നല്ല ഉറക്കം കിട്ടാൻ ഇങ്ങനെ ചെയ്യാം


ആവശ്യത്തിന് ഉറക്കം കിട്ടിയില്ലെങ്കില്‍ ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കും. പ്രായയപൂര്‍ത്തിയായവര്‍ 7 മുതല്‍ 9 മണിക്കൂര്‍ വരെ ഉറങ്ങേണ്ടതുണ്ട്. ഉറക്ക്കുറവ് ബുദ്ധിയെയും ചിന്താശേഷിയെയും ഓര്‍മയേയും ഹൃദയാരോഗ്യത്തെയും ചര്‍മത്തെയും പ്രതികൂലമായി ബാധിക്കും.
ഉറങ്ങുന്നതിന് ഒന്നര മണിക്കൂര്‍ മുന്‍പെങ്കിലും ഇലക്ട്രോണിക് ഡിവൈസുകള്‍ ഒഴിവാക്കുക. ഉറങ്ങുന്നതിനു തൊട്ടുമുന്‍പ് വരെ മൊബൈല്‍ നോക്കുന്ന ശീലക്കാരാണ് ഭൂരിഭാഗവും. സ്‌ക്രീനില്‍ നിന്നുള്ള നീലവെളിച്ചം ഉറക്കം ഇല്ലാതെയാകും. അത് കണ്ണുകളെ ക്ഷീണിപ്പിക്കുകയും ചെയ്യും.
ദിവസവും വ്യായാമം ശീലമാക്കുക. അര മണിക്കൂറെങ്കിലും നിര്‍ബന്ധമായും വ്യായാമം ചെയ്യണം. ഇത് കൃത്യസമയത്ത് ഉറക്കം വരാന്‍ സഹായിക്കും. രാത്രി കിടക്കുന്നതിന് മുന്‍പ് വ്യായാമം പാടില്ല.
ഉറങ്ങുന്നതിന് മുന്‍പ് കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക. ആറ് മണിക്കൂറോളം ശരീരത്തില്‍ കഫീന്റെ പ്രവര്‍ത്തനം ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കിടക്കുന്നതിന് 3 മണിക്കൂര്‍ മുന്‍പെങ്കിലും കഫീന്‍ കുടിക്കുന്നത് അവസാനിപ്പിക്കണം.
സൂര്യപ്രകാശം വേണ്ട അളവില്‍ കിട്ടാത്തതും ഉറക്കത്തിനെ ബാധിക്കും. അര മണിക്കൂറെങ്കിലും ഇളംവെയില്‍ കൊള്ളാന്‍ ശ്രമിക്കണം.
രാത്രി വാരിവലിച്ചു കഴിക്കാതെ മിതമായി ഭക്ഷണം ശീലിക്കുക. വയറു നിറഞ്ഞിരുന്നാല്‍ ഉറക്കം വരില്ല. അത്താഴം കിടക്കുന്നതിനും ഒന്നര മണിക്കൂര്‍ മുന്‍പെങ്കിലും കഴിച്ചിരിക്കണം.

കിടക്കുന്നതിന് മുന്‍പ് മദ്യവും പുകവലിയും ഒഴിവാക്കണം. ഇത് ഉറക്കത്തിന്റെ നിലവാരം കുറയ്ക്കും.
പകല്‍ സമയങ്ങളില്‍ ഉറങ്ങരുത്. പകല്‍ 20 മിനുട്ട് ഉറങ്ങുന്നത് പവര്‍ നാപ്പായി കണക്കാക്കും. അതില്‍ക്കൂടുതല്‍ ഉറങ്ങുന്നത് രാത്രി ഉറക്കത്തെ ബാധിക്കും.
കിടപ്പുമുറി ഉറക്കത്തിന് അനുയോജ്യമായി സെറ്റ് ചെയ്യുക. വെളിച്ചം കടക്കാതെ ജനാലകള്‍ കര്‍ട്ടനിടാം. മെത്തയും തലയിണയും പുതപ്പും ഇഷ്ടത്തിനനുസരിച്ച് ഒരുക്കാം.
എന്നും കൃത്യം ഒരു സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക. ആദ്യം ശീലമായിക്കിട്ടാന്‍ അല്പം പ്രയാസം തോന്നുമെങ്കിലും പിന്നീട് ശരീരം അതിനനുസരിച്ച് സ്വയം ചിട്ടപ്പെടും. പിന്നെ സ്വാഭാവികമായും ആ നേരത്ത് ഉറക്കം വന്നുകൊള്ളും.
അനാവശ്യമായ ആശങ്കകളും ആധിയുമായി ഉറങ്ങാന്‍ പോകരുത്. ഇത് ഉറക്കമില്ലാതെയാക്കും. ദുസ്വപ്നങ്ങളും വന്നേക്കും. മനസ്സിനെ ശാന്തമാക്കാന്‍ മെഡിറ്റേഷനോ പ്രാര്‍ത്ഥനയോ ആകാം. ശാന്തമായ മനസ്സുമായി ഉറങ്ങാന്‍ കിടക്കുക.