ചെറുപ്പക്കാരിൽ കാൻസർ നിരക്ക് ഉയരുന്നു; ആശങ്കയോടെ ആരോഗ്യമേഖല

Cancer rates rising among young people; health sector concerned

പ്രധാനമായും പ്രായമായവരെ മാത്രം ബാധിച്ചിരുന്ന അർബുദം ഇന്ന് യുവതലമുറയിലും വർദ്ധിച്ചുവരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. 20, 30, 40 വയസ്സുകളിലുള്ള ചെറുപ്പക്കാരിൽ കാൻസർ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്.

ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളും അനാരോഗ്യകരമായ ഭക്ഷണക്രമവും യുവജനങ്ങളിൽ ഈ രോഗം വർധിക്കാൻ പ്രധാന കാരണങ്ങളായാണ് വിലയിരുത്തപ്പെടുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് രോഗം നേരത്തെ കണ്ടെത്താൻ സാധിക്കുന്നുണ്ടെങ്കിലും, ചെറുപ്പക്കാരെ ബാധിക്കുന്നത് ആരോഗ്യമേഖലയ്ക്കും സമൂഹത്തിനും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. കൃത്യമായ ആരോഗ്യ പരിശോധനകളും ആരോഗ്യകരമായ ശീലങ്ങളും സ്വീകരിക്കുന്നത് വഴി രോഗസാധ്യത ഒരു പരിധി വരെ പ്രതിരോധിക്കാൻ സാധിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

 1. വൻകുടൽ അർബുദം (കോളോറെക്ടൽ കാൻസർ)

മാറിയ ഭക്ഷണരീതികളും വ്യായാമക്കുറവും കാരണം ചെറുപ്പക്കാരിൽ ഏറ്റവും വേഗത്തിൽ വർദ്ധിച്ചുവരുന്ന അർബുദമാണിത്. വയറ്റിലെ തുടർച്ചയായ അസ്വസ്ഥതകളും മലത്തിലുണ്ടാകുന്ന മാറ്റങ്ങളും സമയത്തിന് തിരിച്ചറിയാത്തതാണ് പലപ്പോഴും രോഗനിർണ്ണയം വൈകിപ്പിക്കുന്നത്.

2. സ്തനാർബുദം (ബ്രെസ്റ്റ് കാൻസർ)

ചെറുപ്പക്കാരായ സ്ത്രീകളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന അർബുദമാണിത്. സ്തന കോശങ്ങളിലെ അസാധാരണ വളർച്ച മൂലം ഉണ്ടാകുന്ന ഈ രോഗം സ്വയം പരിശോധനയിലൂടെയും പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞും കൃത്യസമയത്ത് ചികിത്സിച്ചു ഭേദമാക്കാം.


3. തൈറോയ്ഡ് കാൻസർ

കഴുത്തിന്റെ മുൻഭാഗത്തുള്ള തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന ഈ രോഗം ചെറുപ്പക്കാരായ സ്ത്രീകളിലാണ് കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. കഴുത്തിലെ വേദനയില്ലാത്ത മുഴകൾ, വീക്കം, അടിക്കടിയുണ്ടാകുന്ന ശബ്ദമാറ്റം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

4. ദഹനവ്യവസ്ഥയെ ബാധിക്കുന്ന കാൻസറുകൾ (ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനൽ കാൻസർ)

ആമാശയത്തെ ബാധിക്കുന്ന അർബുദങ്ങൾക്ക് പ്രധാന കാരണം ജങ്ക് ഫുഡ്, മദ്യപാനം, പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങൾ എന്നിവയാണ്. വിട്ടുമാറാത്ത ദഹനക്കേട്, വയറെരിച്ചിൽ, വിശപ്പില്ലായ്മ എന്നിവ ഇതിന്റെ പ്രാഥമിക സൂചനകളാകാം.

5. ഗർഭാശയമുഖ കാൻസർ (സെർവിക്കൽ കാൻസർ)

സ്ത്രീകളുടെ പ്രത്യുൽപാദന വ്യവസ്ഥയെ ബാധിക്കുന്ന ഈ കാൻസറിന് പ്രധാന കാരണം എച്ച്.പി.വി വൈറസ് ബാധയാണ്. കൃത്യമായ എച്ച്.പി.വി വാക്സിനേഷനിലൂടെയും പാപ് സ്മിയർ പോലുള്ള പതിവ് സ്ക്രീനിംഗ് പരിശോധനകളിലൂടെയും ഇത് ഒരുപരിധി വരെ പ്രതിരോധിക്കാൻ സാധിക്കും.

6.അണ്ഡാശയ കാൻസർ (ഒവേറിയൻ കാൻസർ)

സ്ത്രീകളുടെ പ്രത്യുൽപാദന വ്യവസ്ഥയിലെ അണ്ഡാശയങ്ങളെ ബാധിക്കുന്ന അർബുദമാണിത്. എച്ച്.പി.വി വൈറസുമായി ഇതിന് നേരിട്ട് ബന്ധമില്ലെങ്കിലും പതിവ് വൈദ്യപരിശോധനകളിലൂടെയും ലക്ഷണങ്ങൾ (വയറുവീർക്കൽ, അടിവയറ്റിലെ വേദന തുടങ്ങിയവ) നേരത്തെ തിരിച്ചറിയുന്നതിലൂടെയും ഇത് കൃത്യസമയത്ത് കണ്ടെത്തി ചികിത്സിക്കാൻ സാധിക്കും.


 

Tags