മുട്ട കൂടുതല്‍ കഴിക്കുന്നത് ഹൃദയത്തിന് അപകടം..

google news
cloud eggs

താരതമ്യേന വിലക്കുറവിന് ലഭിക്കുന്ന ഏറ്റവും ആരോഗ്യകരമായൊരു ഭക്ഷണമായിട്ടാണ് നാം മുട്ടയെ കരുതുന്നത്. പല രീതികളില്‍ മിക്ക വീടുകളിലും എല്ലാ ദിവസവുമെന്ന പോലെ തന്നെ തയ്യാറാക്കുന്ന വിഭവം കൂടിയാണ് മുട്ട.

തയ്യാറാക്കാൻ സൗകര്യപ്രദമാണ് എന്നതുകൊണ്ടാണ് പലപ്പോഴും ആളുകള്‍ മുട്ട തന്നെ തെരഞ്ഞെടുക്കുന്നത്, മാത്രമല്ല മുമ്പേ സൂചിപ്പിച്ചത് പോലെ മുട്ട, നമുക്ക് ഏറ്റവും വിലക്കുറവില്‍ കിട്ടുന്ന പോഷകസമൃദ്ധമായ ഭക്ഷണമാണ്.

എന്നിട്ടും മുട്ട അധികം കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണെന്ന് പറയുന്നത്  നിങ്ങള്‍ കേട്ടിരിക്കാം. ഇതിലെത്രത്തോളം യാഥാര്‍ത്ഥ്യമുണ്ട്? ഈ വിഷയത്തിലേക്കാണിനി  കടക്കുന്നത്. 

മുട്ട അധികമായാല്‍?

നമ്മുടെ ശരീരത്തിന് അവശ്യം വേണ്ടുന്ന പോഷകങ്ങളെല്ലാം തന്നെ മുട്ടയിലുണ്ട്. പ്രോട്ടീൻ, ഫൈബര്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവയെല്ലാം ഇതിലുള്‍പ്പെടുന്നു. ഉന്മേഷം പകരാനും വിശപ്പിനെ ശമിപ്പിക്കാനും എല്ലാം മുട്ട സഹായിക്കുന്നു. ഇങ്ങനെ പല രീതിയിലും മുട്ട നമുക്ക് നല്ലതാണെന്ന് പറയാം.

എന്നാല്‍ മുട്ടയില്‍ നിന്ന് കിട്ടുന്ന 'എനര്‍ജി' പലരും ചെലവിടുന്നില്ല. അത് സൂക്ഷിച്ചുവയ്ക്കുകയാണ്. കാര്‍ബ് ആയാലും കലോറി ആയാലുമെല്ലാം ഇങ്ങനെ തന്നെ. ഇവ കഴിക്കേണ്ടത് നിര്‍ബന്ധമാണ്. അതിനൊപ്പം ഇവ എരിച്ചുകളയുകയും വേണം. ഇതാണ് മുട്ടയുടെ കാര്യത്തിലും പ്രധാനമായി വരുന്നത്. എന്നുവച്ചാല്‍ മുട്ട കഴിച്ചാല്‍ മാത്രം പോര. എത്ര കഴിക്കുന്നു എന്നതിന് അനുസരിച്ച് അതില്‍ നിന്ന് കിട്ടുന്ന ഊര്‍ജ്ജത്തെ ചെലവിടുകയും വേണം.

ഇതുകൊണ്ടാണ് മുട്ട അധികമാകുന്നത് അപകടമാണെന്ന് പറയുന്നത്. കായികാധ്വാനമേതുമില്ലാതെ കാര്യമായ അളവില്‍ മുട്ട കഴിക്കുമ്പോള്‍ അത് അമിതമായി കൊളസ്ട്രോള്‍ അകത്തെത്തുന്നതിലേക്ക് നയിക്കുന്നു. അതുകൊണ്ട് പലരിലും വണ്ണം കൂടുന്നതിലേക്കും ദഹനപ്രശ്നങ്ങളിലേക്കുമെല്ലാം ഇത് നയിക്കുന്നു. 

ഹൃദയത്തിന് അപകടം?

നിങ്ങള്‍ കേട്ടിരിക്കാൻ സാധ്യതയുള്ള മറ്റൊരു വാദമാണ്, മുട്ട അധികമായാല്‍ ഹൃദയത്തിന് ദോഷമാണ് എന്നത്. ഈ വാദവും പൂര്‍ണമായി തള്ളിക്കളയാൻ സാധിക്കില്ല.

ഓരോ വ്യക്തിയും അവരവരുടെ പ്രായം, ആരോഗ്യാവസ്ഥ, കായികാധ്വാനത്തിന്‍റെ രീതി, കഴിക്കുന്ന മറ്റ് ഭക്ഷണങ്ങള്‍, ഭക്ഷണത്തിന്‍റെ അളവ് എന്നീ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയേ മുട്ട കഴിക്കാവൂ എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. അല്ലാത്തപക്ഷം അത് ഹൃദയത്തിന് ദോഷരകമായി വന്നേക്കാം.

എന്തായാലും ദിവസം, ഒരു മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് യാതൊരു വെല്ലുവിളിയും ഉയര്‍ത്തുന്നില്ല. എന്നാല്‍ അതിലും കൂടുതലാകുമ്പോള്‍ മേല്‍ സൂചിപ്പിച്ച എല്ലാ ഘടകങ്ങളും കൂടി കണക്കിലെടുക്കുക. 

Tags