ഡെങ്കിപ്പനി ശ്രദ്ധിക്കാം

google news
kothu

ഈഡിസ് കൊതുകുകള്‍ പരത്തുന്ന ഒരു വൈറല്‍ രോഗമാണ് ഡെങ്കിപ്പനി. സ്വതവേ മനുഷ്യ രക്തം ഇഷ്ടപ്പെടുന്നവയും കൈകളിലും കാലുകളിലും വെള്ളിനിറം കലര്‍ന്ന പാടുകളോട് കൂടിയ കറുത്ത നിറത്തിലുള്ള ഇത്തിരിക്കുഞ്ഞന്‍ കൊതുകുകളാണിവ. 100 മുതല്‍ 200 മീറ്റര്‍ ദൂരം മാത്രം പറക്കാന്‍ കഴിവുള്ള ഈ കൊതുകുകള്‍ സാധാരണയായി രാവിലെ ആറിനും ഒന്‍പതിനും ഇടയിലും വൈകിട്ട് നാലിനും 6.30നും ഇടയിലും കടിക്കുന്നു. എന്നാല്‍ ഈ സമയം മാത്രമേ ഈ കൊതുകുകള്‍ കടിക്കൂ എന്നില്ല. ചെടികളിലും ഫര്‍ണിച്ചറുകള്‍ക്ക് അടിയിലും ഇരുട്ടും ഈര്‍പ്പവും ഉള്ള സ്ഥലങ്ങളിലും വിശ്രമിക്കാനാണ് ഇവക്കിഷ്ടം. സാധാരണയായി വസ്ത്രാവരണമില്ലാത്ത കൈമുട്ടിനും കാല്‍മുട്ടിനും താഴെ കടിക്കുന്നു. വസ്ത്രാവരണമില്ലാത്ത ശരീരഭാഗങ്ങളില്‍ കൊതുകുകളെ അകറ്റുന്ന ലേപനങ്ങളോ വേപ്പെണ്ണയോ പുരട്ടുന്നത് ഫലപ്രദമാണ്.

ഒന്നില്‍ കൂടുതല്‍ ആളുകളില്‍ നിന്നും ആവശ്യമായ രക്തം കുടിക്കുന്നതിനാല്‍ രോഗം കൂടുതല്‍ ആളുകളിലേക്ക് പകരാനും കാരണമാകുന്നു. രോഗാണുക്കളുള്ള മനുഷ്യന്റെ രക്തം കുടിച്ചു കഴിഞ്ഞ മുതല്‍ 10 വരെ ദിവസത്തിനുള്ളില്‍ മറ്റൊരാളിനു രോഗം പകര്‍ത്താന്‍ കഴിയുന്ന രീതിയില്‍ വൈറസുകള്‍ കൊതുകിന്റെ ശരീരത്തില്‍ പെരുകുന്നു (Extrinsic Incubation period) ഈ കൊതുകുകള്‍ ശുദ്ധജലത്തിലാണ് മുട്ടയിടുന്നത്. നേരിട്ട് വെള്ളത്തിലേക്ക് മുട്ട ഇടാറില്ല. പാത്രങ്ങളില്‍ ഒട്ടിച്ചു വയ്ക്കുകയാണ് ചെയ്യുന്നത്. വെള്ളമില്ലാത്ത പാത്രങ്ങളില്‍ ഇടുന്ന മുട്ടകള്‍ ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ നശിക്കാതിരിക്കുകയും വെള്ളം കിട്ടുന്ന അവസരത്തില്‍ വിരിഞ്ഞു കൂത്താടിയാകുകയും ചെയ്യുന്നു. മുട്ടകള്‍ വിരിഞ്ഞത് കൂത്താടിയായി കൊതുകുകളിലേക്ക് രൂപാന്തരം പ്രാപിക്കുന്നതിന് ഏഴ് മുതല്‍ എട്ട് ദിവസമാണ് വേണ്ടത്.

കൊതുകിന്റെ ശരീരത്തിലുള്ള വൈറസുകള്‍ മുട്ടകളിലൂടെ അടുത്ത തലമുറയിലെ കൊതുകുകളിലേക്ക് എത്തിച്ചേരുന്നതിനാല്‍ വെള്ളമില്ലാത്ത പാത്രങ്ങള്‍ ഉറവിട നശീകരണ പ്രവര്‍ത്തനസമയത്തു വെള്ളം കെട്ടാത്ത രീതിയില്‍ സൂക്ഷിക്കുകയോ ആഴ്ച്ചയിലൊരിക്കല്‍ ഉരച്ചു കഴുകി വൃത്തിയാക്കുകയോ ഉപയോഗയോഗ്യമല്ലാത്തവ കമഴ്ത്തി വയ്ക്കുകയോ ചെയ്യണം.

Tags