30 വയസിന് മുമ്പും പ്രമേഹ സാധ്യതയോ? നേരത്തെ തിരിച്ചറിയാൻ ചെയ്യേണ്ട 2 പ്രധാന പരിശോധനകൾ

diabetics

പ്രമേഹം പ്രായമായവരെ മാത്രം ബാധിക്കുന്ന രോഗമാണെന്ന ധാരണ മാറുകയാണ്. ജീവിതശൈലിയിലെ മാറ്റങ്ങൾ, അമിതവണ്ണം, വ്യായാമക്കുറവ്, കുടുംബപാരമ്പര്യം തുടങ്ങിയ ഘടകങ്ങൾ യുവാക്കളിലും ടൈപ്പ്-2 പ്രമേഹ സാധ്യത വർധിപ്പിക്കാം. പലപ്പോഴും തുടക്കത്തിൽ വ്യക്തമായ ലക്ഷണങ്ങൾ പ്രകടമാകാത്തതിനാൽ രോഗം തിരിച്ചറിയാൻ വൈകാറുണ്ട്. അതിനാൽ അപകടസാധ്യതയുള്ളവർ 30 വയസ് തികയുന്നതിന് മുമ്പുതന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്നത് പ്രധാനമാണ്. പ്രമേഹസാധ്യത നേരത്തെ കണ്ടെത്താൻ സഹായിക്കുന്ന രണ്ട് പ്രധാന പരിശോധനകൾ ഏതൊക്കെയാണ്? ആരൊക്കെയാണ് പരിശോധനയ്ക്ക് കൂടുതൽ ശ്രദ്ധ നൽകേണ്ടത്? നോക്കാം.

നിർബന്ധമായും ചെയ്യേണ്ട ആരോഗ്യ പരിശോധനകൾ

30 വയസിന് താഴെയുള്ളവർ പോലും ചെയ്തിരിക്കേണ്ട പ്രധാന പരിശോധനകളെക്കുറിച്ച് ഇലക്ട്രോണിക്സ് സിറ്റി മണിപ്പാൽ ഹോസ്പിറ്റലിലെ ഡയബറ്റിസ് ആൻഡ് എൻഡോക്രൈനോളജി വിഭാഗം കൺസൾട്ടന്റ് ഡോ.ഗുരുസംഗപ്പ എസ്.മുദഗൽ വിശദീകരിച്ചിട്ടുണ്ട്.

രക്തത്തിലെ ഗ്ലൂക്കോസ് പരിശോധന: ഫാസ്റ്റിങ് പ്ലാസ്മ ഗ്ലൂക്കോസ്, എച്ച്ബിഎ1സി എന്നിവയാണ് ഇതിനായി സാധാരണയായി ഉപയോഗിക്കുന്ന രണ്ട് പരിശോധനകൾ. കഴിഞ്ഞ ഏകദേശം മൂന്ന് മാസത്തെ ശരാശരി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവാണ് എച്ച്ബിഎ1സി പരിശോധനയിലൂടെ വ്യക്തമാകുന്നത്. എന്നാൽ, കുറഞ്ഞത് 8 മണിക്കൂർ ഭക്ഷണം കഴിക്കാതെയിരുന്ന ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്നതാണ് ഫാസ്റ്റിങ് ഗ്ലൂക്കോസ് ടെസ്റ്റ്. എച്ച്ബിഎ1സി അളവ് 5.7 മുതൽ 6.4 ശതമാനം വരെയോ, ഫാസ്റ്റിങ് ബ്ലഡ് ഗ്ലൂക്കോസ് 100 മുതൽ 125 mg/dL വരെയോ ആണെങ്കിൽ അത് പ്രീ-ഡയബറ്റിസ് ആയാണ് കണക്കാക്കുന്നത്. കൂടുതൽ വ്യക്തമായ വിലയിരുത്തൽ ആവശ്യമായി വരുന്ന സാഹചര്യങ്ങളിൽ 75-ഗ്രാം ഓറൽ ഗ്ലൂക്കോസ് ടോളറൻസ് ടെസ്റ്റ് നിർദേശിക്കപ്പെട്ടേക്കാം.

ശരീരഭാരവും അടിവയറ്റിലെ കൊഴുപ്പും: താരതമ്യേന കുറഞ്ഞ ബിഎംഐ (ഉള്ളവരിൽ പോലും ഉപാപചയ സംബന്ധമായ സങ്കീർCതകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ, ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ബിഎംഐയും അരക്കെട്ടിന്റെ അളവും വളരെ പ്രധാനമാണ്. ബിഎംഐ 23 kg/m²-ഓ അതിൽ കൂടുതലോ ആകുന്നതും, പുരുഷന്മാരിൽ അരക്കെട്ടിന്റെ അളവ് 90 സെന്റീമീറ്ററോ അതിൽ കൂടുതലോ, സ്ത്രീകളിൽ 80 സെന്റീമീറ്ററോ അതിൽ കൂടുതലോ ആകുന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്; പ്രത്യേകിച്ച് മറ്റ് അപകടസാധ്യതകൾ കൂടി ഉള്ളവരിൽ.

രക്തസമ്മർoവും ലിപിഡ് പ്രൊഫൈലും: ഉയർന്ന രക്തസമ്മർദം, ഉയർന്ന ട്രൈഗ്ലിസറൈഡുകൾ, കുറഞ്ഞ എച്ച്ഡിഎൽ കൊളസ്ട്രോൾ എന്നിവ ഹൃദയ-ഉപാപചയ സംബന്ധമായ അപകടസാധ്യതകളുടെ സൂചനയാകാം. അടിവയറ്റിൽ അമിതമായി കൊഴുപ്പുള്ളവരിലും, വ്യായാമരഹിതമായ ജീവിതശൈലി പിന്തുടരുന്നവരിലും, കുടുംബത്തിൽ പ്രമേഹ പാരമ്പര്യമുള്ളവരിലും ഈ പരിശോധനകൾക്ക് വലിയ പ്രാധാന്യമുണ്ട്.

നേരത്തെയുള്ള പരിശോധനകൾ പ്രധാനമാകുന്നത് എന്തുകൊണ്ട്?

മാതാപിതാക്കൾക്കോ സഹോദരങ്ങൾക്കോ പ്രമേഹമുണ്ടെങ്കിൽ, പിസിഒഎസ് ഉള്ളവരിൽ, മുൻപ് ഗർഭകാല പ്രമേഹം വന്നിട്ടുള്ളവരിൽ, ശാരീരിക അധ്വാനം കുറവുള്ളവരിൽ, അമിതഭാരമോ പൊണ്ണത്തടിയോ ഉള്ളവരിൽ, അല്ലെങ്കിൽ കഴുത്തിലും മടക്കുകളിലും കറുത്ത നിറം കാണപ്പെടുന്ന അക്കാന്തോസിസ് നൈഗ്രിക്കൻസ് പോലുള്ള ഇൻസുലിൻ പ്രതിരോധത്തിന്റെ ലക്ഷണങ്ങൾ ഉള്ളവരിൽ നേരത്തെയുള്ള പരിശോധന അനിവാര്യമാണെന്ന് ഡോ.മുദഗൽ നിർദേശിച്ചു.

"പ്രീ-ഡയബറ്റിസ് എന്നത് ഒഴിവാക്കാനാവാത്ത പ്രമേഹമല്ല, മറിച്ച് രോഗത്തെ പ്രതിരോധിക്കാനുള്ള ഒരു അവസരമാണ് എന്നതാണ് ഏറ്റവും പ്രധാനം. കൃത്യമായ വ്യായാമം, മതിയായ ഉറക്കം, സമീകൃതാഹാരം, ശരിയായ രീതിയിലുള്ള ശരീരഭാര നിയന്ത്രണം എന്നിവയിലൂടെ ഇത് പ്രമേഹമായി മാറാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കാൻ സാധിക്കും," അദ്ദേഹം പറഞ്ഞു.

അപകടസാധ്യതകൾ നിലനിൽക്കുന്നുണ്ടെങ്കിൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്നതുവരെ കാത്തിരിക്കാതിരിക്കുന്നതാണ് ഉചിതം. നേരത്തെയുള്ള രോഗനിർണയം പ്രമേഹത്തെയും അതുമായി ബന്ധപ്പെട്ട സങ്കീർണതകളെയും തടയാനോ വൈകിപ്പിക്കാനോ സഹായിക്കും.

Tags