കുഞ്ഞിന് വൈകല്യങ്ങളില്ലെന്ന് ഉറപ്പുവരുത്താം; ഗർഭകാല സ്കാനിങ്ങിനെ

pregnant
pregnant

 ഗർഭകാലത്തെ സ്കാനിങ്ങിനെക്കുറിച്ച്  കൃത്യമായ ധാരണ  പലർക്കും ഉണ്ടാകണമെന്നില്ല . ആലപ്പുഴയിലെ പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പ്രമുഖ റേഡിയോളജിസ്റ്റ് ഇതേക്കുറിച്ച് വിശദീകരിക്കുന്നു:

ഒന്നിലധികം തവണ പ്രസവിച്ചാലും എല്ലാ സ്കാനിങ്ങും എല്ലാവർക്കും ചെയ്തെന്നുവരില്ല. അസ്വാഭാവികതയൊന്നുമില്ലെങ്കിൽ പലപ്പോഴും അധികം സ്കാനിങ് വേണ്ടിവരില്ല. അതിനാൽ രണ്ടോമൂന്നോ പ്രസവം ആയാലും പിന്നീട് ഇതിന്റെയൊന്നും ആവശ്യമില്ലെന്നു കരുതുന്നവരുണ്ട്.

എന്നാൽ, ഏതൊക്കെ സ്കാനിങ്ങിൽ എന്തൊക്കെയാണ് തിരിച്ചറിയുക എന്നത് സ്ത്രീകളും പുരുഷന്മാരും ഒരുപോലെ അറിഞ്ഞിരിക്കേണ്ടതുണ്ട്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിൽ സ്കാനിങ്ങിനുള്ള പങ്കും വലുതാണ്.

* ഏഴുമുതൽ 10 ആഴ്ച- ഗർഭിണിയാണെന്നറിഞ്ഞ് ആദ്യ 10 ആഴ്ചയ്ക്കുള്ളിലാണ് ആദ്യ സ്കാനിങ്. ഒരുമാസം മുതൽ രണ്ടുമാസംവരെയുള്ള സമയത്താകും മിക്കവാറും തിരിച്ചറിയുക. ഇതിൽ ഭ്രൂണം ഗർഭപാത്രത്തിൽത്തന്നെയാണോ എന്നണ് ആദ്യം പരിശോധിക്കുന്നത്. ഹൃദയമിടിപ്പുണ്ടോ എന്നും നോക്കും.

* 11-13 ആഴ്ച-കുഞ്ഞിന് ഗുരുതരമായ വൈകല്യങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തുന്നതിനുള്ളതാണ് എൻ.ടി. (ന്യൂക്കൽ ട്രാൻസ്ലൂസൻസി) സ്കാൻ. അൾട്രാ സൗണ്ട് സ്കാനിങ് തന്നെയാണെങ്കിലും ഗർഭപാത്രത്തിനകത്ത് കുഞ്ഞിന്റെ കഴുത്തിന് അടിയിലുള്ള വെള്ളത്തിന്റെ ആളവ് ഇതിലൂടെ പരിശോധിക്കും. ഇതിനൊപ്പം ഡബിൾ മാർക്കർ, ട്രിപ്പിൾ മാർക്കർ പരിശോധനയും ചെയ്തുവരുന്നുണ്ട്. ജനിതകവൈകല്യങ്ങളുണ്ടോ എന്ന് തിരിച്ചറിയുന്നതിനാണിത്.

* 18-20 ആഴ്ച- കുഞ്ഞിന്റെ പ്രധാന അവയവങ്ങളുടെ പ്രവർത്തനം കണ്ടെത്തുന്നതിനുള്ള അനോമലി സ്കാനാണിത്. കുട്ടിയുടെ സ്ഥാനം, ഫ്ളൂയിഡിന്റെ അളവ്, ഗർഭപാത്രത്തിന്റെ കട്ടി തുടങ്ങിയ കാര്യങ്ങളും ഇതിൽ പരിശോധിക്കും.

* 24-26 ആഴ്ചയിൽ ഫീറ്റൽ കാർഡിയാക് സ്കാൻ. കുട്ടിയുടെ ഹൃദയസംബന്ധമായ കാര്യങ്ങൾ പരിശോധിക്കുന്നതിനാണിത്.

* 28-ാം ആഴ്ചയിൽ ഗ്രോത്ത് സ്കാൻ. കുട്ടിയുടെ വളർച്ച പരിശോധിക്കുന്നതിന്.

* 32 ആഴ്ചയ്ക്കുശേഷം ഡോപ്ലർ സ്കാൻ ചെയ്ത് കുട്ടിയുടെ വളർച്ചയും സ്ഥാനവുമെല്ലാം വീണ്ടും പരിശോധിക്കും.

ഈ ഘട്ടങ്ങളൊക്കെ കടന്നാലും ഓരോരുത്തരുടെയും ആരോഗ്യസ്ഥിതിക്കനുസരിച്ച് സ്കാനിങ്ങിന്റെ എണ്ണം വ്യത്യാസം വരും.

32 ആഴ്ചയ്ക്കുശേഷം ഫ്ളൂയിഡിന്റെ അളവിൽ വ്യത്യാസം, കുട്ടിക്കു വളർച്ചക്കുറവ്, രക്തസമ്മർദം, പ്രമേഹം തുടങ്ങിയവയുള്ളവർക്ക് രണ്ടാഴ്ച കൂടുമ്പോഴും രക്തസ്രാവം ഉണ്ടായാൽ ആഴ്ചയിൽ ഒന്നും സ്കാൻ ചെയ്യാൻ നിർദേശിക്കാറുണ്ട്. ആരോഗ്യസ്ഥിതി മോശമാണെങ്കിൽ അടുത്തടുത്ത ദിവസങ്ങളിൽ സ്കാൻ ചെയ്യേണ്ടിവരുന്നവരുമുണ്ട്.

Tags