ഫാറ്റി ലിവര്‍ : മുഖത്ത് കാണുന്ന ഈ ലക്ഷണങ്ങളെ നിസ്സാരമായി കാണരുത്

google news
fatty

കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥ ആണ് നോൺ ആൽക്കഹോളിക് ഫാറ്റി ലിവര്‍ രോഗം. വളരെയധികം കലോറി ഉപഭോഗം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയവ മൂലമാണ് പലപ്പോഴും കരളിൽ കൊഴുപ്പ് അടിയുന്നത്. ഫാറ്റി ലിവര്‍ ഉള്ള എല്ലാവര്‍ക്കും ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകണമെന്നില്ല. പക്ഷേ, ചിലരില്‍ കരളില്‍ നിറയുന്ന കൊഴുപ്പിന്റെ പ്രവര്‍ത്തനം മൂലം കോശങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യും. അത് പിന്നീട് ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കും.

പലരിലും ഫാറ്റി ലിവർ രോഗ ലക്ഷണങ്ങളില്ലാത്തതിനാൽ ആദ്യഘട്ടത്തിൽ തിരിച്ചറിയപ്പെടാതെ പോകുന്നു. എന്നാല്‍ ചില ഫാറ്റി ലിവർ രോഗികളിൽ മുഖത്ത് ദൃശ്യമാകുന്ന ചില ലക്ഷണങ്ങള്‍ കാണിക്കാം എന്നാണ്  ഡോ. വിക്രം വോറ (Medical Director, International SOS) പറയുന്നത്. കണ്ണുകളുടെ വീക്കവും ഇരുണ്ട വൃത്തങ്ങളും, കണ്ണുകൾക്കും വായയുടെ കോണുകളിലും കാണുന്ന ചുളിവുകളും, കണ്ണുകളുടെ മഞ്ഞനിറവുമൊക്കെ ഫാറ്റി ലിവര്‍ രോഗത്തിന്‍റെ ലക്ഷണമാകാം എന്നും ഡോ. വോറ പറയുന്നു. മുഖത്തെ വീക്കം, മുഖക്കുരു വഷളാകുക , കവിളുകളുടെ ചുവപ്പ് തുടങ്ങിയവൊക്കെ ചിലപ്പോള്‍‌ ഇത് ലക്ഷണമാകാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു.

രോഗം പുരോഗമിക്കുമ്പോൾ, ചർമ്മത്തില്‍ മഞ്ഞനിറം ഉണ്ടാകാം. കരളിന്‍റെ പ്രവര്‍ത്തനം താറുമാറാകുമ്പോള്‍, ബിലിറൂബിന്‍ അമിതമായി ചര്‍മ്മത്തിന് താഴെ അടിഞ്ഞു കൂടും. ഇതാണ് മഞ്ഞപ്പിത്തത്തിന് കാരണമാകുന്നത്. കൂടാതെ അടിവയറ്റിലെ വീക്കം, വീര്‍ത്ത വയര്‍ എന്നിവയാണ് ചിലരെ ബാധിക്കുന്ന ലക്ഷണങ്ങള്‍. ചിലരില്‍ വയര്‍ വേദന, മനംമറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങളും ഫാറ്റി ലിവറിന്‍റെ ഭാഗമായി ഉണ്ടാകാം. വയറിന്‍റെ വലത്ത് വശത്ത് മുകളിലായാണ് വേദന സാധാരണ ഉണ്ടാവുക. രക്തസ്രാവം ആണ് ചിലരില്‍ കാണുന്ന മറ്റൊരു ലക്ഷണം. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്രോട്ടീനുകള്‍ കരളിന് ആവശ്യത്തിന് ഉൽപാദിപ്പിക്കാന്‍ കഴിയാതാകുന്നതാണ് ഇതിനുള്ള കാരണം. ഫാറ്റി ലിവറിന്‍റെ ഭാഗമായി ചിലരില്‍ ഭാരം നഷ്ടമാകല്‍, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങളും അനുഭവപ്പെട്ടേക്കാം.

Tags