുക്കും സൂക്ഷ്മാണുക്കളും ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ കഴിക്കുന്നതിന് മുമ്പ് ശരിയായ രീതിയിൽ വൃത്തിയാക്കേണ്ടത് പ്രധാനമാണ്. വളരെ ലളിതമായ ചില മാർഗങ്ങളിലൂടെ മുന്തിരി സുരക്ഷിതമായി കഴിക്കാൻ എങ്ങനെ വൃത്തിയാക്കാമെന്ന് നോക്കാം.
ബേക്കിംഗ് സോഡ ഉണ്ടോ?
ബേക്കിംഗ് സോഡ മുന്തിരിയിലെ വിഷാംശവും അണുക്കളും നീക്കം ചെയ്യാൻ മികച്ചതാണ്. ഇതിനായി ഒരു ലിറ്റർ വെള്ളത്തിൽ ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ചേർക്കണം. ഇതിൽ മുന്തിരി 15 മിനിറ്റ് മുക്കിവെക്കുക. ശേഷം നല്ല വെള്ളത്തിൽ കഴുകിയെടുത്ത് കഴിക്കാം.
വിനാഗിരിയും ബെസ്റ്റ്
മുന്തിരി വിനാഗിരി ഉപയോഗിച്ചും വൃത്തിയാക്കാനാകും. ഇതിനായി ഒരു പാത്രം വെള്ളത്തിൽ അല്പം വിനാഗിരി ചേർത്ത ശേഷം മുന്തിരി മുക്കിവെക്കാം.
ഒഴുകുന്ന വെള്ളത്തിൽ കഴുകാം
ബേക്കിംഗ് സോഡയിലോ വിനാഗിരിയിലോ മുക്കിവെച്ച മുന്തിരി, പിന്നീട് ടാപ്പിന് താഴെ ഒഴുകുന്ന വെള്ളത്തിൽ നന്നായി കഴുകാൻ ശ്രദ്ധിക്കണം. ഇത് മുന്തിരിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകൾ പൂർണമായും മാറ്റാൻ സഹായിക്കും.
ഈർപ്പം കളയാൻ മറക്കരുത്
കഴുകിയെടുത്ത മുന്തിരിയിലെ ഈർപ്പം ഉടൻ തന്നെ മാറ്റണം. ഇതിനായി വൃത്തിയുള്ള കോട്ടൺ തുണി ഉപയോഗിച്ച് തുടക്കാം. വെള്ളം തങ്ങിനിൽക്കുന്നത് മുന്തിരി വേഗത്തിൽ ചീഞ്ഞുപോകാൻ കാരണമാകും.
.jpg)

