പ്രമേഹ ലക്ഷണങ്ങൾ ചർമ്മത്തിലും ; അവഗണിക്കരുത് ഈ ലക്ഷണങ്ങൾ

google news
diabetes

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണാതീതമായി കൂടുന്നത് പല ആരോ​ഗ്യപ്രശ്നങ്ങൾക്കും കാരണമാകും. ഹൃദയത്തെയും വൃക്കകളെയും നാഡീവ്യൂഹത്തെയുമൊക്കെ ഇത് ബാധിക്കും. പഞ്ചസാരയുടെ അളവ് കൂടുന്നത് ചർമ്മത്തെയും ബാധിക്കും. തൊലിപ്പുറത്തെ ചില ലക്ഷണങ്ങൾ പ്രമേഹത്തിന്റെ സൂചനയായി കണക്കാക്കാവുന്നതാണ്. അതുപോലെതന്നെ നിലവിൽ ചർമ്മരോ​ഗം ഉണ്ടെങ്കിൽ ഇത് വഷളാകാനും പ്രമേഹം കാരണമാകും.

കണ്ണും ചർമവുമെല്ലാം ചുവന്ന് തടിക്കാൻ കാരണമാകുന്ന ബാക്ടീരിയൽ അണുബാധയ്ക്ക് പ്രമേഹം കാരണമാകും. കൺപോളകളിലും നഖത്തിലും ചർമത്തിലും ബാക്ടീരിയൽ അണുബാധ ദൃശ്യമാകും. ചർമത്തിൽ തിണർപ്പുകളുണ്ടാകുന്നതും പ്രമേഹം കാരണമാണ്. ചെറിയ കുരു പോലെ തുടങ്ങി മഞ്ഞ, ചുവപ്പ്, തവിട്ട് നിറങ്ങളിലെ തിണർപ്പുകളായി ഇവ‌ മാറും. ഇതുമുലം ചൊറിച്ചിലും വേദനയുമൊക്കെ അനുഭവപ്പെട്ടേക്കാം.

ഇരുണ്ട നിറത്തിൽ വെൽവെറ്റ് പോലെ ചർമത്തിൽ തിണർപ്പുണ്ടാകുന്നത് പ്രമേഹത്തിന് മുൻപെയുള്ള പ്രീഡയബറ്റിക് ഘട്ടത്തിൽ പ്രത്യക്ഷപ്പെടുന്ന ലക്ഷണമാണ്. കഴുത്തിലും കക്ഷത്തിലും കാലിൻറെ ഇടുക്കിലുമെല്ലാം ഇത് പ്രത്യക്ഷമാകും. അകാന്തോസിസ് നിഗ്രിക്കൻസ് എന്നാണിതിനെ പറയുന്നത്. അതുപോലെതന്നെ ചർമത്തിൽ പലയിടത്തും വേദനയില്ലാത്ത കുമിളകൾ പ്രത്യക്ഷപ്പെടുന്നതും പ്രമേഹം മൂലമാകാം. കൈകാലുകളിലും കാൽപാദത്തിലും വിരലിന്റെ പിൻഭാ​ഗത്തുമൊക്കെ ഇത് കാണപ്പെടാം. രക്തത്തിൽ പഞ്ചസാരയുടെ തോത് ഉയരുമ്പോൾ ചർമത്തിലെ സ്വാഭാവിക ജലാംശം നഷ്ടപ്പെട്ട് തൊലി വരണ്ടതും ചൊറിച്ചിലുള്ളതായും മാറും.

ഡയബറ്റിക് ഡെർമോപതി നിസ്സാരമായി അവഗണിക്കരുത്. മുട്ടിന് താഴെ കാലിൻറെ മുഖഭാഗത്ത് പ്രത്യക്ഷമാകുന്ന പാടുകളും വരകളുമാണിത്. വേദന അനുഭവപ്പെടില്ലെങ്കിലും ഇത് പ്രമേഹത്തിന്റെ ലക്ഷണമാണ്. അതുപോലെതന്നെ കാൽമുട്ടിലും കാൽമുട്ടിന് പിന്നിലുമായി പ്രമേഹം മൂലം ചുവപ്പ്, മഞ്ഞ നിറത്തിലുള്ള ചെറിയ മുഴകൾ പ്രത്യക്ഷപ്പെടാം. ഇത് പെട്ടെന്ന് പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാകുകയും ചെയ്യുന്ന ലക്ഷണമാണ്.

കൈകാൽ വിരലുകളും സന്ധികളും അനക്കാനുള്ള ബുദ്ധിമുട്ട് പ്രമേഹ ലക്ഷണമാണ്. ഡിജിറ്റൽ സ്ക്ളീറോസിസ് എന്ന വിളിക്കുന്ന ഈ അവസ്ഥ ചർമം വലിഞ്ഞു മുറുകുന്നത് മൂലം സംഭവിക്കുന്നതാണ്. തോളുകൾ, കഴുത്ത്, മുഖം, നെഞ്ച് എന്നിവിടങ്ങളിലൊക്കെ ചർമ്മം വലിഞ്ഞുമുറുകി മെഴുക് പോലെ അനുഭവപ്പെടാം.

Tags