വൈദ്യുതി ഉപയോഗം സുരക്ഷിതമാക്കാം; അപകടം ഒഴിവാക്കാം

google news
electricity

 
നിത്യജീവിതത്തിലെ അവിഭാജ്യ ഘടകമായ വൈദ്യുതിയുടെ ഉപയോഗം സുരക്ഷിതമാക്കാനും അപകടങ്ങള്‍ ഒഴിവാക്കാനും പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന് ഇടുക്കി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റും കെഎസ്ഇബിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സുരക്ഷാവാരത്തിന് തുടക്കമായി. ജൂണ്‍ 26 മുതല്‍ ജൂലൈ 2 വരെയാണ് സുരക്ഷാ വാരമായി ആചരിക്കുന്നത്. വൈദ്യുതി മൂലമുള്ള അപകടങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് സുരക്ഷാവാരാചരണം. ഇടുക്കി ജില്ലയില്‍ മാത്രം 2022-23 വര്‍ഷക്കാലയളവില്‍ 30 വൈദ്യുതി അപകടങ്ങളാണ് സംഭവിച്ചത്.  
അശ്രദ്ധ, അലംഭാവം, അറിവില്ലായ്മ എന്നിവയാണ് ഒട്ടുമിക്ക വൈദ്യുതാപകടങ്ങളുടെയും മുഖ്യ കാരണം. ജില്ലയില്‍ സംഭവിക്കുന്ന വൈദ്യുതാപകടങ്ങളില്‍ ഭൂരിഭാഗവും ഇരുമ്പ് തോട്ടി അല്ലെങ്കില്‍ ഇരുമ്പ് ഏണി വൈദ്യുത ലൈനുകളുടെ സമീപം ഉയര്‍ത്തുന്നതു കൊണ്ടാണ്.  ലൈനുകള്‍ക്ക് സമീപമുള്ള ചക്ക, മാങ്ങ, അടയ്ക്ക, തേങ്ങ തുടങ്ങിയ ഫലങ്ങള്‍ പറിക്കുകയോ ലൈനുകളുടെ സമീപമുള്ള വൃക്ഷങ്ങളുടെ ശിഖരങ്ങള്‍ വെട്ടിമാറ്റുകയോ ചെയ്യരുത്. ഏലത്തോട്ടങ്ങളിലെ വൃക്ഷങ്ങളുടെ ശിഖരങ്ങള്‍ മുറിക്കുമ്പോഴും കുരുമുളക് പറിക്കുമ്പോഴും ഇരുമ്പ് ഏണി ലൈനുമായി സമ്പര്‍ക്കത്തില്‍പ്പെട്ടും അപകടങ്ങള്‍ ഉണ്ടാകുന്നുണ്ട്.  
കൂടാതെ വൃക്ഷങ്ങളുടെ പച്ച ശിഖരങ്ങള്‍ വെട്ടുന്നതിനിടെ ശിഖരങ്ങള്‍ ലൈനില്‍ മുട്ടിയും അപകടം സംഭവിക്കുന്നു. ലൈനുകളില്‍ നിന്ന് വൈദ്യുതാഘാതം സംഭവിക്കാന്‍ ലൈനുമായി നേരിട്ട് സമ്പര്‍ക്കം വേണമെന്നില്ല. ലൈനിനടുത്ത് ലോഹവസ്തുക്കള്‍ എത്തിയാല്‍ വൈദ്യുതാകര്‍ഷണം മൂലം വൈദ്യുതി പ്രവഹിക്കുകയും അപകടം ഉണ്ടാവുകയും ചെയ്യും.  വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മറ്റും ടൈല്‍വര്‍ക്ക്, വെല്‍ഡിംഗ് ജോലികള്‍, പെയിന്റിംഗ് ജോലികള്‍ എന്നിവയ്ക്കുപയോഗിക്കുന്ന ഉപകരണങ്ങളിലേക്ക് കണക്ട് ചെയ്യുന്ന വയറുകളുടെയും ഇതിന് ഉപയോഗിക്കുന്ന എക്സ്റ്റന്‍ഷന്‍ ബോര്‍ഡുകളുടെയും നിലവാരമില്ലായ്മ മൂലവും അപകടങ്ങള്‍ ഉണ്ടാകാം. ഇങ്ങനെയുള്ള വൈദ്യുതാഘാതങ്ങള്‍ തടയുന്നതിനായി ഉപയോഗിക്കുന്ന ഇ.എല്‍.സി.ബികള്‍ സ്ഥാപിക്കാത്തതുമൂലമോ അവ പ്രവര്‍ത്തനക്ഷമമല്ലാത്തതു മൂലമോ അവയെ ബൈപ്പാസ് ചെയ്ത് നേരിട്ട് ഇത്തരം ജോലികള്‍ ചെയ്യുന്നതു മൂലവും അപകടങ്ങള്‍ ഉണ്ടാവും. വൈദ്യുതിയുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുമ്പോള്‍ ഗ്ലൗസ്, ഷൂസ് തുടങ്ങിയവ ധരിക്കണം. മാത്രമല്ല ഇതിന് പരിശീലനം ലഭിച്ചവര്‍ മാത്രമേ ഇത്തരം ജോലികള്‍ ചെയ്യാവൂ.  വൈദ്യുതിയുമായി ബന്ധപ്പെട്ട ജോലികളില്‍ ഏര്‍പ്പെടുന്ന ജീവനക്കാര്‍ കര്‍ശനമായും സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ ജോലികള്‍ ചെയ്യാവു.

വൈദ്യുതി അപകടങ്ങള്‍ കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

* പൊട്ടിക്കിടക്കുന്ന വൈദ്യുതി ലൈനില്‍ സ്പര്‍ശിക്കരുത്.
* വൈദ്യുതി പോസ്റ്റുകളില്‍ കന്നുകാലികളെ കെട്ടിയിടുകയോ അവയില്‍ അഴകള്‍ കെട്ടുകയോ ചെയ്യരുത്.  
* മഴയുള്ള സമയത്ത് വൈദ്യുത പോസ്റ്റുകളിലോ സ്റ്റേ വയറിലോ സ്പര്‍ശിക്കരുത്.
*വൈദ്യുതി ലൈനുകള്‍ക്ക് താഴെ കെട്ടിടങ്ങളോ ഷെഡോ പണിയുന്നതിന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ മുന്‍കൂര്‍ അനുമതി വാങ്ങണം.
* വീട്ടില്‍ 30 മില്ലി ആംപിയര്‍ പ്രവര്‍ത്തനക്ഷമതയുള്ള ഇഎല്‍സിബി നിര്‍ബന്ധമായും സ്ഥാപിക്കണം. ഇത് വൈദ്യുത ചോര്‍ച്ച മൂലമുള്ള അപകടങ്ങള്‍ ഒഴിവാക്കും.  
* മാസത്തില്‍ ഒരു തവണ ഇഎല്‍സിബിയുടെ ടെസ്റ്റ് ബട്ടണ്‍ അമര്‍ത്തി പ്രവര്‍ത്തന ക്ഷമത ഉറപ്പുവരുത്തണം.
* കേടായ ഉപകരണങ്ങള്‍ ഉടന്‍ നന്നാക്കുകയോ മറ്റൊന്ന് ഉപയോഗിക്കുകയോ ചെയ്യുക.
* നനഞ്ഞ കൈവിരല്‍ ഉപയോഗിച്ച് സ്വിച്ചുകള്‍ പ്രവര്‍ത്തിപ്പിക്കരുത്.  
* കുട്ടികള്‍ക്ക് കൈയ്യെത്തും വിധം വൈദ്യുത ഉപകരണങ്ങളോ സമഗ്രികളോ സ്ഥാപിക്കരുത്.
* വൈദ്യുതി വയറിംഗ് ശരിയായ രീതിയില്‍ പരിപാലിക്കണം.  
* വയറിംഗിലോ ഉപകരണങ്ങളിലോ അറ്റകുറ്റപ്പണി ചെയ്യുന്നതിന് മുന്‍പ് വൈദ്യുതി ബന്ധം വിച്ഛേദിച്ചു എന്നു ഉറപ്പുവരുത്തുക.  
* ലൈസന്‍സും വേണ്ടത്ര പ്രായോഗിക പരിജ്ഞാനവും ഉള്ളവരെക്കൊണ്ട് മാത്രം അറ്റകുറ്റപ്പണികള്‍ ചെയ്യിക്കുക.
* കാലപ്പഴക്കമുള്ളതും ഉപയോഗശൂന്യവുമായ വൈദ്യുതി ഉപകരണങ്ങള്‍ ഉപയോഗിക്കരുത്.
* ഐഎസ്ഐ മുദ്രയുള്ള ഉപകരണങ്ങള്‍ മാത്രം വയറിങ്ങിന് ഉപയോഗിക്കുക.
* വീടുകളിലെ എര്‍ത്തിങ് ശരിയായ രീതിയില്‍ പരിപാലിക്കുക.
* പ്ലാസ്റ്റിക് വയറുകള്‍ ഉപയോഗിച്ച് താത്ക്കാലിക വയറിങ് ചെയ്യുന്നത്, കൃത്യമായി റേറ്റിംഗ് ഉള്ള സര്‍ക്യൂട്ട് ബ്രേക്കറുകള്‍ ഉപയോഗിക്കാത്തത്, ഒരു പ്ലഗ് പോയിന്റില്‍ നിന്ന് ഒന്നിലധികം കണക്ഷന്‍ എടുക്കുന്നത്, നിലവാരമില്ലാത്ത മൊബൈല്‍ ചാര്‍ജറുകളുടെയും മറ്റു ഉപകരണങ്ങളുടെയും ഉപയോഗം എന്നിവ വൈദ്യുതി ഷോര്‍ട്ട്സര്‍ക്യൂട്ടിനും തീപിടുത്തത്തിനും കാരണമാകാം.
* ഗാര്‍ഹിക ഉപകരണങ്ങളായ ഫ്രിഡ്ജ്, ടി.വി, വാഷിംഗ് മെഷീന്‍, ഇസ്തിരിപ്പെട്ടി, ഗ്രൈന്‍ഡര്‍, മിക്‌സി മുതലായവ തകരാറിലായാല്‍ സ്വയം നന്നാക്കാന്‍ ശ്രമിക്കരുത്.  

വൈദ്യുതി അപകടം സംഭവിച്ചാല്‍ ചെയ്യേണ്ടത്:

* വൈദ്യുതി മൂലം തീപിടുത്തം ഉണ്ടായാല്‍ മെയിന്‍ സ്വിച്ച് ഓഫാക്കാന്‍ ശ്രമിക്കുക.  
* തീ അണയ്ക്കുന്നതിന് വെള്ളം കോരി ഒഴിക്കരുത്. ഉണങ്ങിയ മണ്ണ്, ഡ്രൈ പൗഡര്‍ടൈപ്പ് അഗ്നിശമന ഉപകരണങ്ങള്‍ മുതലായവ ഉപയോഗിക്കുക.
* ഷോക്ക് മൂലം അപകടം പറ്റിയ വ്യക്തിയെ വൈദ്യുതബന്ധം വിച്ഛേദിച്ചശേഷം മാത്രമേ സ്പര്‍ശിക്കാവൂ.
* വൈദ്യുതാഘാതമേറ്റ വ്യക്തിയെ ഉണങ്ങിയ തടിക്കഷണം കൊണ്ടോ വൈദ്യുതവാഹിയല്ലാത്തതും ഈര്‍പ്പരഹിതവുമായ വസ്തു ഉപയോഗിച്ചോ മാത്രം വൈദ്യുതബന്ധത്തില്‍ നിന്നും വേര്‍പെടുത്തുക.


 

Tags