തണുത്ത വെള്ളം കുടിച്ചാൽ തടി കൂടുമോ? ഈ സംശയത്തിന് പിന്നിലെ യാഥാർഥ്യം അറിയാം!
ശരീരത്തിന്റെ ആരോഗ്യവും പ്രവർത്തനങ്ങളും കൃത്യമായി നിലനിർത്തുന്നതിൽ വെള്ളത്തിന് വലിയ പങ്കുണ്ട്. ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനും ശരീരതാപനില നിയന്ത്രിക്കുന്നതിനും ദഹനപ്രക്രിയ സുഗമമാക്കുന്നതിനും ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ വെള്ളം കുടിക്കുന്നതിന്റെ അളവ് മാത്രമല്ല, കുടിക്കുന്ന രീതിയും പ്രധാനമാണ്. ദാഹിക്കുമ്പോൾ ഒരേസമയം ധാരാളം വെള്ളം കുടിക്കുന്ന ശീലമാണ് പലർക്കുമുള്ളത്. പകരം ദിവസം മുഴുവൻ ആവശ്യാനുസരണം ഇടവേളകളിൽ വെള്ളം കുടിക്കുന്നതാണ് ഉചിതം. തണുത്ത വെള്ളം കുടിക്കുന്നത് ശരീരഭാരത്തെ ബാധിക്കുമോ? വെള്ളം കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? അറിയാം.
അതുപോലെ വെള്ളം കുടിക്കുന്നതുമായി ബന്ധപ്പെട്ടും ധാരാളം സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ദിവസവും എത്ര അളവിലാണ് വെള്ളം കുടിക്കേണ്ടത്, രാവിലെ എഴുന്നേറ്റ ഉടനെ വെള്ളം കുടിക്കുന്നത് നല്ലതാണോ? തണുത്ത വെള്ളം കുടിച്ചാൽ ശരീരഭാരം വർധിക്കുമോ? എന്നിങ്ങനെ നീളുന്നു സംശയം.
തണുത്ത വെളളം കുടിച്ചാൽ തടി കൂടുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ക്ലിനിക്കല് ന്യൂട്രീഷണലിസ്റ്റായ അമിത ഗാഡ്രെ. തണുത്ത വെള്ളം കുടിക്കുന്നത് ശരീരഭാരം കൂട്ടുമെന്നത് തെറ്റായ ധാരണയാണെന്ന് അമിത ഗാഡ്രെ പറയുന്നു. എന്നാൽ, തണുത്ത വെള്ളം ദഹന പ്രക്രിയയെ ബാധിക്കുമെന്നും ചെറിയ ചൂടുള്ള വെള്ളം കുടിക്കുന്നതാണ് ദഹനത്തിന് നല്ലതെന്നും ന്യൂട്രീഷണലിസ്റ്റ് മുന്നറിയിപ്പ് തരുന്നുണ്ട്.
വെള്ളം കുടിക്കുമ്പോഴും ചില പ്രത്യേക കാര്യങ്ങൾ ശ്രദ്ധിക്കണം. ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിക്കണം. ദാഹത്തെ അവഗണിക്കുന്നതും നല്ലതല്ല. അത് ശരീരം നൽകുന്ന സൂചനയാണ്. എന്നാൽ ദാഹിക്കുമ്പോൾ ഒറ്റയടിക്ക് വെള്ളം കുടിക്കുന്നതും ശരീരത്തിന് പണി കിട്ടാൻ കാരണമാകും. കൃത്യമായ ഇടവേളയിൽ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. രാവിലെ എഴുന്നേറ്റ ഉടനേയും ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും. വ്യായാമം ചെയ്യുന്നതിന് മുമ്പും ശേഷവും ആവശ്യത്തിന് വെള്ളം കുടിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.
.jpg)

