ഫ്രഞ്ച് ഫ്രൈസ് പ്രിയരാണോ നിങ്ങൾ ? എങ്കില്‍ ഇത് അറിഞ്ഞോളൂ ...
പുറത്തുനിന്ന് വാങ്ങിക്കഴിക്കുന്ന ഭക്ഷണങ്ങളുടെ പട്ടികയെടുത്താല്‍ അതില്‍ മുൻനിരയില്‍ തന്നെ ഉള്‍പ്പെട്ടേക്കാവുന്ന വിഭവങ്ങളാണ് ഫ്രൈഡ് ചിക്കനും ഫ്രൈസുമെല്ലാം. ആഴ്ചയിലൊരിക്കലെങ്കിലും ഫ്രൈസ് കഴിക്കുന്ന പതിവുള്ള നിരവധി പേര്‍ ഉണ്ട്.
ഫ്രൈസ് എന്ന് പറയുമ്പോള്‍ വെറും ഉരുളക്കിഴങ്ങല്ലേ. അതില്‍ ആരോഗ്യത്തിന് ഭീഷണിയൊന്നുമില്ലല്ലോ എന്നായിരിക്കും മിക്കവരും ചിന്തിക്കുക. എന്നാല്‍ ഫ്രൈസും പതിവാക്കിയാല്‍ 'പണി'യാണെന്നാണ് പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നത്.
ചൈനയില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. പിഎന്‍എസ് (പ്രൊസീഡിംഗ്സ് ഓഫ് ദ നാഷണല്‍ അക്കാഡമി ഓഫ് സയൻസസ് ഓഫ് ദ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക) എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്‍റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്.
ഫ്രഞ്ച് ഫ്രൈസ് പതിവായി കഴിക്കുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് വിഷാദം (ഡിപ്രഷൻ), ഉത്കണ്ഠ എന്നിവ പിടിപെടാൻ യഥാക്രമം ഏഴ് ശതമാനവും, 12 ശതമാനവും അധികസാധ്യതയുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. എന്നാല്‍ പഠനത്തിന്‍റെ ആധികാരികത സംബന്ധിച്ച് ഇപ്പോഴും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
പൊതുവെ പ്രോസസ്ഡ് ഫുഡ്സ് ശാരീരികാരോഗ്യത്തിനും മാനസികാരോഗ്യത്തിനും അത്ര നല്ലതല്ലെന്ന് പല പഠനങ്ങളും നേരത്തെ തന്നെ ചൂണ്ടിക്കാട്ടപ്പെട്ടിട്ടുള്ളതാണ്. ഇതുമായി ചേര്‍ന്നുനില്‍ക്കുന്ന നിരീക്ഷണങ്ങള്‍ തന്നെയാണ് ഈ പഠനവും മുന്നോട്ടുവയ്ക്കുന്നത്.
11 കൊല്ലത്തിലധികം എടുത്താണത്രേ ഗവേഷകര്‍ തങ്ങളുടെ പഠനം പൂര്‍ത്തിയാക്കിയത്. ആകെ ഒന്നര ലക്ഷത്തോളം പേരെയാണ് പഠനത്തിനായി തെരഞ്ഞെടുത്തതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.