പാമ്പ് കടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

Beware of snakes; here's how to treat them without fear

 പാമ്പ് ഭീതിയിൽ കൂടിയാണ് കേരളം. പാമ്പ് കടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?കടിയേറ്റാൽ ചെയ്യേണ്ട പ്രഥമശുശ്രൂഷ എന്ത്? കടിയേറ്റാൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ എന്തൊക്കെ? അറിയാം.

ഉഷ്ണതരം​ഗത്തിന് പിന്നാലെയാണ് പാമ്പുകളെ കുറിച്ചുള്ള ഭീതിയും കേരളത്തിൽ ഉയരുന്നത്. പാമ്പുകളുടെ താവളം ഒരുക്കുന്നതിൽ മനുഷ്യന്റെ അശ്രദ്ധയ്ക്കും വലിയ പങ്കുണ്ട്. വീട്ടു പരിസരത്തെ പുല്ലും കാടുകളും വെട്ടിത്തെളിച്ച് സൂക്ഷിക്കലാണ് ഇതിൽ പ്രധാനം. വിറക്, ചിരട്ട, പഴയ പാത്രങ്ങൾ എന്നിവ കൂട്ടിയിടാതെ സൂക്ഷിക്കുക, രാത്രിയിൽ പുറത്തിറങ്ങുമ്പോൾ വെളിച്ചം ഉപയോ​ഗിക്കുക എന്നീ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്.

രാത്രി തറയിൽ കിടന്നുറങ്ങുന്നത് ഒഴിവാക്കുന്നത് വെള്ളിക്കെട്ടൻ പോലുള്ള പാമ്പുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കും. ഉറങ്ങുമ്പോൾ കട്ടിലോ കൊതുകുവലയോ ഉപയോഗിക്കുക, പറമ്പിൽ ഇറങ്ങുമ്പോൾ കട്ടിയുള്ള പാദരക്ഷകളും നീളമുള്ള പാന്റ് ധരിക്കുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കണം. വീട്ടിലെ വിടവുകൾ പാമ്പുകൾ കടക്കാതിരിക്കാൻ അടച്ച് സൂക്ഷിക്കണം. കടിയേറ്റാൽ ഒരിക്കലും പരിഭ്രമിക്കരുത്. പേടിക്കുമ്പോൾ ഹൃദയമിടിപ്പ് വർദ്ധിക്കുകയും വിഷം വേഗത്തിൽ ശരീരത്തിൽ വ്യാപിക്കുകയും ചെയ്യും.

കടിയേറ്റ ഭാഗം ഹൃദയത്തിന്റെ നിരപ്പിന് താഴെ അനക്കാതെ വയ്ക്കുക, നീരു വരാൻ സാധ്യതയുള്ളതിനാൽ മോതിരം, ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കുക എന്നതും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. കടിയേറ്റാൽ ഉടൻ ആശുപത്രിയിൽ എത്തിച്ച് Anti-Snake Venom നൽകാൻ ശ്രദ്ധിക്കണം. കടിച്ച പാമ്പിനെ തിരിച്ചറിയുക എന്നതും പ്രധാനമാണ്. കടിച്ച പാമ്പിനെ പിടിക്കാനോ കൊല്ലാനോ ശ്രമിക്കരുത്. സാധിക്കുമെങ്കിൽ മാറി നിന്ന് പാമ്പിന്റെ ഒരു ഫോട്ടോ എടുക്കുക. ഇത് തുടർ ചികിത്സയ്ക്ക് സഹായിക്കും. മുറിവിന് മുകളിൽ തുണിയോ കയറോ കെട്ടരുത്. ഇങ്ങനെ ചെയ്താൽ രക്തയോട്ടം കുറഞ്ഞ് കോശങ്ങൾ നശിക്കും. അതുപോലെ മുറിവ് മുറിക്കാനോ വായ ഉപയോ​ഗിച്ച് വിഷം വലിച്ചെടുക്കാനോ ശ്രമിക്കരുത്. മുറിവിൽ ഐസ് വെക്കരുത്. മുറിവിൽ മന്ത്രവാദം, പച്ചമരുന്ന് പ്രയോഗങ്ങൾ തുടങ്ങിയ അശാസ്ത്രീയ രീതികൾ പരീക്ഷിക്കരുത്. മദ്യം, കഫീൻ, വേദനസംഹാരികൾ എന്നിവ നൽകാതിരിക്കാനും ശ്രദ്ധിക്കണം. പാമ്പിനെ കണ്ടാൽ ഉടൻതന്നെ വനംവകുപ്പിനെയോ സർപ്പ വളണ്ടിയർമാരെയോ അറിയിക്കാനും ശ്രദ്ധിക്കണം.
 

Tags