എല്ലുകളുടെ ബലത്തിനായി കഴിക്കാം ഈ ഭക്ഷണങ്ങള്‍...

google news
bone

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ് കാത്സ്യം. കാത്സ്യം ശരീരത്തിൽ കുറയുമ്പോൾ സന്ധി വേദന, നാഡീ സംബന്ധമായ രോഗങ്ങൾ, കൈകാലുകളിൽ തളർച്ച, നടുവേദന തുടങ്ങിയ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എല്ലിന്‍റെ ബലത്തിന് മാത്രമല്ല മസ്തിഷ്‌കം, എല്ലുകളോട് ചേര്‍ന്നിരിക്കുന്ന പേശികള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കും കാത്സ്യം അത്യന്താപേക്ഷിതമായ ഘടകമാണ്. നാം കഴിക്കുന്ന ഭക്ഷണമാണ് കാത്സ്യത്തിന്‍റെ പ്രധാന ഉറവിടം.

അത്തരത്തില്‍ എല്ലുകളുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട കാത്സ്യം അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്...

പാല്‍, ചീസ്, യോഗർട്ട് തുടങ്ങിയ പാലുല്‍പ്പന്നങ്ങളില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ‌ അതിനാല്‍ ഫാറ്റ് കുറവുള്ള ഇത്തരം ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

രണ്ട്...

ഇലക്കറികളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങൾ ധാരാളം അടങ്ങിയ ഇലക്കറികളിൽ നിന്നും ശരീരത്തിന് ആവശ്യമായ കാത്സ്യം ലഭിക്കും. അതിനാൽ ചീര, ബ്രൊക്കോളി, മുരിങ്ങയില തുടങ്ങിയവ പതിവായി ഡയറ്റിൽ ഉൾപ്പെടുത്താം.

മൂന്ന്...

മത്സ്യം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രത്യേകിച്ച് സാല്‍മണ്‍ ഫിഷില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിന്‍ ഡിയും ഒമേഗ 3 ഫാറ്റി ആസിഡും ഇവയിലുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

നാല്...

നട്സും അതുപോലെ എള്ള്, ചിയ പോലുള്ള വിത്തിനങ്ങൾ ശരീരത്തിന് വളരെ വേഗം ഊർജ്ജം പ്രദാനം ചെയ്യുന്നതാണ്. ഇവയിൽ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിന് ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

അഞ്ച്...

ബീന്‍സ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍, പ്രോട്ടീന്‍, മറ്റ് മിനറലുകള്‍ എന്നിവ ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ സോയ ബീന്‍സ്, ഗ്രീന്‍ ബീന്‍സ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

Tags