മഴക്കാലരോഗങ്ങളെ കരുതിയിരിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

google news
cough


പാലക്കാട് :  കാലവര്‍ഷം ജില്ലയില്‍ സജീവമായ സാഹചര്യത്തില്‍ മഴക്കാലരോഗങ്ങളെ കരുതിയിരിക്കണമെന്നും പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. കെ.പി റീത്ത അറിയിച്ചു. ജില്ലയില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ സ്ഥാപനങ്ങളില്‍ ആവശ്യമായ മരുന്നുകളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സാമഗ്രികളും ഉറപ്പുവരുത്തിയിട്ടുണ്ട്. രോഗ പകര്‍ച്ചാ സാഹചര്യം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

പനി-ജലജന്യരോഗങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം

ജലജന്യരോഗങ്ങള്‍, എലിപ്പനി ഉള്‍പ്പെടെുള്ള വിവിധതരം പനികളെ കരുതിയിരിക്കണം. ഡെങ്കിപ്പനി, എലിപ്പനി, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയവ മഴക്കാലത്ത് പടര്‍ന്നു പിടിക്കാനുള്ള സാഹചര്യമുണ്ട്. പനിയോടൊപ്പം തലവേദന, കണ്ണിന് പുറകിലെ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ശരീരത്തില്‍ ചുവന്ന പാടുകളും ഉണ്ടാകാം. തുടര്‍ച്ചയായ ഛര്‍ദ്ദി, വയറുവേദന രക്തസ്രാവം, കറുത്തമലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ടല്‍, ശരീരം ചുവന്ന് തടിക്കല്‍, തണുത്തുമരവിക്കല്‍, തളര്‍ച്ച, രക്തസമര്‍ദ്ദം താഴുക, കുട്ടികളിലെ തുടര്‍ച്ചയായ കരച്ചില്‍ എന്നിവ ഇവയുടെ അപായ സൂചനകളാണ്. ഒരിക്കല്‍ ഡെങ്കിപ്പനി ബാധിച്ചവര്‍ക്ക് വീണ്ടും ബാധിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് വഴിതെളിയിച്ചേക്കാം.

കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കി ഡെങ്കിപ്പനി തടയാം

വീടുകള്‍, സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍ എന്നിവയുടെ പരിസരത്ത് കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കിയും ഫലപ്രദമായ ഉറവിട നശീകരണം നടത്തിയും ഡെങ്കിപ്പനി പകര്‍ച്ച നിയന്ത്രിക്കാനാകും. വീടിനുചുറ്റും പൊട്ടിയ പാത്രങ്ങള്‍, ചിരട്ടകള്‍, മറ്റ് വെള്ളം കെട്ടി നില്‍ക്കാവുന്ന ഉപയോഗശൂന്യമായ വസ്തുക്കള്‍ എന്നിവ അലക്ഷ്യമായി ഇടരുത്. ടെറസിലും സണ്‍ഷെയ്ഡിലും വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്. ഫ്ളവര്‍വെയ്സ്, റഫ്രിജറേറ്ററിന്റെ പുറകിലെ ട്രേ തുടങ്ങിയവയില്‍ വെള്ളം കെട്ടിനില്‍ക്കാതെ ശ്രദ്ധിക്കണം. വെള്ള സംഭരണികള്‍ അടച്ചുസൂക്ഷിക്കണം. ഉപയോഗിക്കാത്ത ഉരല്‍, ആട്ടുകല്ല്, ടയറുകള്‍ എന്നിവയില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് കൊതുകുകള്‍ വളരാന്‍ കാരണമാകും. വെള്ളം കെട്ടിനില്‍ക്കാതെ അടച്ചും ടയറില്‍ സുഷിരങ്ങള്‍ ഉണ്ടാക്കിയും ശ്രദ്ധിക്കണം. രണ്ട് മില്ലി വെള്ളം നില്‍ക്കുന്ന സ്ഥലങ്ങളില്‍ വരെ കൊതുക് മുട്ടയിട്ട് പെരുകും. റബ്ബര്‍തോട്ടങ്ങളിലെ ചിരട്ടകള്‍, കവുങ്ങിന്‍ തോപ്പുകളിലെ പാളകള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടിനില്‍ക്കാതെ ശ്രദ്ധിക്കണം.

മലിനജല സമ്പര്‍ക്കം ഒഴിവാക്കണം, പനി വന്നാല്‍ സ്വയം ചികിത്സ പാടില്ല

മലിനജല സമ്പര്‍ക്കം കഴിവതും ഒഴിവാക്കണം. വിവിധ തൊഴിലുകളുമായി ബന്ധപ്പെട്ട് മലിനജല സമ്പര്‍ക്കമുണ്ടാകുന്നവര്‍ പ്രദേശത്തെ ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് ആഴ്ചയിലൊരിക്കല്‍ ഡോക്സിസൈക്ലിന്‍ ഗുളികള്‍ കഴിക്കണം. കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുകയും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുകയും ചെയ്യുക. വേവിക്കാതെ കഴിക്കുന്ന പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ വൃത്തിയായി കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക. പല അസുഖങ്ങളുടെയും ലക്ഷണമായതിനാല്‍ പനിക്ക് സ്വയം ചികിത്സ ഒഴിവാക്കി തൊട്ടടുത്ത ആരോഗ്യസ്ഥാപനത്തിലെത്തി ശാസ്ത്രീയ ചികിത്സക്ക് വിധേയരാകണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശിച്ചു.

Tags