ഫാറ്റി ലിവർ : ലക്ഷണങ്ങളിതാ...

കരളിൽ അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് ഫാറ്റി ലിവർ എന്ന രോഗം. അമിതമായ മദ്യപാനം മൂലം ഇത് സംഭവിക്കാം. ശരീരത്തിലെ രണ്ടാമത്തെ വലിയ അവയവമാണ് കരൾ. ഭക്ഷണത്തിൽ നിന്നും പാനീയങ്ങളിൽ നിന്നുമുള്ള പോഷകങ്ങൾ പ്രോസസ്സ് ചെയ്യാനും രക്തത്തിൽ നിന്ന് ദോഷകരമായ വസ്തുക്കളെ ഫിൽട്ടർ ചെയ്യാനും കരൾ സഹായിക്കുന്നു.
കരളിലെ വളരെയധികം കൊഴുപ്പ് കരൾ വീക്കത്തിന് കാരണമാകും. ഇത് നിങ്ങളുടെ കരളിനെ തകരാറിലാക്കുകയും പാടുകൾ ഉണ്ടാക്കുകയും ചെയ്യും. കഠിനമായ കേസുകളിൽ, ഈ പാടുകൾ കരൾ തകരാറിലേക്ക് നയിച്ചേക്കാം. ധാരാളം മദ്യം കഴിക്കുന്ന ഒരാളിൽ ഫാറ്റി ലിവർ വികസിച്ചാൽ അത് ആൽക്കഹോൾ ഫാറ്റി ലിവർ ഡിസീസ് (AFLD) എന്നറിയപ്പെടുന്നു.
2017 ലെ ഒരു പഠനം പറയുന്നത് യുഎസിലും യൂറോപ്പിലും 25 മുതൽ 30 ശതമാനം വരെ ആളുകളെ NAFLD ബാധിച്ചിട്ടുണ്ടെന്നാണ്. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുകയും വീക്കവും കോശങ്ങൾക്ക് നാശം സംഭവിക്കുകയുമാണെങ്കിൽ അതിനെ നോൺ ആൽക്കഹോളിക് സ്റ്റീറ്റോഹെപ്പറ്റൈറ്റിസ് (NASH) എന്ന് വിളിക്കുന്നു. അമിതമായ ക്ഷീണം, ബലഹീനത, ശരീരഭാരം കുറയൽ, ചർമ്മത്തിലോ കണ്ണുകളിലോ ഉള്ള മഞ്ഞനിറം, വിട്ടുമാറാത്ത ചൊറിച്ചിൽ തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ.
അമിതഭാരം, ഉയർന്ന കൊഴുപ്പ്, ഉയർന്ന കൊളസ്‌ട്രോൾ, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിവ ഒരാൾക്ക് ഈ രണ്ട് തരത്തിലുള്ള ഫാറ്റി ലിവർ ഡിസീസ് ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും. ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെയും ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിലൂടെയും നിങ്ങൾക്ക് NAFLD, NASH എന്നീ അവസ്ഥകളെ തടയാൻ കഴിയും.
' ഫാറ്റി ലിവർ തടയാനുള്ള ഏറ്റവും നല്ല മാർഗമാണ് ആരോഗ്യകരമായ ഭക്ഷണക്രമമാണ്. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളും കോളകളും ടിന്നിലടച്ച ജ്യൂസുകളും പോലുള്ള സംസ്കരിച്ച പഞ്ചസാരയും ഒഴിവാക്കുക. രണ്ട് മാസത്തിനുള്ളിൽ കാർബോഹൈഡ്രേറ്റ് കഴിക്കുന്നത് കുറയ്ക്കുന്നത് ഫാറ്റി ലിവർ ഗണ്യമായി കുറയ്ക്കും. പ്രമേഹമുള്ളവർ കരളിന്റെ പ്രവർത്തനം ഉൾപ്പെടെയുള്ള കരൾ പരിശോധനയും കരളിലെ കൊഴുപ്പും നേരത്തെയുള്ള നാശവും വിലയിരുത്താൻ സ്കാനിംഗും നടത്തണം...' - സീനിയർ കൺസൾട്ടന്റ് - എച്ച്പിബി ആന്റ് ട്രാൻസ്പ്ലാൻറ് സർജറി ഡോ. സോണാൽ അസ്താന പറഞ്ഞു.
' മോശം കൊളസ്ട്രോളിന്റെ അളവ് മൊത്തത്തിലുള്ള ആരോഗ്യത്തിന് ദോഷകരമാണ്. ഇത് പ്രധാനമായും ഹൃദയാരോഗ്യത്തെ ബാധിക്കും. കൊളസ്ട്രോൾ നിലനിർത്താൻ പഴങ്ങളും പച്ചക്കറികളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. കൂടാതെ, കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ, പഞ്ചസാര ചേർത്ത ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കാൻ ശ്രമിക്കുക...' - ഡോ. സോണൽ പറഞ്ഞു. നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ...
ഒന്ന്...
ഏതൊരു കരൾ രോഗത്തിന്റെയും പ്രധാന ലക്ഷണങ്ങളിലൊന്നാണ് കടുത്ത ക്ഷീണം. കാര്യമായ പ്രവർത്തങ്ങൾ ഒന്നും ചെയ്യാതെ നിങ്ങൾക്ക് എപ്പോഴും ക്ഷീണം തോന്നുന്നുവെങ്കിൽ കരളിന് പ്രശ്നമുണ്ടെന്ന് കരുതണം.
രണ്ട്...
ഏതെങ്കിലും തരത്തിലുള്ള കരൾ രോഗങ്ങൾ മഞ്ഞപ്പിത്തത്തിന് കാരണമായേക്കാം. ചർമ്മത്തിന്റെയും കണ്ണുകളുടെയും മഞ്ഞനിറം മഞ്ഞപ്പിത്ത രോഗത്തിന്റെ ലക്ഷണമാണ്.
മൂന്ന്...
കരൾ രോഗങ്ങൾ ഒരു വ്യക്തിയുടെ പിത്തരസം വഹിക്കുന്ന നാഡികളെ തകരാറിലാക്കും. അതിന്റെ ഫലങ്ങൾ ചർമത്തിൽ പ്രതിഫലിക്കും. നിങ്ങളുടെ ചർമ്മത്തിന് കീഴിൽ പിത്തരസം ലവണങ്ങൾ അടിഞ്ഞുകൂടുന്നതിനാൽ ഇത് ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാക്കാം.
നാല്...
കരളിന്റെ പ്രവർത്തനം തകരാറിലാകുമ്പോൾ ആമാശയത്തിൽ വീക്കം ഉണ്ടാകുന്നു. കരളിന് പ്രശ്‌നം വരുമ്പോൾ ആമാശയത്തിൽ ദ്രാവകം കെട്ടിക്കിടക്കുകയും സാധാരണ ആമാശയ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.