ആരോഗ്യകരമായ ജീവിതത്തിന് ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാമോ ?

google news
eat

ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയും ഭക്ഷണകാര്യത്തില്‍ ശ്രദ്ധ നല്‍കുകയും ചെയ്യതാല്‍ ഒരു പരിധി വരെ നിങ്ങള്‍ക്ക് ആരോഗ്യത്തെ സംരക്ഷിക്കാം. ആരോഗ്യകരമായ ജീവിതത്തിന് ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

പഴങ്ങളും പച്ചക്കറികളും ധാരാളം ഡയറ്റില്‍ ഉള്‍പ്പെടുത്തുക. വിറ്റാമിനുകളും മിനറലുകളും ഫൈബറും ധാരാളം അടങ്ങിയ ഇവ കഴിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും.

രണ്ട്...

മത്സ്യം, ചിക്കൻ, പയർവർഗ്ഗങ്ങൾ തുടങ്ങിയ പ്രോട്ടീനുകൾ അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഡയറ്റില്‍ ഉള്‍പ്പെടുത്താം. എല്ലുകളുടെ ആരോഗ്യത്തിന് ഇവ പ്രധാനമാണ്.

മൂന്ന്...

കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. ജങ്ക് ഫുഡ് പരമാവധി ഒഴിവാക്കുകയാണ് ആരോഗ്യത്തിന് നല്ലത്.

നാല്...

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും പരമാവധി കുറയ്ക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഇവ കൊളസ്ട്രോള്‍ കൂട്ടും. അതുപോലെ തന്നെ റെഡ് മീറ്റ് കഴിക്കുന്നതും പരമാവധി കുറയ്ക്കാം.  

അഞ്ച്...

പഞ്ചസാരയുടെ ഉപയോഗം പരിമിതപ്പെടുത്തുക. പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ കലോറി കൂട്ടുകയും അത് ആരോഗ്യത്തിനെ മോശമായി ബാധിക്കുകയും ചെയ്യും. പ്രമേഹത്തിനും അമിതവണ്ണത്തിനും അത് വഴിയൊരുക്കും.

ആറ്...

ഉപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളും കുറയ്ക്കുന്നതാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനും നല്ലത്.

ഏഴ്...

വെള്ളം ആവശ്യത്തിന് കുടിച്ചില്ലെങ്കില്‍, അത് നിങ്ങളുടെ ശരീരത്തെ മോശമായി ബാധിക്കാം. തിരക്കിനിടയില്‍ പലരും ശരീരത്തിന് ആവശ്യമായ വെള്ളം കുടിക്കാറില്ല. ഇതാണ് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നത്. അതിനാല്‍  ദിവസവും എട്ട് മുതൽ പത്ത് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം.

Tags