രാവിലെയുള്ള വെള്ളംകുടി വെറുമൊരു ശീലമല്ല; രോഗപ്രതിരോധത്തിനുള്ള മരുന്നാണ്!
"ആരോഗ്യകരമായ ജീവിതശൈലി ആഗ്രഹിക്കുന്നവർക്ക് എളുപ്പത്തിൽ ശീലമാക്കാവുന്ന ഒന്നാണ് രാവിലെ എഴുന്നേറ്റയുടനെയുള്ള വെള്ളംകുടി. പകൽ മുഴുവൻ ഉന്മേഷത്തോടെ ഇരിക്കാനും ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും ഈയൊരു ശീലം വഴി സാധിക്കും. ദിവസത്തിലെ മറ്റ് സമയങ്ങളിൽ വെള്ളം കുടിക്കുന്നതിനേക്കാൾ ഗുണം രാവിലെയുള്ള വെള്ളംകുടിക്കുണ്ട്. എന്തൊക്കെയാണ് ആ ഗുണങ്ങൾ എന്നറിയാം.
∙ ഉണർന്നെണീറ്റയുടൻ ഒന്നു മുതൽ 2 കപ്പ് വരെ (250–500 ml) വെള്ളം കുടിക്കുക.
∙ പഞ്ചസാരയോ മധുരമോ കഫീനോ ചേർക്കരുത്. കാരണം ഇത് ദാഹം കൂട്ടും.
∙ സാധാരണ താപനിലയിലുള്ളതോ ചെറുചൂടുള്ളതോ ആയ വെള്ളം കുടിക്കാം. ഇത് ദഹനത്തിന് സഹായിക്കും.
∙ വർക്കൗട്ട് ചെയ്യുന്ന ആളാണ് നിങ്ങളെങ്കിൽ വർക്കൗട്ടിനുശേഷം കൂടുതൽ വെള്ളം കുടിക്കുക. ഇത് ജലാംശം നിലനിർത്താൻ സഹായിക്കും.
വെള്ളം ദഹനത്തിന് പ്രധാന പങ്കു വഹിക്കുന്നു. കുടലിലൂടെ ഭക്ഷണത്തിന്റെ ചലനം സുഗമമാക്കാൻ ഇത് സഹായിക്കും. ശരീരത്തിൽ അടിഞ്ഞുകൂടുന്ന വിഷാംശത്തെ നീക്കുന്ന വൃക്കകളുടെ പ്രവർത്തനത്തെ വെള്ളം സഹായിക്കുകയും ചെയ്യുന്നു. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് കുടലിലൂടെ ഭക്ഷണത്തിന് സുഗമമായി നീങ്ങാൻ സഹായിക്കും. ദഹനത്തിനും ബവൽമൂവ്മെന്റ് (മലമൂത്രവിസർജനം) കൃത്യമാക്കാനും വെള്ളം കുടിക്കുന്നതിലൂടെ സാധിക്കുന്നു. വൃക്കയുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ധാരാളം വെള്ളം കുടിക്കുന്നതിലൂടെ സാധിക്കുന്നു.
ഒരു ഗ്ലാസ്സ് തണുത്ത വെള്ളം കുടിക്കുന്നതിലൂടെ ഉപാപചയപ്രവർത്തനം വർധിക്കുകയും ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
നിർജലീകരണം മാനസികമായ ആരോഗ്യക്കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതായത് ഓർമിച്ചെടുക്കാനും ശ്രദ്ധയോടെയിരിക്കാനും പുതിയ കാര്യങ്ങൾ പഠിക്കാനും എല്ലാം പ്രയാസം ഉണ്ടാകും. ചെറിയ തോതിലുള്ള നിർജലീകരണം പോലും ഏകാഗ്രതയെയും ഓർമശക്തിയെയും ശാരീരികമായ പ്രകടനങ്ങളെയും ദോഷകരമായി ബാധിക്കും. രാവിലെ ഉണർന്നയുടൻ വെള്ളം കുടിക്കുന്നതു വഴി ശരീരത്തിൽ ജലാംശം നിലനിർത്താനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സാധിക്കും.
.jpg)

