കക്കിരി കേടാകാതെ സൂക്ഷിക്കാൻ സഹായിക്കുന്ന ചില ടിപ്സ്...

ഒന്ന്...
കക്കിരി മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിക്കൊണ്ടുവന്ന ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതിന് മുമ്പായി നല്ലതുപോലെ കഴുകി വൃത്തിയാക്കണം. ശേഷം ഇതിന് പുറത്തുള്ള ജലാംശം തുടയ്ക്കുകയും വേണം. കഴുകുന്നതിലൂടെ ബാക്ടീരിയ പോലുള്ള സൂക്ഷ്മാണുക്കള്‍ പോകുകയും കക്കിരി കൂടുതല്‍ സമയം കേടാകാതിരിക്കുകയും ചെയ്യും.തൊലിപ്പുറത്ത് ജലാംശം ഇരുന്നാലും ഇത് വേഗത്തില്‍ കേടാകാം അതിനാലാണ് തുടച്ച് ജലാംശം കളയുന്നത്.
രണ്ട്...
നനവ് ഇരുന്നാലും പെട്ടെന്ന് കക്കിരി കേടാകുമെന്ന് പറഞ്ഞുവല്ലോ. അതിനാല്‍ ഫ്രിഡ്ജിനകത്ത് ഉണങ്ങിയിരിക്കുന്ന ഭാഗത്ത് അത്ര ഇടുങ്ങിയതല്ലാത്ത രീതിയിലാണ് കക്കിരി വയ്ക്കേണ്ടത്.
മൂന്ന്...
ഇനി, ഫ്രിഡ്ജിലാണെങ്കിലും ഏതെങ്കിലും വിധത്തില്‍ നനവ് പറ്റി കക്കിരി പെട്ടെന്ന് കേടാകാതിരിക്കാൻ ടിഷ്യൂ പേപ്പറിലോ, സാധാരണ പേപ്പറിലോ എല്ലാം പൊതിഞ്ഞ് വയ്ക്കുന്നതും നല്ലതാണ്.
നാല്...
പേപ്പറില്‍ പൊതിയുന്നത് പോലെ തന്നെ കക്കിരി കഴുകി,തുടച്ചതിന് ശേഷം പ്ലാസ്റ്റിക് ബാഗില്‍ എയര്‍ ടൈറ്റായി ഫ്രിഡ്ജിനകത്ത് സൂക്ഷിച്ചാലും മതി. ഇതും ഏറെ നാള്‍ കക്കിരി കേടാകാതിരിക്കാൻ സഹായിക്കും.
അഞ്ച്...
പാതി മുറിച്ച കക്കിരിയാണെങ്കില്‍ അത് അങ്ങനെ തന്നെ ഫ്രിഡ്ജില്‍ വയ്ക്കരുത്. ഇത് രോഗാണുക്കള്‍ കയറിപ്പറ്റുന്നതിനും എളുപ്പത്തില്‍ കേടാകുന്നതിനുമെല്ലാം കാരണമാകും. മുറിച്ച ഭാഗം പ്ലാസ്റ്റിക് കവര്‍ കൊണ്ട് മറച്ച് സീല്‍ ചെയ്ത് വേണം ഫ്രിഡ്ജിനകത്ത് വയ്ക്കാൻ.
ആറ്...
മറ്റ് പച്ചക്കറികളോ പഴങ്ങളോ സൂക്ഷിച്ചതിനൊപ്പം അങ്ങനെ തന്നെ കക്കിരി വയ്ക്കാതിരിക്കുന്നതാണ് നല്ലത്. കക്കിരി വേറെ തന്നെ വയ്ക്കാം. അല്ലെങ്കില്‍ പൊതിഞ്ഞോ പ്ലാസ്റ്റിക് ബാഗിലാക്കിയോ മറ്റുള്ളവയുടെ കൂട്ടത്തില്‍ വയ്ക്കാം.