ഐ മാസ്‌ക് വച്ച് ഉറങ്ങുന്നവർ ആണോ നിങ്ങൾ ?

google news
sleep

ശരിയായ ഉറക്കം കിട്ടാത്തത് പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകാറുണ്ട്. ശരീരത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ ഏറ്റവും പ്രധാനമാണ് നല്ല ഉറക്കം. അതുപോലെതന്നെ നല്ല ഉറക്കത്തിന് ഇരുട്ടും ഒരു പ്രധാന ഘടകം തന്നെയാണ്.

കിടക്കുന്ന മുറിയില്‍ വെളിച്ചമില്ലെന്ന് ഉറപ്പാക്കേണ്ടത് നല്ല ഉറക്കം ലഭിക്കാന്‍ അനിവാര്യമാണ്, അല്ലാത്തപക്ഷം അത് ഉറക്കത്തെ തടസ്സപ്പെടുത്തും. വെളിച്ചം മെലാടോണിന്‍ ഉത്പാദനം കുറയാന്‍ കാരണമാകും. ഉറങ്ങുന്നതും ഉണരുന്നതും നിയന്ത്രിക്കുന്ന തലച്ചോറില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണ്‍ ആണ് മെലാടോണിന്‍. വെളിച്ചം ശല്യപ്പെടുത്താതെയുള്ള ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ ഓര്‍മ്മശക്തി മെച്ചപ്പെടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

മുറിയില്‍ അമിതമായി വെളിച്ചമുള്ളപ്പോഴും രാത്രി ജോലി കഴിഞ്ഞുവന്ന് പകല്‍ ഉറങ്ങാന്‍ കിടക്കുമ്പോഴുമെല്ലാം പ്രയോജനപ്പെടുത്താവുന്ന ഒന്നാണ് ഐ മാസ്‌ക്. ഇത് വെളിച്ചത്തെ തടയാന്‍ സഹായിക്കും. ഇപ്പോള്‍ വിവിധ തരം ഐ മാസ്‌കുകള്‍ വിപണിയില്‍ ലഭ്യമാണ്. മൃദുലമായ തുണി ഉപയോഗിച്ച് കുഷ്യണിങ് സ്വഭാവമുള്ള ഐ മാസ്‌കുകള്‍ക്കാണ് പ്രിയമേറെ. വെളിച്ചം തടയുന്നതിനൊപ്പം ശാന്തമായ അന്തരീക്ഷത്തില്‍ ഉറങ്ങാനും ഐ മാസ്‌കുകള്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

തീവ്രപരിചരണ വിഭാഗത്തിലും മറ്റും പ്രവേശിപ്പിക്കുന്ന രോഗികളുടെ ഉറക്കത്തെ വെളിച്ചവും ചുറ്റുമുള്ള ശബ്ദവുമൊക്കെ തടസ്സപ്പെടുത്തുമ്പോള്‍ ഐ മാസ്‌ക് ഉപയോഗിക്കുന്നവര്‍ കൂടുതല്‍ സമയം ഉറങ്ങുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം പ്രായം, സമയം തെറ്റിയുള്ള ഉറക്കം തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് ഉറക്കചക്രത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തടയാന്‍ ഐ മാസ്‌കുകള്‍ പ്രയോജനപ്പെടില്ലെന്നും വിദഗ്ധര്‍ പറയുന്നു.

Tags