സ്വാദുള്ള 'വില്ലൻ'; മയോണൈസ് കഴിക്കുന്നത് നിയന്ത്രിക്കണം ,അല്ലെങ്കിൽ പണി കിട്ടും
രുചി മുകുളങ്ങളെ കീഴടക്കുന്ന മയോണൈസ് ഇന്ന് അടുക്കളകളിലെ പ്രധാന സാന്നിധ്യമാണ്. സാൻഡ്‌വിച്ചുകൾക്കും ബ്രോസ്റ്റഡ് ചിക്കനും കൂടുതൽ സ്വാദ് പകരുന്ന ഇതിന്റെ ഘടന പലരെയും ഇതിന് അടിമകളാക്കുന്നു. എന്നാൽ ഈ രുചികരമായ കൂട്ടിന്റെ പിന്നിലെ ആരോഗ്യ അപകടങ്ങൾ പലപ്പോഴും ഗൗരവമായി ചർച്ച ചെയ്യപ്പെടുന്നില്ല. നിശബ്ദനായി നമ്മുടെ ആരോഗ്യം തകർക്കാൻ മയോണൈസിന് കഴിയുമെന്നതാണ് വാസ്തവം.
ഉയർന്ന കാലറി മുതൽ ഫാറ്റി ആസിഡ് ഘടന വരെയുള്ള മയോണൈസിനെ ഒന്ന് സൂക്ഷിക്കുന്നതാണ് ഉത്തമം. ഹൃദയാരോഗ്യത്തിന് മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തിനും അത് നല്ലതായിരിക്കും. മയോണൈസിനെക്കുറിച്ചുള്ള പ്രധാനപ്പെട്ട ആശങ്കകളിൽ ഒന്ന് കൂടിയ കാലറിയാണെന്ന് സീനിയർ ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റ് ആയ ഡി. മദൻ മോഹൻ പറയുന്നു. മയോണൈസ് ഒരു കറി പോലെ ഒഴിച്ചു കഴിക്കുന്നവർ മനസ്സിലാക്കാത്തത്, കൊളസട്രോൾ പണി തരുമെന്നാണ്.
മയോണൈസ് ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു
മുട്ടയും വിനാഗിരിയും എണ്ണയും ചേർത്താണ് മയോണൈസ് ഉണ്ടാക്കുന്നത്. അടുക്കളയിലെ സാധാരണ വിഭവങ്ങൾ കൊണ്ടു തന്നെ ഉണ്ടാക്കുന്നതിനാൽ ഇതിന് ആരാധകരും ഏറെയാണ്. മയോണൈസ് സാൻഡ്‌വിച്ചുകൾ, സലാഡുകൾ എന്നിവയിൽ ഉപയോഗിക്കുന്നതിന് ഒപ്പം തന്നെ ഡിപ്പ് ആയും ഉപയോഗിക്കുന്നു. നിലവിൽ കേരളം മുഴുവൻ മന്തി ഫാൻസ് ആണെന്നാണ് പറയാറുള്ളത്, ആ ഇഷ്ടത്തിനു പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് ഈ മയോണൈസ് തന്നെയാണ്.
ഉയർന്ന കാലറി
ചെറിയ അളവ് മയോണൈസിൽ തന്നെ വലിയ അളവ് കാലറി അടങ്ങിയിട്ടുണ്ട്. ഒരു ടേബിൾ സ്പൂൺ മയോണൈസിൽ ഏകദേശം 90 കാലറിയുണ്ട്. ആ സ്ഥിതിക്ക് മയോണൈസ് ധാരാളം ഉപയോഗിച്ചാൽ ശരീരത്തിൽ കൂടുതൽ കാലറി എത്തുകയും അത് ശരീരഭാരം വർധിക്കാൻ കാരണമാകുകയും ചെയ്യും. കാലക്രമേണ രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്ട്രോളിന്റെയും അളവ് കൂടും. പ്രമേഹം, ഹൃദ്രോഗം പോലെയുള്ള പ്രശ്നങ്ങൾക്ക് ഇത് കാരണമാകുകയും ചെയ്യും.
മുട്ടക്കൊപ്പം വിനാഗിരി, എണ്ണ എന്നിവ ചേർത്താണ് മയോണൈസ് ഉണ്ടാക്കുന്നതെന്ന് പറഞ്ഞല്ലോ. ശരിയായ രീതിയിൽ മുട്ട ഉപയോഗിച്ചില്ലെങ്കിൽ അത് ദോഷകരമായ ബാക്ടീരിയകൾ ഉണ്ടാകാൻ കാരണമായേക്കാം. മയോണൈസ് ചീത്തയായാൽ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും. ഛർദ്ദി, വയറിളക്കം എന്നിവയുണ്ടാകാം. അതുകൊണ്ടു തന്നെ അപകടസാധ്യത കുറയ്ക്കുന്നതിന് മയോണൈസ് ഫ്രിഡ്ജിൽ സൂക്ഷിക്കുക. മുറിയിലെ താപനിലയിൽ കൂടുതൽ നേരം വെയ്ക്കുന്നത് ഒഴിവാക്കുക.
സ്ഥിരമായി മയോണൈസ് ഉപയോഗിക്കുന്നത് ശരീരഭാരം വർധിക്കുന്നതിന് കാരണമാകുന്നു. അമിതമായി മയോണൈസ് കഴിച്ചാൽ അതിൻ്റെ ഉയർന്ന കാലറി ഉള്ളടക്കം ശരീരഭാരം കൂട്ടും. ശരീരഭാരം കൂടുമ്പോൾ അത് ഉയർന്ന എൽഡിഎൽ കൊളസ്ട്രോളിന് കാരണമാകുകയും ഹൃദ്രോഗസാധ്യത വർധിപ്പിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ മയോണൈസ് വളരെ സൂക്ഷിച്ച് വേണം ഉപയോഗിക്കാൻ. ആരോഗ്യത്തിന് ഉതകുന്ന വിധത്തിൽ മയോണൈസ് കഴിക്കുന്നത് നല്ലതാണ്. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ലീൻ പ്രോട്ടീനുകൾ എന്നിവയുമായി ചേർത്ത് മയോണൈസ് കഴിച്ചാൽ പ്രതികൂല ഫലങ്ങൾ ഒഴിവാക്കാൻ കഴിയും. അതേസമയം, കുറച്ചുകൂടി ആരോഗ്യകരമായ മറ്റ് ഓപ്ഷനുകൾ വേണമെങ്കിൽ മയോണൈസിന് പകരം ഗ്രീക്ക് തൈര്, അവോക്കാഡോ സ്പ്രെഡുകൾ, ഒലിവ് ഓയിൽ ഉപയോഗിച്ചുള്ള മയോണൈസ് എന്നിവ പരിഗണിക്കാവുന്നതാണ്. ഇത്തരം ബദലുകൾ ഹൃദയാരോഗ്യത്തിന് കൂടുതൽ കരുതൽ നൽകുകയും ചെയ്യുന്നുവെന്ന് മണികൺട്രോളിനു നൽകിയ ലേഖനത്തിൽ ഡോക്ടർ ഡി. മദൻ മോഹൻ പറയുന്നു.
.jpg)

