ദിവസവും കുട്ടികൾക്ക് ഒരു മുട്ട നൽകണമെന്ന് പറയുന്നതിന്റെ കാരണം അറിയാമോ...?

google news
egg

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് മുട്ട. പ്രോട്ടീൻ, ഇരുമ്പ്, വിറ്റാമിനുകൾ, കൊഴുപ്പുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് മുട്ട. കുട്ടികൾ എപ്പോൾ മുട്ട കൊടുക്കാമെന്നതിനെ സംബന്ധിച്ച് രക്ഷിതാക്കൾക്ക് സംശയമുണ്ടാകാം.  കുഞ്ഞിന് എട്ട് മാസം കഴിഞ്ഞ് മാത്രം മുട്ട നൽകുക.

പത്ത് മാസം പ്രായമാകുമ്പോൾ മുട്ടയുടെ വെള്ള നൽകാം. കുഞ്ഞിന് പ്രോട്ടീൻ അലർജിയുണ്ടാകുന്നില്ലെങ്കിൽ മാത്രം തുടർന്നും നൽകാം. സ്കൂൾ കാലത്തിലേക്ക് കടന്നാൽ ദിവസവും കുട്ടികളുടെ ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്താം. ബാക്ടീരിയിൽ അണുബാധയ്ക്ക് സാധ്യത ഉള്ളതിനാൽ മുട്ട പുഴുങ്ങി കറിയാക്കി നൽകുന്നതാണ് നല്ലത്.

കുട്ടികൾക്ക് നാടൻ മുട്ട കൊടുക്കുന്നതാണ് കൂടുതൽ നല്ലത്. അതുപോലെ താറാമുട്ട, കാട മുട്ട എന്നിവയും നല്ലതാണ്. ഇതിൽ തന്നെ കാട മുട്ട അലർജിയുണ്ടാക്കാറില്ലാത്തതുകൊണ്ടു തന്നെ കുഞ്ഞുങ്ങൾക്ക് ധൈര്യമായി കൊടുക്കാം.

ഒരു ഇടത്തരം മുട്ടയിൽ ഏകദേശം 80–85 കലോറി, 6.6 ഗ്രാം പ്രോട്ടീൻ, 7 ഗ്രാം ഫാറ്റ്, കൊളസ്ട്രോൾ 213 എന്ന അളവിൽ അടങ്ങിയിരിക്കുന്നു. ശരീരത്തിനാവശ്യമായ പ്രധാനപ്പെട്ട 24 അമിനോ ആസിഡുകളുണ്ട്. അവയിൽ ഭക്ഷണത്തിൽ നിന്നും ലഭിക്കുന്ന 9 അമിനോ ആസിഡുകൾ അടങ്ങിയിട്ടുള്ള ഒരേ ഒരു ഭക്ഷണം മുട്ടയാണ്.

യുഎസിലെ 18 വയസ്സിന് താഴെയുള്ള കുട്ടികളിൽ ഏകദേശം 6.8% പേർക്ക് കാഴ്ച പ്രശ്നം ഉള്ളതായി
സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കുന്നു. ആരോഗ്യമുള്ള കണ്ണുകൾക്ക് ആവശ്യമായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയുടെ മികച്ച ഉറവിടമാണ് മുട്ട.

മുട്ടയിൽ ഒമേഗ 3 ധാരാളമായി അടങ്ങിയിട്ടുണ്ട്. മത്സ്യത്തിൽ കൂടുതലായി കാണപ്പെടുന്ന ആരോഗ്യകരമായ കൊഴുപ്പുകളാണ്‌ അവ. ഒമേഗ 3 മസ്തിഷ്കത്തിന്റെ വളർച്ചയ്ക്കും ബുദ്ധിശക്തിക്കും സഹായിക്കുന്നു. വിറ്റാമിൻ ഡിയുടെ മികച്ച ഉറവിടമാണ് മുട്ട. കുട്ടികളുടെ എല്ലുകളുടെ ആരോഗ്യത്തിന് വിറ്റാമിൻ ഡി പ്രധാനമാണ്. മുട്ടയിൽ അവശ്യ അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ നഖങ്ങളുടെയും മുടിയുടെയും വളർച്ചയ്ക്ക് സഹായിക്കുന്നു. മുട്ടയിൽ പൂരിതവും അപൂരിതവുമായ കൊഴുപ്പുകളും അ‌ടങ്ങിയിട്ടുണ്ട്.

മുട്ടയുടെ ഉപയോഗം എച്ച്ഡിഎൽ (നല്ല കൊളസ്ട്രോൾ) കൂട്ടുന്നതിന് സഹായിക്കുന്നു. വിറ്റാമിൻ ബി 12 ന്റെ മികച്ച ഉറവിടമാണ് മുട്ട. നാഡീവ്യവസ്ഥയുടെ ആരോഗ്യത്തിന് വിറ്റാമിൻ ബി 12 അത്യാവശ്യമാണ്. ഈ വിറ്റാമിനെ കോബാലമിൻ എന്നും വിളിക്കുന്നു. കുട്ടിയുടെ തലച്ചോറിന്റെയും നാഡീവ്യവസ്ഥയുടെയും വികാസത്തിന് ഇത് പ്രധാനമാണ്.

Tags