മാറ്റണോ ഈ ശീലങ്ങൾ ?

ചുട്ട പപ്പടവും ആവി പാറുന്ന പൊടിയരിക്കഞ്ഞിയും കണ്ണിമാങ്ങാ അച്ചാറും... ആരുടേയും മനം മയക്കുന്ന ഭക്ഷണ വിഭവങ്ങളായിരുന്നു ഒരു കാലത്ത്.കപ്പ പുഴുങ്ങിയതും ചക്കപ്പുഴുക്കും കഴിക്കാത്ത മലയാളികളുണ്ടാവില്ല. ആരോഗ്യമായിരുന്നു ഈ ഭക്ഷണ ക്രമത്തിലൂടെ ആളുകൾക്കുണ്ടായിരുന്ന സമ്പത്ത്.എന്നാൽ വിദ്യാഭ്യാസവും സമ്പാദ്യവും ജീവിതരീതികളും മാറിയതോടെ മലയാളിയുടെ ഭക്ഷണ ശീലങ്ങളും മാറിതുടങ്ങി.പാശ്ചാത്യരുടേതായി നമ്മൾ കരുതിയിരുന്ന പല വിഭവങ്ങളും നമ്മുടെ ഡൈനിങ്ങ് ടേബിളിലെ സ്ഥിരം കാഴ്ചകളായി.
ന്യൂഡിൽസും ഫ്രൈഡ്റൈസും രുചിച്ചു മടുക്കുന്ന ഇന്നത്തെ കുട്ടികൾക്ക് കഞ്ഞിയും പുഴുക്കും ചിത്രങ്ങളിൽ മാത്രം കണ്ടുവരുന്ന അനുഭവങ്ങളായി.തിരക്ക് പിടിച്ച ജീവിതത്തിൽ ആരോഗ്യം നോക്കാതെ മനം മയക്കുന്ന നിറങ്ങളിലും മത്തുപിടിപ്പിക്കുന്ന രുചികളിലുമായി മലയാളികളുടെ ശ്രദ്ധ. സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമായി കണ്ടിരുന്ന ഭക്ഷണം ഇന്ന് ആഡംബരത്തിന്റെ, പാശ്ചാത്യവൽക്കരണത്തിന്റെ ഹോൾമാർക്കുകൾ ആയിരിക്കുന്നു. മായം കലർന്ന കോളകളുടെയും പെപ്സികളുടെയും മന്ത്രത്തിൽ മയങ്ങി ഇരിക്കുകയാണ് ഇന്നിന്റെ തലമുറ.
മൺകൂജയിൽ വെള്ളവും സംഭാരവും കുടിച്ച് ശീലിച്ച മലയാളിക്ക് ഇന്ന് സർബത്തും പെപ്സിയും കുടിച്ചാലേ ദാഹം മാറും. തട്ടുകടകളിൽ പോലും ചില്ലി ചിക്കനും ബീഫ് ഫ്രൈയും തുടങ്ങി വറുത്തതും പൊരിച്ചതും മാത്രമേ കിട്ടൂ എന്ന അവസ്ഥയായി. ഉപഭോഗസംസ്കാരം മാറി വരുന്നത് അനുസരിച്ച് മലയാളിയുടെ ഭക്ഷണക്രമം മാറിമാറി വന്നു.കഞ്ഞിയും പയറയും കഴിച്ചാൽ എന്റെ സ്റ്റാറ്റസിനു നാണക്കേടല്ലേ എന്ന നിലയിൽ ചിന്തിക്കാൻ നമ്മൾ പ്രേരിതരായി.
കേട്ടു കേൾവിയില്ലാത്ത ഓരോ പേരുകളും നിറവും മണവും കൊണ്ട് അമ്പരപ്പിക്കുന്ന പുതിയ പുതിയ വിഭവങ്ങളും മലയാളിയെ മാടിവിളിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. വിദേശീയർ നമ്മുടെ പുട്ടിനും കടലയ്ക്കും ആഭിമുഖ്യം കാണിക്കുമ്പോൾ അവർ തള്ളിക്കളഞ്ഞ വിഭവങ്ങൾ പോലും ഫേവറിറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തുകയാണ് മലയാളികൾ. തനി നാടൻ കപ്പയും മത്തി കറിയും കൊതിയോടെ അവർ കഴിക്കുമ്പോൾ റസ്റ്റോറന്റുകളിലെ ചൈനീസും അറേബ്യനും തായ്‌ലാൻഡ് ഡിഷുകളും രുചിക്കാൻ മത്സരിക്കുകയാണ് നമ്മൾ. വിവിധ രാജ്യങ്ങളിലെ രുചികൾ കാണിച്ചുകൊണ്ടാണ് ഓരോ ഹോട്ടലുകാരും ആളുകളെ ആകർഷിക്കുന്നത് . വർധിച്ചു വരുന്ന ഷവർമ കടകളും ഫൈവ്സ്റ്റാർ റെസ്റ്റോറന്റുകളും അവിടത്തെ തിരക്കും തന്നെ ധാരാളമാണ് ഭക്ഷണകാര്യത്തിൽ നാമെത്രത്തോളം മാറിയിരിക്കുന്നുവെന്ന് മനസിലാക്കാൻ .
കുഴിമന്തിയും അൽഫാമും സാൻഡ്വിച്ചും കഴിച്ചു ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ഇട്ടില്ലെങ്കിൽ താൻ പഴഞ്ചനാണെന്ന ചിന്തയാണ് ഇന്ന് പലർക്കും. മുന്തിയ ഹോട്ടലുകൾ തിരഞ്ഞുപിടിച്ച് വയർ വീർപ്പിച്ച് കീശ കാലിയാക്കുന്ന വ്യഗ്രതയിലാണ് ഇന്നത്തെ തലമുറ. ചിക്കനും മട്ടനും തീൻമേശയിൽ ഇല്ലാത്ത ഒരു ദിവസം വളരെ വിരളം. ആരോഗ്യത്തിനു ശ്രദ്ധ കൊടുത്തു വളർന്ന കാലം ഇന്ന് ഓർമ്മകളിൽ മാത്രമായി. ജീവിക്കാൻവേണ്ടി കഴിച്ചിരുന്നവർ ഇന്ന് കഴിക്കാൻ വേണ്ടി ജീവിക്കുന്ന സ്ഥിതിയിലേക്ക് വ്യതിചലിച്ചിരിക്കുന്നു. പാശ്ചാത്യ സംസ്കാരം പലമേഖലകളിലും നമ്മെ സ്വാധീനിച്ചിട്ടുണ്ടെങ്കിലും ഭക്ഷണ രീതിയിൽ വന്ന മാറ്റം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. പരസ്യങ്ങളാണ് നിരവധി ഉൽപ്പന്നങ്ങൾ ആളുകളുടെ മനസിലേക്ക് എത്തിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നത്. രണ്ടു മിനിറ്റിൽ മാഗി റെഡിയാക്കാം എന്ന പരസ്യവാചകത്തിൽ വീഴാത്തവരായി ആരുണ്ട്?
പാശ്ചാത്യ വിഭവങ്ങളൊക്കെ പരീക്ഷിച്ചു തുടങ്ങിയതുമുതൽ മലയാളിയുടെ ആരോഗ്യ ക്രമം താളംതെറ്റി തുടങ്ങി. അരകല്ലും ആട്ടുകല്ലും ചിത്രങ്ങളിൽ മാത്രം കണ്ടുവരുന്ന പ്രതിഭാസങ്ങൾ ആയി ഒതുങ്ങി.ദോശയും ഇഡ്ഡലിയും കഴിച്ചാൽ ഒരു സ്റ്റാൻഡേർഡില്ലാതായി മാറുമല്ലോ എന്ന് ചിന്തിക്കുന്നവരാണ് ഇന്ന് നമ്മളിൽ പലരും. ഭക്ഷണരീതിയിലെന്നപോലെ നമ്മുടെ പാചക രീതിയും മാറി കൊണ്ടിരിക്കുന്നു.വറുത്തതും പൊരിച്ചതുമില്ലെങ്കിൽ എന്തൂണ്? മസാലയിൽ മുക്കിയ കറിയില്ലെങ്കിൽ പ്ലേറ്റ് മടക്കുന്നവരാണ് ഇന്നത്തെ കുട്ടികൾ.
ഇത്തരത്തിൽ മാറി വരുന്ന ഭക്ഷണ രീതികൾ നിരവധി ജീവിതശൈലി രോഗങ്ങൾക്ക് കാരണമാകുന്നു എന്ന് അന്താരാഷ്ട്ര പഠനങ്ങൾ തന്നെ തെളിയിച്ചിട്ടുണ്ട്. 2021 ലെ കണക്ക് പ്രകാരം1,898,160പേരിലാണ് ക്യാൻസർ സ്ഥിരീകരിച്ചിട്ടുള്ളത്. ആരോഗ്യം നോക്കാതെയുള്ള ഭക്ഷണരീതികളും വ്യായാമക്കുറവും തുടങ്ങി നിരവധി ഘടകങ്ങൾ നമ്മളെ വലിയ രോഗങ്ങളിലേക്ക് തള്ളിവിടുന്നു.പച്ചക്കറികളും കിഴങ്ങുവർഗങ്ങളും കഴിച്ചു ശീലിച്ച നമ്മുടെ പൂർവികർ ആരോഗ്യത്തോടെ ജീവിച്ചു മരിച്ചപ്പോൾ ചെറുപ്പത്തിൽതന്നെ രോഗങ്ങളുടെ നീണ്ട ലിസ്റ്റുമായി ആണ് നാമോരോരുത്തരും ജീവിക്കുന്നത്.
ഓരോ ഡോക്ടർമാരുടെയും മുന്നിലെ നീണ്ട നിര കണ്ടാലറിയാം എത്രത്തോളം മലയാളികൾ ആരോഗ്യത്തിൽ ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന്.ഇന്ത്യയിലെ ഒരു ലക്ഷം ജനങ്ങളിൽ 106 പേർ ക്യാൻസർ രോഗികൾ ആണെങ്കിൽ കേരളത്തിൽ അത് 135 പേരാണ് എന്നത് ആശങ്ക ഉളവാക്കുന്ന കാര്യമാണ്. ഓരോ ഗ്രാമങ്ങളിലും ഇന്ന് ഡയാലിസ് സെന്ററുകൾ കൂടിവരികയാണ്.ആകെ ജനസംഖ്യയുടെ ഫാസ്റ്റ്ഫുഡും അശാസ്ത്രീയമായ ഭക്ഷണരീതികളുമാണ് ഇത്രയേറെ രോഗികളെ സൃഷ്ടിക്കുന്നത്. അടുക്കളയിലെ പാചകം കുറയുകയും പാഴ്സലുകളുയുടെയും ഓൺലൈൻ ഡെലിവറി കളുടെയും എണ്ണം കൂടുകയും ചെയ്തത് മലയാളിയെ വലിയ വിപത്തിലേക്കാണ് തള്ളിവിടുന്നത്. ഭക്ഷണരീതി മാറ്റാൻ തയ്യാറല്ലാത്തിടത്തോളം ഇനിയും രോഗികളുടെ എണ്ണം കൂടുകയേയുള്ളൂ.ഭക്ഷണ സംസ്കാരത്തിൽ പുറകോട്ട് നടക്കുന്ന കാഴ്ചയാണ് നമ്മുടെ മുന്നിലുള്ളത്.പലരീതിയിലും ഭക്ഷണരീതികൾ നമ്മുടെ ശരീരത്തിൽ വില്ലനായി മാറുന്നത് നമ്മൾ അറിയുന്നില്ല.
അരികൊണ്ടുള്ള വിഭവങ്ങളായിരുന്നു കുറച്ചു കാലം മുൻപ് വരെ കേരളീയർക്ക് പ്രിയം.വ്യാപകമായി നെൽകൃഷി ചെയ്തിരുന്നത് കൊണ്ട് അരിക്ഷാമം ഒന്നുമുണ്ടായിരുന്നില്ല എന്ന് തന്നെ പറയാം. പുഴകളും കായലുകളും ധാരാളമായി ഉണ്ടായിരുന്നതിനാൽ മത്സ്യസമ്പത്തും നമുക്ക് ആവശ്യത്തിലധികമായിരുന്നു. പറമ്പിൽ വളർത്തിയ കപ്പയും ചക്കയും കിഴങ്ങുമെല്ലാം ആഹാരത്തിന്റെ ഭാഗമായിരുന്നു. പൊതുവേ ഭക്ഷണപ്രിയരായ കേരളീയർക്ക് ഇതൊക്കെ തന്നെ ധാരാളമായിരുന്നു. ആരോഗ്യപൂർണമായ ഭക്ഷണക്രമം അവരുടെ ആയുസ്സും ആരോഗ്യവും കാത്തുസൂക്ഷിച്ചു.എന്നാൽ ഇന്നോ, വിദേശ വിഭവങ്ങൾ പരീക്ഷിക്കുന്നതിനായി നിരവധി ഹോട്ടലുകൾ കയറിയിറങ്ങുന്നു,കൂണുപോലെ മുളച്ചുപൊന്തുന്ന കെ എഫ് സികളും പാശ്ചാത്യ ഭക്ഷണരീതി അനുകരിക്കുന്ന റസ്റ്റോറന്റ് കളും മലയാളികളുടെ മാറുന്ന ഭക്ഷണ സംസ്കാരാമാണ് ചൂണ്ടിക്കാട്ടുന്നത്. കഞ്ഞിയും പയറും കഴിച്ചു ഒട്ടിയ വയറുമായി നടന്നിരുന്ന മലയാളികൾ ഇന്ന് ചിക്കനും മട്ടനും കഴിച്ച് കുംഭയും വീർപ്പിച്ചാണ് നടക്കുന്നത്.
ചെറിയൊരു വൈറസിനെ പോലും പ്രതിരോധിക്കാൻ നമുക്ക് കഴിയാതെ വന്നിട്ടുണ്ടെങ്കിൽ അതിന് കാരണം നമ്മുടെ മാറിയ ഭക്ഷണ ക്രമം തന്നെയാണ്.ഇഷ്ടപ്പെട്ടത് എല്ലാം വാരിവലിച്ചു തിന്നുന്ന സമ്പ്രദായം ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണ രീതി നാം സ്വീകരിക്കേണ്ടിയിരിക്കുന്നു. വീണ്ടും വീണ്ടും ഭക്ഷ്യവിഷബാധ ദുരന്തങ്ങൾ ഉണ്ടായി കൊണ്ടിരിക്കുമ്പോഴും ഗുണമേന്മ ഉറപ്പുവരുത്താൻ നാം എന്ത് സുരക്ഷാ രീതികളാണ് സ്വീകരിക്കുന്നതെന്ന് ഓരോരുത്തരും ചിന്തിക്കണം.ഭക്ഷണശീലം മാറ്റിയില്ലെങ്കിൽ വരാനിരിക്കുന്ന ദുരന്തം നമ്മളോരോരുത്തരും അറിയണം.നന്മ വിളമ്പുന്ന ഭക്ഷണരീതികളിലേക്ക് ഒരു തിരിച്ചുപോക്ക് നടത്തിയേ തീരു...
ഇന്നത്തെ ലോക ഭക്ഷ്യ ദിനത്തിൽ അവനവൻ തന്നെ ആലോചിച്ചു നോക്കൂ നമ്മുടെ ഭക്ഷണരീതി മാറ്റണോ വേണ്ടയോ എന്ന്