വെള്ളം ചൂടാക്കുമ്പോൾ ഒരു കഷ്ണം കറുവാപ്പട്ട കൂടി ചേർത്തു നോക്കൂ ; രുചിക്കും ആരോഗ്യത്തിനും ഡബിൾ ഗുണങ്ങൾ

cinnamonwater

ആരോഗ്യവും ഔഷധഗുണങ്ങളും നിറഞ്ഞ ഒരു അത്ഭുതസുഗന്ധവ്യഞ്ജനമാണ് കറുവാപ്പട്ട. ആന്റി-ഓക്സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും നിറഞ്ഞ കറുവാപ്പട്ട ചേർത്ത ചൂടുവെള്ളം രാവിലെ വെറുംവയറ്റിൽ കുടിക്കുമ്പോൾ ശരീരം ദിനാരംഭം തന്നെ പുതുക്കി സജ്ജമാകുന്നു. കറുവാപ്പട്ട വെള്ളം നൽകുന്ന പ്രധാന ആരോഗ്യഗുണങ്ങൾ ഒന്ന് പരിചയപ്പെടാം.

കറുവാപ്പട്ട വെള്ളം ആരോഗ്യകരമെങ്കിലും കൂടിയ അളവിൽ കുടിക്കുന്നത് ചില പാർശ്വഫലങ്ങളുണ്ടാക്കും. കരളിന് ക്ഷതം, ഉദരസംബന്ധമായ അസ്വസ്ഥത ഇവയ്ക്ക് കാരണമാകാം. ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും കറുവാപ്പട്ട ചേർത്ത വെള്ളം കുടിക്കുന്നത് നല്ലതല്ല. ഇതു സംബന്ധിച്ച് സംശയമുണ്ടെങ്കിൽ ഡോക്ടറിന്റെ അഭിപ്രായം തേടണം.

 തലച്ചോറിന്റെ ആരോഗ്യത്തിന് കറുവാപ്പട്ട നല്ലതാണ്. ന്യൂറോപ്രൊട്ടക്ടീവ് ഗുണങ്ങള്‍ ഉള്ള കറുവാപ്പട്ട ചേർത്ത വെള്ളം ദിവസവും വെറും വയറ്റിൽ കുടിക്കുന്നത് ബൗദ്ധിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തും. ഓർമശക്തി മെച്ചപ്പെടുത്താനും ഇത് സഹായിക്കും. അൾഷിമേഴ്സ്, പാർക്കിൻസൺസ് തുടങ്ങിയ രോഗങ്ങളില്‍ നിന്ന് തലച്ചോറിനെ സംരക്ഷിക്കാനും കറുവാപ്പട്ടയിലടങ്ങിയ സംയുക്തങ്ങൾ സഹായിക്കും. 

 സന്ധിവാതം, ഹൃദ്രോഗം, പ്രമേഹം തുടങ്ങി നിരവധി രോഗങ്ങൾക്ക് ഗുരുതരമായ ഇൻഫ്ലമേഷൻ കാരണമാകുന്നു. കറുവാപ്പട്ടയ്ക്ക് ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. ഇത് ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കും. ക്ഷീണവും സന്ധിവേദനയും ഉണ്ടെങ്കിൽ ദിവസവും കറുവാപ്പട്ട വെള്ളംകുടിക്കുന്നത് ഗുണകരമാണ്. 

 ആന്റിഓക്സിഡന്റുകൾ ധാരാളമടങ്ങിയ കറുവാപ്പട്ട, രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ സഹായിക്കും. കറുവാപ്പട്ടയിലടങ്ങിയ പോളിഫിനോളുകൾ ഓക്സീകരണ സമ്മർദത്തെ പ്രതിരോധിച്ച് കോശങ്ങളെ ക്ഷതങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. അണുബാധകൾ അകറ്റാനും രോഗപ്രതിരോധശക്തി വർധിപ്പിക്കാനും ദിവസവും വെറുംവയറ്റിൽ കറുവാപ്പട്ട വെള്ളം കുടിക്കാം. 

 ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളാണ് എങ്കിൽ മികച്ച ഒരു പാനീയമാണിത്. കറുവാപ്പട്ട ഉപാപചയപ്രവർത്തനം (matabolism) വർധിപ്പിച്ച് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. രാവിലെ വെറുംവയറ്റിൽ കറുവാപ്പട്ട വെള്ളം കുടിക്കുന്നത് കൊഴുപ്പിനെ ഇല്ലാതാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുകയും ചെയ്യുന്നു. 
 

Tags