ദഹനപ്രശ്നങ്ങൾ അകറ്റാൻ പൈനാപ്പിൾ കഴിക്കൂ

pineapple

പൈനാപ്പിൾ കഴിക്കുമ്പോൾ അതിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? മധുരവും രുചിയും കൂടുതലുള്ളതുകൊണ്ടാണോ പൈനാപ്പിൾ കഴിക്കാൻ ഇഷ്ടപ്പെടുന്നത്, എന്നാലിനി ഇതിന്റെ ഗുണങ്ങൾ കൂടി അറിഞ്ഞോളൂ. ശരീരത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനുമായി ധാരാളം ഗുണങ്ങളാണ് പൈനാപ്പിൾ നൽകുന്നത്. 

പൈനാപ്പിൾ എന്ന കൈതച്ചക്ക നമ്മുടെ നാട്ടിൽ ലഭിക്കുന്ന പഴങ്ങളിൽ വച്ച് പോഷകഗുണങ്ങളിൽ മുന്നിട്ടു നിൽക്കുന്ന ഒന്നാണ്. കുട്ടികൾക്കു നൽകാൻ മികച്ച ഒരു പഴമാണിത്. ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യഗുണങ്ങൾ കൈതച്ചക്കയ്ക്കുണ്ട്. വൈറ്റമിൻ സിയും എയും ധാരാളമായടങ്ങിയ ഈ പഴത്തിൽ 22 ഗ്രാം അന്നജവും 2.3 ഗ്രാം നാരുകളും ഉണ്ട്. ഇതു കൂടാതെ മഗ്നീഷ്യവും ഫോസ്ഫറസ്, പൊട്ടാസ്യം, ഫോളേറ്റ് ഇവയുമുണ്ട്.

ബ്രോമെലെയ്ൻ എന്ന ഒരു ഡൈജസ്റ്റീവ് എൻസൈം പൈനാപ്പിളിൽ ഉണ്ട്. ഇതിന് കാൻസറിനെ പ്രതിരോധിക്കാനും ഇൻഫ്ലമേഷൻ തടയാനുമുള്ള കഴിവുണ്ട്. രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നതോടൊപ്പം എല്ലുകളെ ശക്തിപ്പെടുത്താനും പൈനാപ്പിളിന് കഴിയും. 

ശരീരഭാരം കുറയ്ക്കുന്ന പൈനാപ്പിളിന് പൊണ്ണത്തടി കുറയ്ക്കാനുള്ള കഴിവുണ്ട്. പൈനാപ്പിൾ ജ്യൂസ് കുടിക്കുന്നത് ശരീരഭാരം, ബിഎംഐ, കൊഴുപ്പ് അടിഞ്ഞു കൂടുന്നത്, കരളിലെ കൊഴുപ്പിന്റെ അളവ് ഇവയെല്ലാം കുറയ്ക്കുമെന്ന് എലികളിൽ നടത്തിയ പഠനത്തിൽ തെളിഞ്ഞു. കുടവയർ കുറയ്ക്കാനും പൈനാപ്പിൾ മികച്ചതു തന്നെ. 

ബ്രോമലെയ്ൻ അടങ്ങിയ പൈനാപ്പിൾ ദഹനപ്രശ്നങ്ങൾ അകറ്റും. 

കാൻസർ സാധ്യത കുറയ്ക്കുന്നു. ബ്രോമലൈറ്റിന് കാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. മലാശയ അർബുദം തടയാനും ഇത് സഹായിക്കുന്നു. സ്തനാർബുദ കോശങ്ങളുടെ വ്യാപനം തടയാനും ബ്രോമലെയ്ന് കഴിവുണ്ട്.

ഇൻഫ്ലമേഷൻ തടയുന്നു– ഇൻഫ്ലമേഷൻ തടയാൻ പൈനാപ്പിളിലടങ്ങിയ ബ്രോമലെയ്ൻ സഹായിക്കുന്നു. പൈനാപ്പിൾ സത്ത് അലർജിക്ക് എയർവേ ഡിസീസ് ഉൾപ്പെടെയുള്ള രോഗങ്ങൾ തടയാൻ ഫലപ്രദമാണ്. 

രോഗപ്രതിരോധ ശക്തിയേകുന്നു– രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും മുറിവ് വേഗം ഉണങ്ങാനും സഹായിക്കുന്നു. പൈനാപ്പിൾ ജ്യൂസ് കുടിക്കുന്ന കുട്ടികൾക്ക് മൈക്രോബിയൽ ഇൻഫെക്‌ഷനുകൾ വരാനുള്ള സാധ്യത കുറവാണ്. ശ്വേതരക്താണുക്കളുടെ അളവ് നാലിരട്ടി കൂട്ടാനും പൈനാപ്പിളിനു കഴിയും. ബ്രോമലെയ്ൻ സപ്ലിമെന്റ്, കുട്ടികളിലുണ്ടാകുന്ന സൈനസൈറ്റിസ് വേഗം സുഖമാകാൻ സഹായിക്കും. ആസ്മ ഉൾപ്പെടെയുള്ള അലർജി രോഗങ്ങൾ തടയാനും ഇതിനു കഴിയും. 

ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ള പൈനാപ്പിളിലെ ബ്രോമലെയ്ൻ സർജറിക്കു ശേഷം വേഗം സുഖമാകാൻ സഹായിക്കുന്നു. ഡെന്റൽ സർജറി കഴിഞ്ഞ രോഗികളിലെ വേദന കുറയ്ക്കാനും ഈ എൻസൈം സഹായിക്കും. ക്ഷീണം അകറ്റാനും പേശികൾക്കുണ്ടാകുന്ന ക്ഷതം കുറയ്ക്കാനും ഇത് സഹായിക്കും. 

പൈനാപ്പിളിൽ അടങ്ങിയ വൈറ്റമിൻ സി ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. 
 

Tags