പ്രമേഹത്തെ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

ഒന്ന്...
പ്രമേഹത്തെ നിയന്ത്രിക്കാന്‍ ആദ്യം ചെയ്യേണ്ടത് ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കുക എന്നതാണ്. കഴിക്കുന്ന ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ്, പഞ്ചസാര എന്നിവയെക്കുറിച്ച് ബോധ്യമുണ്ടായിരിക്കണം. ഭക്ഷണത്തിൽ കാർബോഹൈട്രേറ്റ്, പഞ്ചസാര എന്നിവ കുറയ്ക്കുന്നതിന് ആവശ്യമായ മുൻകരുതൽ സ്വീകരിക്കുക. ഇതിനായി പച്ചക്കറികളും നാരുകളുമടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. പ്രമേഹരോഗികള്‍ ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കാനും ശ്രദ്ധിക്കണം. കൂടാതെ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
രണ്ട്...
പ്രമേഹത്തെ നിയന്ത്രിക്കാന്‍ വ്യായാമം ഏറെ പ്രധാനമാണ്. ദിവസവും അരമണിക്കൂറെങ്കിലും ഏതെങ്കിലും തരത്തിലുള്ള വ്യായാമം ചെയ്യണം. എല്ലാ ദിവസവും നടക്കുന്നത് പ്രമേഹനിയന്ത്രണത്തിനും ഹൃദയ സംബന്ധമായ അസുഖങ്ങൾ ഒഴിവാക്കുന്നതിനും നല്ലതാണ്.
മൂന്ന്...
ശരീരഭാരം നിയന്ത്രിക്കുക എന്നതാണ് മറ്റൊരു പ്രധാന കാര്യം. കാരണം അമിത വണ്ണമുള്ളവരില്‍ ടൈപ്പ് 2 പ്രമേഹ സാധ്യത കൂടുതലാകാം എന്നാണ് പഠനങ്ങള്‍ പറയുന്നത്. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിലുള്ള നിയന്ത്രണം കലോറി ഉപഭോഗം നിയന്ത്രിക്കാൻ സഹായിക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യും.
നാല്...
വെള്ളം ധാരാളം കുടിക്കുന്നതും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. അതിനാല്‍ ദിവസവും കുറഞ്ഞത് എട്ട് മുതല്‍ പത്ത് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം.
അഞ്ച്...
പുകവലി നിയന്ത്രിക്കുക. പുകവലിയും പ്രമേഹത്തെ സ്വാധീനിക്കും.
ആറ്...
മദ്യപാനവും നിയന്ത്രിക്കുക. കാരണം അമിത മദ്യപാനവും പ്രമേഹ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഏഴ്...
സ്ട്രെസ് കുറയ്ക്കുക. സ്ട്രെസ് കൂടുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സ്വാധീനിക്കും. അതിനാല്‍ സ്ട്രെസ് കുറയ്ക്കാനായി യോഗ പോലെയുള്ള വഴികള്‍ സ്വീകരിക്കുക.
എട്ട്...
ദിവസവും രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുക. അതും പ്രമേഹത്തെ നിയന്ത്രിക്കാന്‍ നിങ്ങളെ സഹായിക്കും.