ഗര്‍ഭനിരോധനമാര്‍ഗങ്ങളെക്കുറിച്ച് അറിയേണ്ടെ....? :ഏതെല്ലാം മാര്‍ഗങ്ങളാണ് ഏറ്റവും ഉചിതം..

google news
 Don't know about contraceptives

സെപ്തംബര്‍ 27 ലോക ഗര്‍ഭനിരോധനദിനമായാണ് ആചരിക്കുന്നത്. ഗര്‍ഭനിരോധനത്തെ സംബന്ധിച്ച് നിരവധി അബദ്ധധാരണകള്‍ വച്ച് പുലര്‍ത്തുന്ന നിരവധി ആളുകള്‍ നമ്മുക്ക്ചുറ്റുമുണ്ട്. ലൈംഗീകബന്ധത്തിലൂടെ പകരുന്ന പല രോഗങ്ങളും തടയാന്‍ വരെ പല ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ക്ക് സാധിക്കും. ഏതെല്ലാം മാര്‍ഗങ്ങളാണ് ഗര്‍ഭനിരോധനത്തിന് ഏറ്റവും ഉചിതം

കോണ്ടം
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധനത്തിനായി ആശ്രയിക്കാവുന്ന ഒരുമാര്‍ഗമാണ് കോണ്ടം. പുരുഷന്മാരുപയോഗിക്കുന്ന കോണ്ടം കനം കുറഞ്ഞ ലാറ്റെകസില്‍ നിര്‍മ്മിക്കുന്നവയാണ്. മറ്റ് പാര്‍ശ്വഫലങ്ങളൊന്നുമില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇത് സെമന്‍ അകത്ത് കടക്കാതെ സഹായിക്കുന്നു.

അതേസമയം കോണ്ടം ഉപയോഗിക്കേണ്ടകത് എങ്ങനെയാണെന്ന് അറിഞ്ഞില്ലെങ്കില്‍ അബദ്ധങ്ങള്‍ സംഭവിക്കാന്‍ വളരെയധികം സാധ്യതയുണ്ട്. സ്ത്രീകള്‍ക്കുപയോഗിക്കാവുന്ന കോണ്ടങ്ങള്‍ പോളിയുറെത്തേനില്‍ നിര്‍മ്മിക്കുന്നവയാണ്. പുരുഷന്മാരുപയോഗിക്കുന്ന കോണ്ടത്തിനുള്ള എല്ലാ ഗുണങ്ങളും ഇതിനുമുണ്ട്. സെക്ഷ്വലി ട്രാന്‍സ്മിറ്റിങ്ങ് രോഗങ്ങളെ തടയാന്‍ കോണ്ടം ഉപയോഗിക്കുന്നത് വഴി സാധിക്കും.  

പ്രൊജസ്‌ട്രോണ്‍ ഇഞ്ചക്ഷന്‍
സ്ത്രീ ഹോര്‍മോണായ പ്രൊജസ്‌ട്രോണ്‍ കുത്തിവെപ്പ് എടുക്കുന്നത് വഴി താല്‍ക്കാലികമായി ഗര്‍ഭനിരോധനം നടത്താന്‍ സാധിക്കും. കുത്തിവെപ്പ് എടുത്തതിന് ശേഷം 13 ആഴ്ചത്തേക്ക് മാത്രമെ ഇത് ഫലപ്രദമാവുകയുള്ളു. മുലപ്പാല്‍ നല്‍കുന്ന അമ്മമാര്‍ക്കും ഈ കുത്തിവെപ്പ് എടുക്കാവുന്നതാണ്. ഗര്‍ഭപാത്രകാന്‍സറിനും പെല്‍വിക് ഡിസീസുകള്‍ക്കുമെതിരെ പ്രവര്‍ത്തിക്കാനും ഒരുപരിധി വരെ ഈ കുത്തിവെപ്പിന് സാധിക്കും. 

ഇന്റാക്ടറൈന്‍ ഡിവൈസ്
യുട്രസിനുള്ളില്‍ നിക്ഷേപിക്കാവുന്ന പ്ലാസ്റ്റിക്കും കോപ്പറും ചേര്‍ന്നൊരു ചെറിയ ഡിവൈസാണിത്. ദീര്‍ഘകാല പരിരക്ഷ നല്‍കുന്ന ഈ ഡിവൈസ് 10 വര്‍ഷം വരെ സ്ഥിരമായി പ്രവര്‍ത്തിക്കുന്നതാണ്. എന്നാല്‍ ഇത് നിക്ഷേപിച്ചതിനുശേഷമുള്ള ദിവസങ്ങള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കേണ്ടതാണ്. 

സ്വാഭാവികമായ ഗര്‍ഭനിരോധനം
    സേഫ് പിരീഡിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെടുന്നത് ഏറ്റവും സ്വാഭാവികമായ ഗര്‍ഭനിരോധനമാര്‍ഗമാണ്. സേഫ് പിരീഡ് കണക്കാക്കുന്നതില്‍ തെറ്റുപറ്റിയാല്‍ ഗര്‍ഭധാരണം നടക്കും. അതിനാല്‍ ക്രമമല്ലാത്ത ആര്‍ത്തവമുള്ളവര്‍ക്ക് ഈ മാര്‍ഗം സുരക്ഷിതമല്ല. 

വന്ധ്യംകരണം
സ്ത്രീകളിലും പുരുഷന്മാരിലും ചെയ്യാവുന്ന ശസ്ത്രക്രിയയാണിത്. ഇത് ചെയ്യുന്നത് വഴി സ്ഥിരമായി ഗര്‍ഭധാരണം തടയാന്‍ സാധിക്കും. എന്നാല്‍ കുഞ്ഞുങ്ങളായതിന് ശേഷം ഈ മാര്‍ഗം സ്വീക്കുന്നതാണ് ഉചിതം.

Tags