കണ്ണ് തുടിക്കുന്നത് പതിവാകുന്നുണ്ടോ? അവഗണിക്കരുത് ഈ ലക്ഷണങ്ങൾ!
കണ്ണ് തുടിക്കുന്നത് നല്ലതിന്റെ ലക്ഷണമെന്നോ മോശമായതിന്റെ മുന്നറിയിപ്പാണെന്നോ വിശ്വസിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇതിന് പിന്നിൽ യാതൊരുവിധ അന്ധവിശ്വാസവുമില്ലെന്നും ഇതൊരു ശാസ്ത്രീയമായ പ്രതിഭാസമാണെന്നും വൈദ്യശാസ്ത്രം വ്യക്തമാക്കുന്നു. വൈദ്യശാസ്ത്രപരമായി ‘മയോകൈമിയ’ (Myokymia) എന്ന് വിളിക്കുന്ന കൺപോളകളിലെ ഈ അനിയന്ത്രിതമായ ചലനം പലപ്പോഴും നമ്മുടെ ജീവിതശൈലിയിലെ ചില പിഴവുകൾ കാരണമാണ് ഉണ്ടാകുന്നത്. കണ്ണ് തുടിക്കുന്നതിന്റെ പ്രധാന കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം:
അമിതമായ മാനസിക സമ്മർദ്ദമാണ് കണ്ണ് തുടിപ്പിന്റെ പ്രധാന കാരണങ്ങളിലൊന്ന്. നമ്മൾ വലിയ പിരിമുറുക്കത്തിലൂടെ കടന്നുപോകുമ്പോൾ കൺപോളകളിലെ ചെറിയ പേശീ ഗ്രൂപ്പുകൾ തെറ്റായി പ്രതികരിക്കാൻ തുടങ്ങും. ഇതിന് പുറമെ ഉറക്കക്കുറവും ശാരീരിക ക്ഷീണവും കണ്ണിന് ചുറ്റുമുള്ള പേശികളെ തളർത്തുകയും തുടിപ്പിന് കാരണമാവുകയും ചെയ്യുന്നു. ഇന്നത്തെ കാലത്ത് ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗം മൂലം കണ്ണുകൾക്കുണ്ടാകുന്ന ആയാസവും ഒരു പ്രധാന വില്ലനാണ്. കഫീൻ അടങ്ങിയ ചായ, കാപ്പി, എനർജി ഡ്രിങ്കുകൾ എന്നിവയുടെ അമിത ഉപയോഗം നാഡികളുടെ പ്രവർത്തനം വർദ്ധിപ്പിക്കുകയും പേശീ സങ്കോചമുണ്ടാക്കുകയും ചെയ്യുന്നു. എയർ കണ്ടീഷൻ ചെയ്ത മുറികളിലെ ജോലി, കോൺടാക്റ്റ് ലെൻസ് ഉപയോഗം എന്നിവ മൂലമുണ്ടാകുന്ന കണ്ണിലെ വരൾച്ചയും കണ്ണ് തുടിക്കാൻ കാരണമാകാറുണ്ട്.
മഗ്നീഷ്യം പോലുള്ള പോഷകങ്ങളുടെ കുറവ്, അലർജികൾ, അപൂർവ്വമായി കാണുന്ന ‘ബെനിൻ എസ്സെൻഷ്യൽ ബ്ലെഫറോസ്പാസം’ തുടങ്ങിയ ന്യൂറോളജിക്കൽ അവസ്ഥകൾ എന്നിവയും കണ്ണ് തുടിപ്പിലേക്ക് നയിക്കാം. തുടിപ്പ് ആഴ്ചകളോളം നീണ്ടുനിൽക്കുകയോ, കൺപോളകൾ അനിയന്ത്രിതമായി അടഞ്ഞുപോവുകയോ, മുഖത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വലിച്ച് വട്ടുന്നത് പോലെ തോന്നുകയോ ചെയ്താൽ തീർച്ചയായും ഒരു ഡോക്ടറുടെ സഹായം തേടണം. കണ്ണ് ചുവന്ന് വീർക്കുകയോ കാഴ്ചയ്ക്ക് മങ്ങൽ അനുഭവപ്പെടുകയോ ചെയ്താലും ജാഗ്രത പാലിക്കേണ്ടതുണ്ട്.
കണ്ണ് തുടിപ്പ് തടയാൻ ലളിതമായ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും. കമ്പ്യൂട്ടറിലോ ഫോണിലോ ജോലി ചെയ്യുന്നവർ 20-20-20 നിയമം പാലിക്കുന്നത് ഉചിതമാണ് (ഓരോ 20 മിനിറ്റിലും 20 അടി അകലെയുള്ള വസ്തുവിലേക്ക് 20 സെക്കൻഡ് നോക്കുക). കഫീൻ ഉപയോഗം കുറയ്ക്കുന്നതും ദിവസം ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങുന്നതും ഗുണകരമാണ്. കണ്ണുകൾക്ക് വിശ്രമം നൽകാൻ ഇടയ്ക്കിടെ ചെറുചൂടുള്ള തുണി കൊണ്ട് കണ്ണിന് മുകളിൽ വയ്ക്കുന്നതും കണ്ണിലെ വരൾച്ച മാറ്റാൻ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഐ ഡ്രോപ്പുകൾ ഉപയോഗിക്കുന്നതും ഈ അവസ്ഥയ്ക്ക് ആശ്വാസം നൽകും.
.jpg)


