കിഡ്നിക്ക് പണിയാകും; ഈ കാര്യങ്ങൾ ചെയ്യരുത്
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് വൃക്ക . കിഡ്നിയുടെ ആരോഗ്യം ശരീരത്തെ മുഴുവൻ ബാധിക്കുന്ന വിഷയമാണ്. നമ്മുടെ ചില ദൈനംദിന ശീലങ്ങൾ വൃക്കകൾ തകരാറിലാകുന്നതിന് കാരണമാകാറുണ്ട്. പ്രധാനമായും വൃക്കക്ക് പണി തരുന്നത് ഈ നാല് കാര്യങ്ങളിൽ ശ്രദ്ധിച്ചില്ലെങ്കിലാണ്.
വെള്ളം കുടിക്കാതിരിക്കല്ലേ!
ആവശ്യത്തിന് വെള്ളം കുടിക്കുക എന്നത് ശാരീരികാരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. പ്രവർത്തനങ്ങൾ സുഗമമാക്കാൻ ശരീരത്തിന് ആവശ്യമായ ജലം ലഭിക്കേണ്ടതുണ്ട്. കുടിക്കുന്ന വെള്ളത്തിന്‍റെ അളവ് കുറഞ്ഞാൽ ശരീരത്തിലെ മാലിന്യങ്ങളും വിഷവസ്തുക്കളും ഫലപ്രദമായി അരിച്ചുമാറ്റാൻ വൃക്കകൾക്ക് കഴിയാതെ വരും. ഇത് കിഡ്നിയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കും. ഇത് കിഡ്നി സ്റ്റോൺ അടക്കമുള്ള രോഗാവസ്ഥക്ക് കാരണമാകുന്നു.
ഉപ്പ് ഉപയോഗം കുറക്കണം
അമിതമായ ഉപ്പ് ഉപയോഗം ആരോഗ്യത്തിന് നല്ലതല്ല. ഉയർന്ന രക്തസമ്മർദ്ദം, വൃക്ക തകരാറുകൾ ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത് കാരണമാകും. ഉപ്പടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുന്നവരിൽ വൃക്കരോഗം വരാനുള്ള സാധ്യത 29 ശതമാനം കൂടുതലാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
മദ്യപാനവും പുകവലിയും
മദ്യപാനവും പുകവലിയും ശരീരത്തിന്‍റെ പല ഭാഗങ്ങളെയും ബാധിക്കുന്ന ദുഃശീലമാണ്. രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തി വൃക്കകളിലേക്കുള്ള രക്തയോട്ടം കുറയാൻ പുകവലി കാരണമാകുന്നു. വൃക്കയിലെ കാൻസറിന് വരെ പുകവലി കാരണമാകാം. മദ്യത്തിന്‍റെ അമിത ഉപയോഗം വൃക്കകളുടെ ഫിൽട്ടറിംഗ് കഴിവിനെ നശിപ്പിച്ചു കൊണ്ടിരിക്കും. ഇത് രണ്ടും വൃക്കയെ ഗുരുതരമായി ബാധിക്കുന്ന ദുഃശ്ശീലമാണ്.
ഉറക്കമില്ലായ്മ
ആവശ്യത്തിന് ഉറക്കം ലഭിക്കാത്തത് നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. അതിലൊന്ന് വൃക്ക സംബന്ധമായ പ്രശ്നങ്ങളാണ്. ഒരു ദിവസം ഏഴു മുതൽ എട്ട് മണിക്കൂർ വരെയുള്ള ഉറക്കം നമുക്ക് അത്യാവശ്യമാണ്. ആവശ്യത്തിന് ഉറക്കം ലഭിക്കാത്തപ്പോൾ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്ന ഹോർമോണായ ഇൻസുലിന്‍റെ അളവ് കുറയും. ഇത് ഗ്ലൂക്കോസിന്‍റെ അളവ് ഉയരാൻ കാരണമാകുന്നു.
പതിയെ പതിയെ ഉയർന്ന രക്തസമ്മർദ്ദം വൃക്കകളുടെ പ്രവർത്തനത്തെ തകരാറിലാക്കുന്നു.
.jpg)

