മുളകുപൊടി മായം കലർന്നതാണോ? കണ്ടെത്താം


ഇഷ്ടികപ്പൊടി, ഉപ്പ്, ടാൽക്കം പൗഡർ, സോപ്പ്‌സ്റ്റോൺ തുടങ്ങി മുളകുപൊടിയിൽ മായം കലർത്താനായി പലവിധ വസ്തുക്കളാണ് ഉപയോഗിക്കുന്നത്. ഇത് വീട്ടിൽ വച്ചുതന്നെ കണ്ടെത്താം.
മുളകുപൊടിയിൽ മായം ചേർന്നിട്ടുണ്ടോ, എങ്ങനെ പരിശോധിക്കാം
ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു സ്പൂൺ മുളകുപൊടി ചേർക്കുക. ശുദ്ധമായ മുളകുപൊടിയാണെങ്കിൽ അത് വെള്ളത്തിൽ മുങ്ങി പോകും. അതേസമയം ഇഷ്ടികപ്പൊടിയോ കൃത്രിമ നിറമോ പോലെയുളളവ ഉണ്ടെങ്കിൽ അത് പൊങ്ങിക്കിടക്കുകയോ അലിഞ്ഞ് ചേർന്ന് വെള്ളത്തിന് നിറം നൽകുകയോ ചെയ്യും.
രണ്ടാമത്തേത് പാം റബ്ബ് ടെസ്റ്റാണ്. നിങ്ങളുടെ കൈപ്പത്തിയിൽ കുറച്ച് മുളകുപൊടി പുരട്ടുക. കടും ചുവപ്പ് പാടുണ്ടായാൽ അത് കൃത്രിമമായി നിറം ചേർത്തതാകാം. ശുദ്ധമായ മുളകുപൊടിയിൽ കറ കുറവായിരിക്കും.
അടുത്തത് ഒരു ആസിഡ് പരിശോധനയാണ്. ഹൈഡ്രോക്ലോറിക് ആസിഡ് അല്ലെങ്കിൽ നാരങ്ങാനീരും വെള്ളവും ചേർന്ന മിശ്രിതത്തിൽ ചെറിയ അളവിൽ മുളകുപൊടി കലർത്തുക. കുമിളകൾ വരികയാണെങ്കിൽ അതിൽ ചോക്കുപൊടിയോ വാഷിംഗ് സോഡയോ അടങ്ങിയിട്ടുണ്ടാവും.
മറ്റൊന്ന് രുചിയും മണവും പരിശോധിക്കുന്ന രീതിയാണ്. ശുദ്ധമായ മുളകുപൊടിക്ക് പ്രകൃതിദത്തവും രൂക്ഷവുമായിട്ടുള്ള ഗന്ധവും നല്ല എരിവും രുചിയും ഉണ്ടായിരിക്കും. മായംകുറഞ്ഞ പൊടി കട്ടികുറഞ്ഞതും ഗന്ധത്തിൽ വ്യത്യാസവും ഉള്ളതായിരിക്കും.
