ചർമ്മത്തിലെ വരൾച്ച മാറ്റാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം...

ചര്‍മ്മത്തിന്‍റെ ഭംഗി- ആരോഗ്യം എന്നീ കാര്യങ്ങളിലേക്ക് വരുമ്പോള്‍ മിക്കവരും പുറമേക്ക് ഉപയോഗിക്കുന്ന ഉത്പന്നങ്ങളെ കുറിച്ച് മാത്രമാണ് ചിന്തിക്കുക. എന്നാല്‍ നാം കഴിക്കുന്ന ഭക്ഷണം അടക്കം നമ്മുടെ എല്ലാ ജീവിതരീതികളും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ സ്വാധീനിക്കാറുണ്ട് എന്നതാണ് സത്യം.
ഇതില്‍ ഭക്ഷണത്തിനുള്ള പ്രാധാന്യം വളരെയേറെയാണ്. പക്ഷേ മിക്കവാറും പേരും ഇത് മനസിലാക്കുന്നില്ലെന്നതാണ്. ഇത്തരത്തില്‍ ചര്‍മ്മപ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനും ഒരു പരിധി വരെ നമുക്ക് ഭക്ഷണത്തെ ആശ്രയിക്കാവുന്നതാണ്.
ഇങ്ങനെ മഞ്ഞുകാലത്ത് കണ്ടുവരുന്ന- ചര്‍മ്മം ഡ്രൈ ആയിപ്പോകുന്ന അവസ്ഥയെ പ്രതിരോധിക്കാൻ നമുക്ക് കഴിക്കാവുന്ന ചില കിടിലൻ ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
മധുരക്കിഴങ്ങ് ആണ് ഈ പട്ടികയിലുള്‍പ്പെടുന്നൊരു വിഭവം. വൈറ്റമിൻ- എയാല്‍ സമ്പന്നമാണ് മധുരക്കിഴങ്ങ്. ഇതാണ് ചര്‍മ്മത്തിന് ഗുണകരമാകുന്നത്. ബീറ്റ കെരോട്ടിൻ- എന്ന ചര്‍മ്മത്തിന് ഏറെ പ്രയോജനപ്രദമാകുന്ന മറ്റൊരു ഘടകം കൂടി മധുരക്കിഴങ്ങിലടങ്ങിയിട്ടുണ്ട്.
രണ്ട്...
നട്ട്സും സീഡ്സും കഴിക്കുന്നതും മഞ്ഞുകാലത്ത് സ്കിൻ വരണ്ടുപോകുന്നത് തടയാൻ സഹായിക്കുന്നു. ആന്‍റി-ഓക്സിഡന്‍റ്സ്, വൈറ്റമിൻ-ഇ, ഫാറ്റി ആസിഡ്സ് എന്നിങ്ങനെ അകത്തുനിന്ന് ചര്‍മ്മത്തെ പരിപോഷിപ്പിക്കാൻ കഴിവുള്ള പല ഘടകങ്ങളുടെയും സ്രോതസാണ് നട്ട്സും സീഡ്സും. ചര്‍മ്മത്തിനേറ്റ കേടുപാടുകള്‍ പരിഹരിക്കുന്നതിനും ചര്‍മ്മം ഭംഗിയാക്കുന്നതിനുമെല്ലാം നട്ട്സും സീഡ്സും സഹായിക്കുന്നു.
മൂന്ന്...
സ്പിനാഷ് എന്ന ഇലവര്‍ഗവും ചര്‍മ്മം വല്ലാതെ ഡ്രൈ ആകുന്നത് തടയാൻ സഹായിക്കുന്നു. വിവിധ പോഷകങ്ങള്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവയുടെയെല്ലാം സ്രോതസാണ് സ്പിനാഷ്. ഇനി സ്പിനാഷ് ഇല്ലെങ്കില്‍ നമ്മുടെ നാടൻ ചീര ആയാലും അത് കഴിക്കാവുന്നതാണ്.
നാല്...
അവക്കാഡോയും ഇതുപോലെ ചര്‍മ്മം വരണ്ടുപോകുന്നത് തടയാൻ സഹായിക്കുന്നതാണ്. ആന്‍റി-ഓക്സിഡന്‍റ്സ്, ബീറ്റ-കെരോട്ടിൻ, ഫോളേറ്റ്, ഒമേഗ-3 ഫാറ്റി ആസിഡ്സ്, വൈറ്റമിൻ-സി, വൈറ്റമിൻ -ഇ എന്നിങ്ങനെ പല ഘടകങ്ങളും അവക്കാഡോയെ ചര്‍മ്മത്തിന് ഗുണകരമാകുന്ന ഭക്ഷണമാക്കി മാറ്റുന്നു.
അഞ്ച്...
മീൻ കഴിക്കുന്നതും ചര്‍മ്മം വല്ലാതെ ഡ്രൈ ആയിപ്പോകുന്നത് തടയാൻ സഹായിക്കുന്നു. മീനിലടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ്സ് ആണ് ഇതിന് സഹായിക്കുന്നത്. എന്നാല്‍ മീൻ എണ്ണയില്‍ വറുക്കുന്നതിനെക്കാള്‍ നല്ലത് വേവിച്ചോ ബേക്ക് ചെയ്തോ പൊള്ളിച്ചോ എല്ലാം കഴിക്കുന്നതാണ്.