ഒരാൾ കുഴഞ്ഞുവീണാൽ ആദ്യം സിപിആറോ അതോ പൾസ് പരിശോധനയോ? അറിയാം ജീവൻ രക്ഷിക്കുന്ന ആദ്യപടി!

If someone collapses, should you start CPR or check for a pulse first? Learn the first step that could save a life!


ഒരാൾ പെട്ടെന്ന് ബോധരഹിതനായി കുഴഞ്ഞുവീണാൽ ആദ്യം ചെയ്യേണ്ടത് എന്താണ്? പൾസ് പരിശോധിക്കണോ, അതോ ഉടൻ സിപിആർ നൽകണോ? ഇത്തരം സാഹചര്യങ്ങളിൽ പലർക്കും ആശയക്കുഴപ്പമുണ്ടാകാറുണ്ട്. എന്നാൽ ഓരോ നിമിഷവും നിർണായകമായേക്കാവുന്ന ഇത്തരം ഘട്ടങ്ങളിൽ ശരിയായ നടപടി അറിയേണ്ടത് അത്യാവശ്യമാണ്. പരിശീലനം ലഭിക്കാത്ത ഒരാൾ എങ്ങനെ പ്രതികരിക്കണം, ഏതൊക്കെ ലക്ഷണങ്ങൾ കണ്ടാലാണ് സിപിആർ ആരംഭിക്കേണ്ടത് തുടങ്ങിയ കാര്യങ്ങൾ വിശദീകരിക്കുന്നു മുംബൈ പരേലിലെ ഗ്ലെനെഗിൾസ് ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് കാർഡിയോവാസ്കുലർ ആൻഡ് തൊറാസിക് സർജനായ ഡോ. സ്വരൂപ് സ്വരാജ് പാൽ.


ഒരാൾ ബോധരഹിതനായാൽ ആദ്യം എന്ത് ചെയ്യണം?

"പരിശീലനം ലഭിക്കാത്ത ഒരാളെ സംബന്ധിച്ച് പൾസ് കൃത്യമായി കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്, ഇത് വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുകയും ചെയ്യും," ഡോ. പാൽ പറയുന്നു. അതിനാൽ പൾസ് തപ്പാൻ നിൽക്കാതെ, വ്യക്തി പ്രതികരിക്കുന്നുണ്ടോ എന്നും സാധാരണ രീതിയിൽ ശ്വാസമെടുക്കുന്നുണ്ടോ എന്നും വേഗത്തിൽ പരിശോധിച്ച് ഉറപ്പുവരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം:

1. ചുറ്റുമുള്ള അന്തരീക്ഷം സുരക്ഷിതമാണെന്ന് ഉറപ്പാക്കുക.

2. വ്യക്തി പ്രതികരിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക.

"വ്യക്തിയെ ചെറുതായി തട്ടി ഉറക്കെ സംസാരിച്ച് പ്രതികരണമുണ്ടോ എന്ന് നോക്കുക," ഡോ. പാൽ പറയുന്നു.

3.സാധാരണ രീതിയിൽ ശ്വസിക്കുന്നുണ്ടോ എന്ന് നോക്കുക.

യാതൊരു പ്രതികരണവുമില്ലെങ്കിൽ, വ്യക്തി സാധാരണ രീതിയിലാണോ ശ്വാസമെടുക്കുന്നത് എന്ന് പരിശോധിക്കുക. എല്ലാ ശ്വാസോച്ഛ്വാസവും സാധാരണമാകണമെന്നില്ല.

"ആയാസപ്പെട്ടുള്ള ശ്വാസമെടുക്കൽ, ഇടയ്ക്കിടെയുള്ള അസാധാരണമായ ശ്വാസോച്ഛ്വാസം അല്ലെങ്കിൽ ശബ്ദത്തോടെയുള്ള ക്രമരഹിതമായ ശ്വാസമെടുപ്പ് എന്നിവ സാധാരണ ശ്വസനമായി കണക്കാക്കരുത്," ഡോ. പാൽ കൂട്ടിച്ചേർത്തു.


4. വ്യക്തി പ്രതികരിക്കാതിരിക്കുകയും സാധാരണ രീതിയിൽ ശ്വസിക്കാതിരിക്കുകയും ചെയ്താൽ, അതിനെ ഒരു അടിയന്തര ഹൃദയാഘാത സാഹചര്യമായി കണക്കാക്കുക.

പൾസ് കണ്ടുപിടിക്കാൻ ശ്രമിച്ച് വിലപ്പെട്ട സമയം കളയരുത്. "പരിശീലനം ലഭിക്കാത്ത ഒരാൾക്ക് പൾസ് കണ്ടെത്തുന്നത് ബുദ്ധിമുട്ടായതിനാൽ അത് സമയം പാഴായി പോകും," ഡോ. പാൽ പറഞ്ഞു

5. ഉടൻ തന്നെ അടിയന്തര വൈദ്യസഹായം വിളിക്കുകയും സിപിആർ (CPR) ആരംഭിക്കുകയും ചെയ്യുക.

വ്യക്തി പ്രതികരിക്കാതിരിക്കുകയും സാധാരണ രീതിയിൽ ശ്വാസമെടുക്കാതിരിക്കുകയും ചെയ്താൽ, പൾസ് പരിശോധിക്കാൻ സമയം കളയാതെ ഉടൻ തന്നെ നെഞ്ചിൽ അമർത്തിയുള്ള സിപിആർ ആരംഭിക്കുക.


6. എഇഡി (AED) ലഭ്യമാണെങ്കിൽ ഉപയോഗിക്കുക.

"ഒരു എഇഡി (Automated External Defibrillator) ലഭ്യമാണെങ്കിൽ, എത്രയും വേഗം അത് ഉപയോഗിക്കുക, അതിൽ നിന്നുള്ള ശബ്ദ നിർദ്ദേശങ്ങൾ പാലിക്കുക," ഡോ. പാൽ പറയുന്നു.

എന്തുകൊണ്ടാണ് ആദ്യം പൾസ് പരിശോധിക്കരുത് എന്ന് പറയുന്നത്?

"പൾസ് നോക്കുന്നതിൽ നിങ്ങൾ വിദഗ്ദ്ധനാകേണ്ടതില്ല. ഒരാൾ പ്രതികരിക്കാതിരിക്കുകയും സാധാരണ രീതിയിൽ ശ്വസിക്കാതിരിക്കുകയും ചെയ്താൽ, അതിനെ ഒരു ഹൃദയാഘാത അടിയന്തരാവസ്ഥയായി കണ്ട് പ്രവർത്തിക്കുക," ഡോ. പാൽ കൂട്ടിച്ചേർത്തു.

പരിശീലനം ലഭിക്കാത്ത ഒരാൾ പൾസ് കണ്ടെത്താനോ അത് ഉറപ്പിക്കാനോ കൂടുതൽ സമയം ചെലവഴിച്ചേക്കാം, ഇത് സിപിആർ നൽകുന്നത് വൈകിപ്പിക്കും.

"ഹൃദയാഘാതം ഉണ്ടാകുമ്പോൾ ഓരോ മിനിറ്റും വളരെ പ്രധാനമാണ്," ഡോ. പാൽ പറയുന്നു. വ്യക്തി പ്രതികരിക്കാതെയും ശരിയായി ശ്വാസമെടുക്കാതെയും ഇരുന്നാൽ, പൾസ് തിരയുന്നതിന് പകരം എത്രയും വേഗം നെഞ്ചിൽ അമർത്തിയുള്ള സിപിആർ നൽകിത്തുടങ്ങണം.

സംശയമുണ്ടെങ്കിൽ എന്ത് ചെയ്യണം?

"നിങ്ങൾക്ക് കാര്യങ്ങൾ വ്യക്തമല്ലെങ്കിൽ, അത് മനസ്സിലാക്കാൻ ശ്രമിച്ച് കൂടുതൽ സമയം കളയരുത്," എന്ന് ഡോ. പാൽ മുന്നറിയിപ്പ് നൽകുന്നു.

വ്യക്തി പ്രതികരിക്കാതിരിക്കുകയും ശ്വാസമെടുപ്പ് ഇല്ലാതിരിക്കുകയോ അസാധാരണമായിരിക്കുകയോ ചെയ്താൽ, ഉടൻ തന്നെ അടിയന്തര സഹായം വിളിക്കുകയും സിപിആർ നൽകാൻ ആരംഭിക്കുകയും ചെയ്യുക.

"പരിശോധനകൾ കൃത്യമായി നടത്താൻ ശ്രമിച്ച് വിലപ്പെട്ട സമയം കളയുന്നതിനേക്കാൾ നല്ലത് ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുന്നതാണ്," ഡോ. പാൽ കൂട്ടിച്ചേർത്തു.

Tags