മുന്തിരി പ്രമേഹ രോഗികള്‍ക്ക് കഴിക്കാമോ?

google news
grapes

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. മിക്കവരിലും ഇന്ന് കണ്ടുവരുന്നത് 'ടൈപ്പ് 2' പ്രമേഹമാണ്.  ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും പ്രമേഹ രോഗികള്‍ ശ്രദ്ധിക്കണം.പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.

പഴങ്ങൾ ധാരാളം കഴിക്കുന്നത് പ്രമേഹം ഉൾപ്പെടെ നിരവധി രോഗങ്ങളിൽ നിന്ന് സംരക്ഷണമേകുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നാൽ പഴങ്ങളിലടങ്ങിയ പഞ്ചസാര, രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുമോ എന്ന് പലർക്കും സംശയമുണ്ട്. അത്തരത്തില്‍ പലര്‍ക്കുമുള്ള സംശയമാണ് പ്രമേഹ രോഗികള്‍ക്ക് മുന്തിരി കഴിക്കാമോ എന്നത്.

മുന്തിരിയിൽ ആന്‍റി ഓക്സിഡന്റുകൾ, വിറ്റാമിൻ സി, പൊട്ടാസ്യം, അവശ്യ പോഷകങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധശേഷി കൂട്ടാനും എല്ലുകളുടെയും കണ്ണുകളുടെയും ആരോഗ്യത്തിനും മുന്തിരി നല്ലതാണ്. അതുപോലെ നിര്‍ജ്ജലീകരണം തടയാനും മുന്തിരി ഡയറ്റില്‍ ഉള്‍പ്പെടുത്താം. പൊട്ടാസ്യം ധാരാളം അടങ്ങിയ മുന്തിരി പ്രമേഹത്തെ പ്രതിരോധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതുകൊണ്ടുതന്നെ പതിവായി മുന്തിരി കഴിക്കുന്നത് പ്രമേഹത്തെ അകറ്റി നിർത്തും. ശരീരത്തിലെ ഗ്ലൂക്കോസ് നില നിയന്ത്രിക്കുന്നതോടൊപ്പം മെറ്റബോളിക് സിൻഡ്രോം വരാനുള്ള സാധ്യതയും കുറയ്ക്കാൻ മുന്തിരിങ്ങ സഹായിക്കും. മുന്തിരിയുടെ ഗ്ലൈസെമിക് ഇൻഡക്സ് സൂചികയും കുറവാണ്. അതിനാല്‍ മിതമായ അളവില്‍ പ്രമേഹ രോഗികള്‍ക്ക് മുന്തിരി കഴിക്കാം.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Tags