ജാഗ്രത പാലിക്കാം മഴക്കാല രോഗങ്ങള്‍ക്കെതിരെ...

google news
rain

മഴക്കാലം രോഗങ്ങളുടെ കാലമായി മാറാറുണ്ട് വര്‍ത്തമാനകാല കേരളത്തില്‍. വര്‍ദ്ധിച്ചുവരുന്ന ഭവന സാന്ദ്രതയും, അശാസ്ത്രീയമായ മാലിന്യ സംസ്‌കരണവും പരിസര ശുചിത്വത്തിന്റെ അഭാവവും ആണ് മഴക്കാലങ്ങളെ രോഗകാലമായി മാറ്റുന്നത്. പ്രധാനമായും പ്രാണിജന്യ രോഗങ്ങള്‍, ജന്തുജന്യരോഗങ്ങള്‍, ജലജന്യ രോഗങ്ങള്‍ എന്നിവയാണ് മഴക്കാലത്ത് പടര്‍ന്നു പിടിക്കുന്നത്.

പ്രാണിജന്യ രോഗങ്ങള്‍

ഡെങ്കിപ്പനി, മലമ്പനി, ചിക്കുന്‍ഗുനിയ എന്നിവയാണ് മഴക്കാലത്ത് വ്യാപന സാധ്യതവര്‍ധിക്കുന്ന പ്രധാന കൊതുക്ജന്യരോഗങ്ങള്‍. ഇതില്‍ സമീപകാലത്തായി മഴക്കാലത്ത് കേരളത്തില്‍ ഏറ്റവും അധികം പടര്‍ന്നു പിടിക്കുന്നതും മരണകാരണം വരെ ആകുന്നതുമായ കൊതുക്ജന്യ രോഗമാണ് ഡെങ്കിപ്പനി. കുറഞ്ഞ അളവില്‍ കെട്ടിനില്‍ക്കുന്ന ശുദ്ധജലത്തില്‍ മുട്ടയിട്ട് പെരുകുന്ന ഈഡിസ് വിഭാഗത്തില്‍പ്പെട്ട ഈഡിസ് ഈജിപ്തി , ഈഡിസ് ആല്‍ബോപിക്ടസ് വിഭാഗത്തില്‍പ്പെട്ട പെണ്‍കൊതുകുകള്‍ ആണ് രോഗം പകര്‍ത്തുന്നത്.

ലക്ഷണങ്ങള്‍

പെട്ടെന്നുണ്ടാകുന്ന പനി, തലവേദന, എല്ലുകള്‍ നുറുങ്ങുന്നത് പോലെയുള്ള അതിശക്തമായ ശരീര വേദന, നേത്രഗോളത്തിലെ വേദന, ദഹനക്കുറവ്, ഛര്‍ദി തുടങ്ങിയവ ഡെങ്കിപ്പനിയുടെ പ്രാഥമിക ലക്ഷണങ്ങളാണ്. ലക്ഷണങ്ങള്‍ക്ക് അനുസരിച്ചുള്ള ചികിത്സയും നല്ല വിശ്രമവും ലഭിച്ചില്ലെങ്കില്‍ ഡെങ്കിപ്പനി ഗുരുതരാവസ്ഥയിലേക്ക് നീങ്ങുവാനും മരണകാരണമാവുകയും ചെയ്യാറുണ്ട്. ഡെങ്കി ഷോക്ക് സിന്‍ഡ്രോം, ഡെങ്കി ഹെമറേജിക്ഫീവര്‍ എന്നിവയാണ്  മരണത്തിലേക്ക് നയിക്കുന്നത്. മറ്റു പ്രധാന കൊതുകജന്യ രോഗങ്ങള്‍ ആയ മലമ്പനിയും ചിക്കന്‍ഗുനിയയും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നമ്മുടെ ജില്ലയില്‍ വലിയ തോതില്‍ വ്യാപനം ഉണ്ടാകുന്നില്ല.

നിയന്ത്രണ മാര്‍ഗങ്ങള്‍

കൊതുകുകളുടെ ഉറവിടങ്ങള്‍ ഇല്ലാതാക്കുക. വെള്ളം കെട്ടിക്കിടക്കാന്‍ സാധ്യതയുള്ള വീട്ടുപറമ്പില്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്ന എല്ലാ സാധനങ്ങളും മഴവെള്ളം കെട്ടിനില്‍ക്കാതെ ശേഖരിച്ച് സൂക്ഷിക്കുക. വീടിന്റെ ടെറസ്സുകള്‍, വീട്ടിനകത്ത് സൂക്ഷിച്ചിരിക്കുന്ന പൂച്ചെടികളുടെ പാത്രങ്ങള്‍ തുടങ്ങി ചെറിയ അളവില്‍ വെള്ളം കെട്ടിക്കിടക്കാന്‍ സാധ്യതയുള്ള എല്ലാ ഉറവിടങ്ങളില്‍ നിന്നും വെള്ളം നീക്കം ചെയ്യുക. റബ്ബര്‍ തോട്ടങ്ങളിലെ ചിരട്ടകള്‍ കവുങ്ങിന്‍ തോട്ടങ്ങളിലെ പാളകള്‍ തുടങ്ങിയവയില്‍ മഴവെള്ളം കെട്ടി നില്‍ക്കാനുള്ള സാഹചര്യം ഒഴിവാക്കുക. ആഴ്ചയിലൊരിക്കല്‍ 'ഡ്രൈ ഡേ' ആചരിക്കുക.

ജന്തുജന്യ രോഗങ്ങള്‍

മഴക്കാലത്ത് പ്രധാനമായും ഭീഷണിയാവുന്ന ജന്തുജന്യ രോഗം എലിപ്പനിയാണ്. എലി, കീരി, അണ്ണാന്‍ തുടങ്ങി കരണ്ട് തിന്നുന്ന ജീവികളുടെയും , വളര്‍ത്തു മൃഗങ്ങളായ പശു, ആട് തുടങ്ങിയവയുടെയും ഒക്കെ മൂത്രത്തിലൂടെ മണ്ണിലും വെള്ളത്തിലും എത്തുന്ന ലെപ്‌റ്റോസ്‌പൈറ വിഭാഗത്തില്‍പ്പെട്ട ബാക്ടീരിയ ഉണ്ടാക്കുന്ന രോഗമാണ് എലിപ്പനി അഥവാ വീല്‍സ് ഡിസീസ്. ഇത്തരത്തില്‍ രോഗാണുക്കള്‍ കലര്‍ന്ന മണ്ണിലോ വെള്ളത്തിലോ തൊഴിലെടുക്കുമ്പോഴും ഇടപഴകുമ്പോഴോ ശരീരത്തിലെ മുറിവുകള്‍ വഴിയോ ശ്ലേഷ്മ സ്തരങ്ങള്‍ വഴിയോ ആണ് രോഗാണുക്കള്‍ ശരീരത്തില്‍ എത്തുന്നത്.

ലക്ഷണങ്ങള്‍

പനി, പേശി വേദന, തലവേദന, ചര്‍ദ്ദി, കണ്ണുകളില്‍ ചുവപ്പുനിറം എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ ആരംഭിച്ച് ചികിത്സ തേടിയാല്‍ എളുപ്പത്തില്‍ ഭേദമാക്കാന്‍ പറ്റുന്ന അസുഖമാണ് എലിപ്പനി. ചികിത്സ ലഭ്യമാകാന്‍ വൈകിയാല്‍ ആന്തരിക അവയവങ്ങളായ കരള്‍, വൃക്ക തുടങ്ങിയവയെ ബാധിച്ചു രോഗം മൂര്‍ച്ഛിക്കുകയും മരണകാരണമാവുകയും ചെയ്യും. എലിപ്പനിയുടെ പ്രധാന ലക്ഷണമായി കണ്ണുകളിലും ശരീരത്തിലും ഉണ്ടാകുന്ന മഞ്ഞ നിറം ജലജന്യ രോഗങ്ങളായ മഞ്ഞപ്പിത്തമായി തെറ്റിദ്ധരിച്ചു മറ്റു ചികിത്സാരീതികള്‍ തേടുന്നത് രോഗം മൂര്‍ച്ഛിക്കുന്നതിനും മരണകാരണമാകുന്നതിനും ഇടയാക്കാറുണ്ട്.

നിയന്ത്രണ മാര്‍ഗങ്ങള്‍

എലി നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. മണ്ണിലും വയലിലും പണിയെടുക്കുന്നവരും, മറ്റു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരും കൈകാലുകളില്‍ ഉള്ള മുറിവുകളോടുകൂടി തൊഴിലെടുക്കാതിരിക്കുകയോ മുറിവ് രോഗാണുക്കള്‍ക്ക് കയറാന്‍ പറ്റാത്ത തരത്തില്‍ കെട്ടി വയ്ക്കുകയോ ചെയ്യണം. ഭക്ഷണസാധനങ്ങള്‍ അടച്ചു സൂക്ഷിക്കണം. മണ്ണിലും പറമ്പിലും പാടത്തും പണിയെടുക്കുന്നവര്‍, പശു, ആട് തുടങ്ങിയ മൃഗങ്ങളെ പരിചരിക്കുന്നവര്‍, ക്ഷീര കര്‍ഷകര്‍, തൊഴിലുറപ്പ് തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ തുടങ്ങിയവര്‍ എലിപ്പനി പ്രതിരോധത്തിനായി ഡോക്‌സിസൈക്ലിന്‍ ഗുളികകള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം കഴിക്കേണ്ടതാണ്

ജലജന്യ രോഗങ്ങള്‍

വയറിളക്ക രോഗങ്ങളാണ് മുഖ്യമായ ഒരു ജലജന്യ രോഗം ദഹനവ്യൂഹത്തെ ബാധിക്കുന്ന ഏറ്റവും സാധാരണമായ ഒരു രോഗമാണിത്.  5 വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളെയാണ് ഈ രോഗം കൂടുതലായി ബാധിക്കുന്നത്. സാധാരണയില്‍ നിന്ന് അയഞ്ഞ് ദ്രാവക രൂപത്തില്‍ മലവിസര്‍ജ്ജനം ഉണ്ടാവുകയാണെങ്കില്‍ അതിനെ വയറിളക്കം എന്ന് പറയാം. പ്രധാനമായും വൈറസുകള്‍, ബാക്ടീരിയകള്‍, അമീബകള്‍ തുടങ്ങിയ പരാദജീവികള്‍ മൂലമാണ് വയറിളക്കമുണ്ടാകുന്നത്. വയറിളക്കത്തിന്റെ ആരംഭം മുതല്‍ തന്നെ പാനീയ ചികിത്സ തുടങ്ങേണ്ടത് അത്യന്താപേക്ഷിതമാണ്. പലപ്പോഴും 90 ശതമാനം വയറിളക്കരോഗങ്ങളും വീട്ടില്‍ വച്ചുള്ള പാനീയ ചികിത്സ കൊണ്ട് ഭേദമാക്കാം. ഒ.ആര്‍.എസ് മിശ്രിതമോ വീട്ടില്‍ തയ്യാറാക്കാവുന്ന ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, പഞ്ചസാരയും ചേര്‍ത്ത നാരങ്ങാവെള്ളം തുടങ്ങിയവയെല്ലാം പാനീയ ചികിത്സയ്ക്കായ് നല്‍കാവുന്നതാണ്.

രോഗാണുക്കള്‍ കുടിവെള്ളം വഴിയും ആഹാരത്തില്‍ കൂടിയുമാണ് ശരീരത്തിലെത്തുന്നത്.

കോളറ, മഞ്ഞപ്പിത്തം എ, മഞ്ഞപ്പിത്തം ഇ, ടൈഫോയിഡ്, ഭക്ഷ്യ വിഷബാധ എന്നിവയെല്ലാം മഴക്കാലത്ത് വ്യാപന സാധ്യതയുള്ള ജലജന്യ രോഗങ്ങളാണ്. യഥാ സമയത്ത് ചികിത്സ ലഭ്യമാക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

നിയന്ത്രണ മാര്‍ഗങ്ങള്‍

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിയ്ക്കാന്‍ ഉപയോഗിക്കുക. പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക.
ആഹാര സാധനങ്ങള്‍ എപ്പോഴും അടച്ചു സൂക്ഷിക്കുക. ഭക്ഷണ സാധനങ്ങള്‍ ചൂടോടെ ഉപയോഗിക്കുക. പഴകിയതും തണുത്തതും തുറന്നു വച്ചതുമായ ഭക്ഷണ സാധനങ്ങള്‍ ഉപയോഗിക്കരുത്. ആഹാരം കഴിക്കുന്നതിനു മുമ്പും മലവിസ്സര്‍ജ്ജനത്തിനു ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. കുടിവെള്ള സ്രോതസുകള്‍ മലിനമാക്കാതിരുക്കുക. ക്ലോറിനേഷന്‍വഴി അണുനശീകരണം നടത്തുക. കിണറിനു ചുറ്റുമതില്‍ കെട്ടുക. കിണര്‍ വെള്ളം ഇടയ്ക്കിടെ ക്ലോറിനേറ്റ് ചെയ്യുക. ടാങ്കറുകളിലും മറ്റും എത്തിക്കുന്ന വെള്ളം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക. ജല പരിശോധന നടത്തി വെള്ളം രോഗാണുമുക്തമാണെന്നുറപ്പു വരുത്തുക. പരിസര ശുചിത്വം ഉറപ്പു വരുത്തി ജലം മലിനമാകുന്നത് തടയുക. മലമൂത്ര വിസര്‍ജനം കക്കൂസില്‍ മാത്രം നടത്തുക. മലമൂത്ര വിസര്‍ജനത്തിനു ശേഷം കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക.

Tags