ചുമയ്‌ക്കൊപ്പം ലക്ഷണങ്ങൾ ഇവയാണോ? ശ്വാസകോശാർബുദം സംശയിക്കണം

google news
cough

പുകവലി, വര്‍ധിച്ചു വരുന്ന വായു മലിനീകരണം എന്നിവ മൂലം ലോകത്ത് ശ്വാസകോശാര്‍ബുദത്തിന്‍റെ നിരക്ക് വര്‍ധിച്ചു വരികയാണ്. ഇന്ത്യയില്‍ മാത്രം ആകെയുള്ള അര്‍ബുദ രോഗികളുടെ 6.9 ശതമാനം ശ്വാസകോശാര്‍ബുദം ബാധിച്ചവരാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും ഇത് മൂലമുള്ള മരണങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ സഹായകമാണ്. എന്നാല്‍ ഇവ നേരത്തെ കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ള തരം അര്‍ബുദങ്ങളില്‍ ഒന്നാണ്.

പല കേസുകളിലും ശ്വാസകോശത്തിന്‍റെ നല്ലൊരു ഭാഗത്തേക്ക് പടര്‍ന്ന ശേഷമാണ് ഈ അര്‍ബുദത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുക. ചിലരുടെ കാര്യത്തില്‍ പ്രാരംഭ ലക്ഷണങ്ങള്‍ മറ്റു രോഗങ്ങളായി തെറ്റിദ്ധരിക്കപ്പെടുന്നതിനാല്‍ രോഗനിര്‍ണയവും ചികിത്സയും വൈകുന്നു. ചുമയ്ക്കുന്ന രീതിയാണ് ശ്വാസകോശാര്‍ബുദത്തിന്‍റെ ആദ്യ കാല സൂചനകളില്‍ ഒന്ന്. നമ്മുടെ ചുമ ശ്വാസകോശ സംവിധാനത്തിന്‍റെ ആരോഗ്യത്തെ സംബന്ധിച്ച് പല കാര്യങ്ങളും വെളിപ്പെടുത്തുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു.

ശ്വാസകോശ നാളിയില്‍ അണുക്കളോ അപകടകാരികളായ വസ്തുക്കളോ കുടുങ്ങുമ്പോൾ ശരീരത്തിന്‍റെ ആദ്യ സ്വാഭാവിക പ്രതികരണമാണ് ചുമ. കാര്യമായ പ്രശ്നങ്ങള്‍ മൂലമുള്ളതല്ല ചുമയെങ്കില്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അത് തനിയേ മാറുന്നതാണ്. എന്നാല്‍ ഏറെ നാള്‍ നീണ്ടു നില്‍ക്കുന്ന ചുമ കാര്യമായ എന്തോ പന്തികേട് ശ്വാസകോശത്തിനുണ്ടെന്നതിന്‍റെ അടയാളമാണ്. ആഴ്ചകളും മാസങ്ങളും നീണ്ടു നില്‍ക്കുന്ന ചുമ ചിലപ്പോള്‍ ശ്വാസകോശ അര്‍ബുദം മൂലമാകാം.

ചുമയ്ക്കൊപ്പം കരുതിയിരിക്കാം ഈ ലക്ഷണങ്ങളെയും

അര്‍ബുദം മൂലമുള്ള ചുമയ്ക്കൊപ്പം ഇനി പറയുന്ന ലക്ഷണങ്ങളെ കൂടി കരുതിയിരിക്കാം

∙ കഫത്തില്‍ ചോരയുടെയോ തുരുമ്പിന്റെയോ നിറം
∙ ശ്വാസം മുട്ടല്‍
∙ നെഞ്ച് വേദന
∙ ബ്രോങ്കൈറ്റിസ്, ന്യുമോണിയ പോലുള്ള അണുബാധകള്‍ വിട്ടുമാറാതെ തുടരുന്നത്

വിട്ടുമാറാത്ത ചുമയുള്ളവരില്‍ ചുമയുടെ ശബ്ദത്തിലും സ്വഭാവത്തിലും വരുന്ന മാറ്റങ്ങളും വളരുന്ന അര്‍ബുദ കോശങ്ങളുടെ സൂചനയാകാം. ചുമയ്ക്കുമ്പോഴോ  സംസാരിക്കുമ്പോഴോ  വേദന വരുന്നതും ശ്വാസകോശാര്‍ബുദത്തിന്‍റെ ലക്ഷണമാണ്.

ഇനി ചുമയുമായി ബന്ധമില്ലാത്ത ലക്ഷണങ്ങളും ശ്വാസകോശാര്‍ബുദത്തിന്‍റെ ഭാഗമായി ശരീരം പ്രകടിപ്പിക്കാം. ഓരോരുത്തരിലും ഇത് വ്യത്യസ്തമായിരിക്കും. തൊണ്ടയടപ്പ്, വിശപ്പില്ലായ്മ, വിശദീകരിക്കാനാകാത്ത ഭാരക്കുറവ്, ക്ഷീണം, മുഖത്തോ കഴുത്തിലോ നീര്‍ക്കെട്ട് എന്നിവയെല്ലാം ശ്വാസകോശാര്‍ബുദത്തിന്‍റെ മറ്റ് ലക്ഷണങ്ങളാണ്. അപൂര്‍വം ചില കേസുകളില്‍ വിരലുകള്‍ക്കും ചില മാറ്റങ്ങള്‍ ഉണ്ടാകാറുണ്ട്. വിരലുകള്‍ കൂടുതല്‍ വളയുകയോ അവയുടെ അറ്റം വലുതാകുകയോ ചെയ്യാം. തോളിനു വരുന്ന വേദനയും ശ്വാസകോശ അര്‍ബുദത്തിന്‍റെ ഭാഗമായ ഒരു ലക്ഷണമാണ്.

ഡോക്ടറെ സമീപിക്കേണ്ടത് എപ്പോള്‍

ചുമ നാലാഴ്ചകള്‍ക്ക് മേല്‍ നീണ്ടു നില്‍ക്കുകയോ ചുമയുടെ ശബ്ദത്തില്‍ മാറ്റം വരുകയോ ചെയ്താല്‍ തീര്‍ച്ചയായും ഡോക്ടറെ കാണണം. ചുമ പല കാരണങ്ങള്‍ കൊണ്ട് സംഭവിക്കാമെന്നതിനാല്‍ ഇതിനെ ലാഘവത്തോടെ എടുക്കരുത്. ശ്വാസകോശാര്‍ബുദ സാധ്യത പുകവലിക്കാരില്‍ അധികമാണെന്നതിനാല്‍ ഇത്തരം ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന പുകവലിക്കാര്‍ അത്യന്തം ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ വിദഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

Tags